ടെൽ അവീവ് : ‘ഫ്ലൈദുബായ്’ വിമാനത്തിനുനേരെയുണ്ടായ ആക്രമണത്തെത്തുടർന്ന് ദുബായിൽ കുടുങ്ങിയ ഇസ്രായേലി യാത്രക്കാരെ തിരിച്ചെത്തിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ‘ഷിൻ ബെറ്റ്’ ഏജന്റുമാർ ദുബായിലെത്തി. ഇസ്രായേലിലെ ടെൽ അവീവിലേക്ക് പറന്ന ഫ്‌ളൈ ദുബായ് വിമാനത്തിൽ വച്ച് സഹപൈലറ്റ് ക്യാപ്റ്റനെ കുത്തിപ്പരിക്കേൽപ്പിക്കുകയും വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണിത്.
മടക്കയാത്രാ വിമാന സർവീസുകൾക്ക് മുന്നോടിയായുള്ള സുരക്ഷാ ക്രമീകരണങ്ങൾ ഷിൻ ബെറ്റ് പ്രതിനിധികൾ കൈകാര്യം ചെയ്യും. ഇസ്രായേലിതര വിമാനക്കമ്പനികളിൽ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നതും എന്നാൽ ഇപ്പോൾ നാട്ടിലേക്ക് മടങ്ങാൻ മാർഗമില്ലാത്തതുമായ യാത്രക്കാരെ തിരിച്ചെത്തിക്കുന്നതിനായി ഇസ്രായേൽ നേരിട്ടാണ് ഈ വിമാന സർവീസുകൾ നടത്തുന്നത്.സാധാരണയായി ദുബായ്-ടെൽ അവീവ് റൂട്ടിൽ ദിവസവും 10 വിമാനങ്ങൾ വരെ സർവീസ് നടത്തുന്ന ഫ്ലൈദുബായ്, ‘ഫ്ലൈറ്റ് 1073’-ൽ ഇന്നലെ നടന്ന ആക്രമണത്തെക്കുറിച്ച് അന്വേഷിക്കുന്നതിനിടെ ഇസ്രായേലിലേക്കുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു.
ഒമാൻ പൗരനായ പൈലറ്റാണ് വിമാനത്തിൽ ആക്രമണം നടത്തിയത്. സംഭവം ഭീകരാക്രമണ സാധ്യത മുന്നിൽക്കണ്ട് ഇസ്രായേൽ അധികൃതർ അന്വേഷിച്ചുവരികയാണ്. അക്രമിയായ ഒമാൻ സ്വദേശിയായ സഹപൈലറ്റിനെ സൗദി അധികൃതർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എട്ട് മാസം മുമ്പ് ഫ്‌ളൈ ദുബായിൽ ചേർന്ന ഇയാൾ കൂടുതൽ സമയവും പ്രാർഥനയിലാണുണ്ടാകാറെന്നും സ്ത്രീകളുമായി കൈകൊടുക്കാൻ പോലും വിസമ്മതിച്ചിരുന്നുവെന്നുമാണ് സഹപ്രവർത്തകർ പറയുന്നത്.
ഒരു വിമാന കമ്പനിയിലെ സാധാരണ അന്തരീക്ഷത്തിന് ചേരാത്ത വിധമായിരുന്നു ഇയാളുടെ പെരുമാറ്റങ്ങളെന്നും മത തീവ്രവാദിയെപ്പോലെയാണ് പെരുമാറിയിരുന്നതെന്നും സഹപ്രവർത്തകൻ വിശേഷിപ്പിച്ചു.
















