കൊട്ടാരക്കര: കേരളാകോണ്‍ഗ്രസ് ബി അംഗമായ അഡ്വ.ബ്രിജേഷ് എബ്രഹാം ജില്ലാ പഞ്ചായത്തു മെമ്പര്‍ സ്ഥാനം രാജിവച്ചു. കേരളാ കോണ്‍ഗ്രസ് ബി വിട്ട് കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന പശ്ചാത്തലത്തിലാണ് രാജിയെന്ന് അദ്ദേഗം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 25 വര്‍ഷം കേരളാ കോണ്‍ഗ്രസ് ബിയില്‍ വിവിധ പദവികളില്‍ പ്രവര്‍ത്തിച്ച താന്‍ ജില്ലാ പഞ്ചായത്ത് അംഗമായത് യുഡിഎഫ് പ്രതിനിധിയായിട്ടാണ്. ആര്‍.ബാലകൃഷ്ണപിള്ള എല്‍ഡിഎഫുമായി യോജിച്ച് പോകാന്‍ തീരുമാനിച്ച പശ്ചാത്തലത്തില്‍ യുഡിഎഫുകാര്‍ വിജയിപ്പിച്ച തനിക്കും സഹപ്രവര്‍ത്തകര്‍ക്കും എല്‍ഡിഎഫിനോടൊപ്പം പോകാന്‍ കഴിയില്ല. അതിനാലാണ് കോണ്‍ഗ്രസില്‍ ചേരുന്നത്. 22 ന് പത്തനാപുരത്ത് നടക്കുന്ന ലയനസമ്മേളനത്തില്‍ കെ.പി.സി.സി. പ്രസിഡന്റും, മുഖ്യമന്ത്രിയും തനിക്കും സഹപ്രവര്‍ത്തകര്‍ക്കും കോണ്‍ഗ്രസ്സിന്റെ മെമ്പര്‍ഷിപ്പ് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
















