കോഴിക്കോട്: സമഗ്രഗ്രാമവികസന ലക്ഷ്യവുമായി കേന്ദ്രത്തിലെ നരേന്ദ്രമോദി സര്‍ക്കാര്‍ ആരംഭിച്ച മാതൃകാഗ്രാമം പദ്ധതിയായ സാന്‍സദ് ആദര്‍ശ് ഗ്രാമയോജന രണ്ടാംഘട്ടത്തിലേക്ക്. കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് ഉണ്ണികുളം ഗ്രാമപഞ്ചായത്തിനെയാണ് പദ്ധതിയ്‌ക്കായി തെരഞ്ഞെടുത്തത്. പ്രൊജക്ടിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തില്‍ പൂര്‍ത്തിയായതായി എം.കെ. രാഘവന്‍ എംപി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പുതുതായി നടപ്പിലാക്കേണ്ട പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിച്ച് വികസന രേഖ തയാറാക്കിയിട്ടുണ്ട്. പദ്ധതികള്‍ പ്രാവര്‍ത്തിക മാക്കുന്ന തിനായി കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകളുമായി ബന്ധപ്പെട്ട് മുന്നോട്ടുപോകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനപങ്കാളിത്വത്തിലധിഷ്ഠിതമായ ആസൂത്രങ്ങള്‍ക്ക് ശേഷമാണ് സാന്‍സദ് ആദര്‍ശ് ഗ്രാമയോജനയുടെ വില്ലേജ് ഡെവലപ്‌മെന്റ് പ്ലാനില്‍ ഉള്‍പ്പെടുത്തേണ്ട നിര്‍ദ്ദേശങ്ങള്‍ സ്വരൂപിച്ചത്. അയല്‍സഭകള്‍, വാര്‍ഡ് വികസന സമിതികള്‍, ഗ്രാമസഭകള്‍, ജീവിതസാഹചര്യ വിലയിരുത്തല്‍, പ്രത്യേക പരിഗണനയര്‍ഹിക്കുന്നവരുടെ ഗ്രാമസഭ, വിവിധ ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചകള്‍, കുടുംബശ്രീ, ഭരണസമിതി യോഗങ്ങള്‍ തുടങ്ങി സൂക്ഷ്മതല പങ്കാളിത്ത ആസൂത്രണരീതി ശാസ്ത്രമാണ് ഇതിനായി അവലംബിച്ചത്. ഇവയിലൂടെ ഉരുത്തിരിഞ്ഞ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയ വില്ലേജ് ഡെവലളപ്‌മെന്റ് പ്ലാന്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിച്ചു. ഈമാസം 30നകം ജില്ലാതല നടപടികള്‍ പൂര്‍ത്തിയാക്കി രണ്ടാംഘട്ടം പ്രവൃത്തി പഥത്തിലേക്ക് പ്രവേശിക്കും.
ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ ശുചിത്വപദ്ധതികള്‍, ആധുനിക വിദ്യാഭ്യാസം ലഭ്യമാക്കല്‍, ആധുനിക ചികിത്സാ സംവിധാനം ഒരുക്കല്‍, വായനാശാല ആധുനിക സൗകര്യങ്ങളോടെ വിപുലപ്പെടുത്തല്‍, കൃഷി, ജലസേചന പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കല്‍, മൃഗസംരക്ഷണം, ക്ഷീരവികസനം, പാരിസ്ഥിതിക വികസനം, മഴവെള്ളസംഭരണത്തിനാവശ്യമായ കാര്യങ്ങള്‍, റോഡ് വികസനം തുടങ്ങി പ്രദേശത്തിന്റെ സമഗ്രവികസനമാണ് വികസന രേഖ മുന്നോട്ട് വെക്കുന്നത്.
വികസനരേഖയുടെ പ്രകാശനം നാളെ രാവിലെ 11മണിക്ക് ഉണ്ണികുളം പഞ്ചായത്ത് ഓഫീസിനു സമീപം ഗ്രാമവികസന വകുപ്പ് മന്ത്രി കെ.സി. ജോസഫ് നിര്‍വ്വഹിക്കും. പുരുഷന്‍ കടലുണ്ടി എംഎല്‍എ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തും. എം.കെ. രാഘവന്‍ എംപി, ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല, കില ഡയറക്ടര്‍ ഡോ.പി.പി ബാലന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഷൈനി, കില പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ യു.വി. ബാബുരാജ്, പ്രൊജക്ട് ഡയറക്ടര്‍ അബ്ദുല്‍അസീസ്, എഡിസി വി.കെ. ദിലീപ്, ഗ്രാമപഞ്ചായത്തംഗം ശ്രീധരന്‍ മലയില്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
















