കൊല്ലം: നവോത്ഥാന നായകന്‍മാരുടെ സ്മരണ നിലനില്‍ക്കുന്ന കൊല്ലത്തിന്റെ മണ്ണില്‍ പുതിയൊരു രാഷ്‌ട്രീയ നവോത്ഥാനത്തിന് തുടക്കം കുറിച്ച് ജനസാഗരം. ബിജെപി ജില്ലാഘടകം സംഘടിപ്പിച്ച നവോത്ഥാനസംഗമം ജനലക്ഷങ്ങളുടെ ആവേശത്തില്‍ പീരങ്കിമൈതാനിയില്‍ നടന്നു. കടുത്ത ചൂടിനെ പോലും വകവെയ്‌ക്കാതെയാണ് പ്രവര്‍ത്തകര്‍ പരിപാടിയിലേക്ക് ഒഴുകിയെത്തിയത്. വാദ്യാഘോഷത്തിന്റെ അകമ്പടിയോടെ ചെറുപ്രകടനങ്ങളായാണ് പ്രവര്‍ത്തകര്‍ പരിപാടി സ്ഥലത്ത് എത്തിയത്. നഗരം മുഴുവന്‍ ഭാരത് മാതാ കീ ജയ് വിളികളോടെയുള്ള പ്രവര്‍ത്തകപ്രവാഹം പരിപാടി തുടങ്ങി മണിക്കൂറുകള്‍ പിന്നിട്ടപ്പോഴും നിലച്ചില്ല. പരിപാടി തുടങ്ങുന്നതിന് മണിക്കുറുകള്‍ക്ക് മുമ്പ് പന്തലിലൊരുക്കിയിരുന്ന കസേരകള്‍ പ്രവര്‍ത്തകാരാല്‍ നിറഞ്ഞിരുന്നു. കൊല്ലം, കരുനാഗപ്പള്ളി, ചാത്തന്നൂര്‍, ഇരവിപുരം, ചടയമംഗലം, കുന്നത്തൂര്‍, കുണ്ടറ, പത്തനാപുരം, കൊട്ടാരക്കര, പുനലൂര്‍ എന്നീ മണ്ഡലങ്ങളില്‍ നിന്നാണ് പ്രവര്‍ത്തകര്‍ എത്തിയത്.
















