കുന്നത്തൂര്‍: കുടിവെള്ള വിതരണം നിലച്ചതിനെ തുടര്‍ന്ന് പോരുവഴി അമ്പലത്തുംഭാഗം നരിച്ചിറ കുടിവെള്ള പദ്ധതിയുടെ പമ്പ് ഹൗസ് യുവമോര്‍ച്ച, മഹിളാ മോര്‍ച്ച എന്നീ സംഘടനകള്‍ ചേര്‍ന്ന് ഉപരോധിച്ചു.
കഴിഞ്ഞ കുറെ നാളുകളായി ഇവിടുത്തെ കുടിവെള്ള വിതരണം താറുമാറായി കിടക്കുകയാണ്. പഞ്ചായത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് തടസ്സം കൂടാതെ വെള്ളം ലഭിക്കുമ്പോള്‍ പമ്പ് ഹൗസിന്റെ സമീപ പ്രദേശങ്ങളില്‍ ആഴ്ചയിലൊരിക്കലാണ് എത്തുന്നത്. ഇതില്‍ പ്രതിഷേധിച്ച് മാസങ്ങള്‍ക്ക് മുമ്പ് നാട്ടുകാര്‍ ഇത്തരത്തില്‍ സമരം നടത്തുകയും പമ്പ് ഹൗസ് ജീവനക്കാരനെ തടഞ്ഞു വയ്‌ക്കുകയും ചെയ്തിരുന്നു. എന്നാല്‍ അന്ന് അധികൃതര്‍ നല്‍കിയ ഉറപ്പ് ലംഘിക്കപ്പെട്ടപ്പോഴാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ രംഗത്ത് എത്തിയത്.
അരമണിക്കൂര്‍ നീണ്ട് നിന്ന സമരം ഓവര്‍സീയര്‍ എത്തി പ്രശനത്തിന് പരിഹാരം കാണാമെന്ന ഉറപ്പിന്‍മേലാണ് അവസാനിപ്പിച്ചത്. യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ആര്‍.രജ്ഞിത്ത്, അരുണ്‍, ജയേഷ്, മഹേഷ്, ബാബുപിള്ള, മഹിള മോര്‍ച്ച നേതാക്കളായ ബിന്ദു, മഞ്ജു, ലതകുമാരി, മണിയമ്മ തുടങ്ങിയവര്‍ ഉപരോധ സമരത്തിന് നേതൃത്വം നല്‍കി.
















