ചാത്തന്നൂര്‍: വിദ്യാഭ്യാസം വിദ്യാര്‍ത്ഥികള്‍ക്ക് ഭാരമാകാതെ രക്ഷകര്‍ത്താക്കളും ശ്രദ്ധിക്കണമെന്നും ഒന്നാം ക്ലാസിലെത്തുന്ന കുട്ടിയെ പോലും മൂന്നു’ഭാഷകള്‍ പഠിക്കാന്‍ അടിച്ചേല്‍പ്പിച്ച് മാനസികസമ്മര്‍ദ്ദത്തിലാക്കുന്ന വിദ്യാഭ്യാസ സമ്പ്രദായമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നതെന്നും അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടി പറഞ്ഞു. പാരിപ്പള്ളി അമൃത ഹയര്‍സെക്കന്ററി സ്‌കൂളിലെ അമൃത കലോത്സവത്തിന്റെ ഭാഗമായി നടന്ന സാംസ്‌കാരികസമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അവര്‍. സമ്മേളനത്തില്‍ സ്‌കൂള്‍ മാനേജര്‍ തുരിയാമൃതാനന്ദപുരി സ്വാമി അദ്ധ്യക്ഷത വഹിച്ചു. സംസ്‌കൃത സമാരാധനയുടെ ഉദ്ഘാടനം നിര്‍വഹിച്ച ഡോ.ഇ.എന്‍. ഈശ്വരന്‍ സംസ്‌കൃതഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. പ്രശസ്തകവിയും ഗാനരചയിതാവുമായ ചുനക്കര രാമന്‍കുട്ടി മുഖ്യപ്രഭാഷണം നടത്തി. യോഗത്തില്‍ സ്‌കൂള്‍ എച്ച്എം സി.വി.സുമം സ്വാഗതം പറഞ്ഞു.
















