വാഷിങ്ടണ്‍: അഞ്ചുദിവസത്തെ യു.എസ് സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലേക്ക് മടങ്ങി. വിവിധ മേഖലകളില്‍ യു.എസുമായി ബന്ധങ്ങളുണ്ടാക്കാന്‍ തന്റെ യു.എസ് സന്ദര്‍ശനം സഹായിച്ചുവെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ആഴത്തിലുള്ളതാക്കാന്‍ സാധിച്ചെന്ന് മോദി ട്വിറ്ററിലൂടെ അറിയിച്ചു.
നിരവധി പ്രതീക്ഷകളാണ് ഓരോ പരിപാടിക്കുശേഷവും പ്രതികരണമായി ലഭിച്ചത്. ഐക്യരാഷ്‌ട്രസഭയുടെ രക്ഷാസമിതി അംഗത്വത്തിനായി ലോകനേതാക്കളുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ യു.എന്‍ സമാധാന ഉച്ചകോടി സഹായിച്ചു. യു.എസില്‍ ലഭിച്ച ഊഷ്മളമായ സ്വീകരണത്തിനും അദ്ദേഹം ട്വിറ്ററിലൂടെ നന്ദി പറഞ്ഞു.
സെപ്റ്റംബര്‍ 23ന് ആണ് യുഎന്‍ സമ്മേളനത്തിനായി മോദി ന്യൂയോര്‍ക്കിലെത്തിയത്. സന്ദര്‍ശനത്തില്‍ നിരവധി ലോക നേതാക്കളുമായി മോദി കൂടിക്കാഴ്ച നടത്തിയിരുന്നു.
ലോകത്തിന്റെ ഐടി തലസ്ഥാനമായ സിലിക്കണ്‍വാലി സന്ദര്‍ശിച്ച മോദി ഫെയ്‌സ്ബുക്ക്, ഗൂഗിള്‍ തുടങ്ങിയ സ്ഥാപനങ്ങളിലും സന്ദര്‍ശനം നടത്തിയിരുന്നു.
















