കൊച്ചി: ബാങ്കിങ് സേവനങ്ങള്‍ ഉപഭോക്താക്കളുടെ പടിവാതിലില്‍ എത്തിക്കുന്ന ‘ഡോര്‍ സ്റ്റെപ്പ് ബാങ്കിങ്’ എറണാകുളം ജില്ലാ സഹകരണ ബാങ്ക് നടപ്പിലാക്കുന്നു. ഇതോടൊപ്പം നവയുഗ ബാങ്കിങ് സേവനങ്ങളായ ഫോണ്‍ ബാങ്കിങ്, വോയിസ് എസ്എംഎസ് ഫെസിലിറ്റി, മിസ്ഡ് കോള്‍ എന്‍ക്വയറി, ഇന്‍സ്റ്റന്റ് മൊബൈല്‍ പേയ്‌മെന്റ്, ഇ-കൊമേഴ്‌സ് ഫെസിലിറ്റി എന്നിവയും നടപ്പാക്കുന്നുണ്ട്.
അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന ഈ പദ്ധതികള്‍ക്ക് 19 ന് നടന്ന ബാങ്കിന്റെ പൊതുയോഗം അംഗീകാരം നല്‍കി. പ്രവര്‍ത്തനം വിപുലമാക്കുന്നതിനായി നിലവില്‍ ബാങ്കിന് ശാഖകള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ ബിസിനസ്സ് കറസ്‌പോണ്ടന്റുകളെ നിയോഗിക്കുവാനും ഗ്രാമീണ മേഖലയില്‍ കൂടുതല്‍ എടിഎം സ്ഥാപിക്കുവാനും എല്ലാ പഞ്ചായത്തുകളിലും ശാഖകള്‍ ആരംഭിക്കുവാനും ഉദ്ദേശിക്കുന്നുണ്ട്.
കേരളത്തിന്റെ സ്വപ്ന പദ്ധതിയും ജില്ലയുടെ വികസനത്തിന്റെ നാഴികക്കല്ലുമായ കൊച്ചി മെട്രോയ്‌ക്ക് നല്‍കി അത്ഭുതം സൃഷ്ടിച്ച എറണാകുളം ജില്ലാ സഹകരണ ബാങ്ക്, കൊച്ചി ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിന് 450 കോടി രൂപ വായ്‌പ നല്‍കാനും സര്‍ക്കാരുമായി ധാരണയായിട്ടുണ്ട്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കിന് 5796.62 കോടി രൂപ നിക്ഷേപവും 3306.74 കോടി രൂപ അഡ്വാന്‍സും 9103.36 കോടി രൂപ ബിസിനസ്സും 5.97 കോടി രൂപ ലാഭവുമുണ്ട്.
















