കൊച്ചി: എന്‍സിസി കേഡറ്റുകളുടെ സ്വച്ഛഭാരത് യാത്ര അശ്വാഭ്യാസ പ്രകടനത്തിലൂടെ കൊച്ചി നേവല്‍ ബേസില്‍ സമാപിച്ചു. സെപ്തംബര്‍ 26 ന് എട്ട് കുതിരകളും, 20 കേഡറ്റുകളേയും ഉള്‍പ്പെടുത്തികൊണ്ട് മണ്ണൂത്തിയില്‍ നിന്ന് എന്‍സിസി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സി.പി. സിംങ് ഫ്‌ളാഗ് ഓഫ് ചെയ്ത യാത്രയാണ് തൃശൂര്‍ ജില്ലയിലെ ചേര്‍പ്പ്, കഴിമ്പ്രം, ഏറിയാട്, ചെറായി എന്നീ പഞ്ചായത്തുകളില്‍ സമ്പൂര്‍ണ്ണ ശുചിത്വ മിഷനുമായി ചേര്‍ന്ന് 92 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് സ്വച്ഛഭാരത് പ്രചരണം നടത്തിയ ശേഷം സമാപിച്ചത്.
സമാപന സമ്മേളനത്തില്‍ റിയര്‍ അഡ്മിറല്‍ എസ്.കെ ഗ്രവല്‍ , വിഎസ്എം, ഫ്‌ളാഗ് ഓഫീസര്‍ സീ ട്രയനിംഗ് സല്യൂട്ട് സ്വീകരിച്ചു. യാത്രക്ക് തൃശൂര്‍ ജില്ലയില്‍ നല്ലസ്വീകരണമാണ് ലഭിച്ചതെന്ന് സംഘാടകര്‍ അറിയിച്ചു. വിദ്യാര്‍ത്ഥികളില്‍ സാമൂഹ്യ പ്രതിബദ്ധത വളര്‍ത്തുക എന്ന ഉദ്ദേശത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. കേരളത്തില്‍ റിമൗണ്ട് വെറ്റിനറി സ്‌ക്വാഡ്രന്‍ എന്‍സിസി, മണ്ണൂത്തി -കേരളത്തിലെ എക അശ്വാരൂഡ എന്‍സിസി യൂണിറ്റാണ്. ഈ യൂണിറ്റിന്റെ കീഴില്‍ പത്തുകുതിരകള്‍ ഉണ്ട്. കേഡറ്റുകള്‍ക്ക് കുതിര സവാരിയില്‍ പ്രത്യേക പരിശീലനം നല്‍കുന്നതിവിടെ നിന്നാണ്. ഈ കേഡറ്റുകള്‍ റിപ്പബ്‌ളിക്ക് പരിപാടിയില്‍ പങ്കെടുക്കാറുണ്ട്.
















