കൊച്ചി: മണ്ഡല തീര്‍ത്ഥാടനം അടുത്തിരിക്കെ ശബരിമല വിഷയത്തില്‍ ദേവസ്വം ബോര്‍ഡും ദേവസ്വം മന്ത്രിയും തമ്മിലുള്ള ശീതസമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷന്‍ ആര്‍.വി. ബാബു. ഇവര്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ തീര്‍ത്ഥാടനത്തെ ദോഷകരമായി ബാധിക്കുമെന്ന് ഭക്തജനങ്ങള്‍ക്ക് ആശങ്കയുണ്ട്. തീര്‍ത്ഥാടന കാലം സുഗമമായി നടത്താന്‍ വേണ്ട തയാറെടുപ്പുകള്‍ക്ക് നാളിതുവരെ തുടക്കമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അരവണ പ്ലാന്റിന്റെ പ്രവര്‍ത്തനം ഈ സമയം വരെ സജ്ജമായിട്ടില്ല. അരവണ ടിന്നുകള്‍ക്കും അതിനാവശ്യമായ ഫ്ളിപ്പ് ലിഡുകള്‍ക്കും കരാര്‍ നല്‍കിയിട്ടില്ല. ജൂലൈ മാസത്തില്‍ ഫ്‌ളിപ്പ് ലിഡുകള്‍ വിദേശത്ത് നിന്ന് വരാന്‍ കാലതാമസം എടുക്കുമെന്നിരിക്കേ കഴിഞ്ഞ ജൂണില്‍ പൂര്‍ത്തിയാക്കേണ്ട കരാര്‍ നടപടികളാണ് ഇതുവരെ പ്രാരംഭ നടപടികള്‍ പോലും തുടങ്ങാതിരിക്കുന്നത്. കന്നിമാസ പൂജക്കെത്തിയ ഭക്തര്‍ക്ക് ആവശ്യമായ അരവണ നല്‍കാന്‍ ദേവസ്വം ബോര്‍ഡിന് കഴിഞ്ഞില്ല. ഉണ്ണിയപ്പം നിര്‍മാണത്തിനാവശ്യമായ കരാര്‍ ലഭ്യമാക്കാത്തതിനാല്‍ അതിന്റെ ലഭ്യതയും പ്രതിസന്ധിയിലാണെന്നറിയുന്നു. ഈ സീസണ്‍ കാലത്ത് ആവശ്യമായ 50 ലക്ഷം ടണ്‍ ശര്‍ക്കരയുടെ കരാറും വൈകുകയാണ്. അരവണ, ഉണ്ണിയപ്പം എന്നിവക്കാവശ്യമായ ഏലയ്‌ക്ക, ജീരകം, ചുക്കുപൊടി എന്നിവയുടെ കരാറും പൂര്‍ത്തിയായിട്ടില്ല. ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ബന്ധപ്പെട്ട വകുപ്പുകളുടെ അനാസ്ഥ തുടരുകയാണെന്നും ആര്‍.വി. ബാബു ചൂണ്ടിക്കാട്ടി.
ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം ശബരിമല സ്‌പെഷല്‍ കമ്മിഷണര്‍ പ്രശ്ന പരിഹാരത്തിനായി സ്വീകരിക്കുന്ന നടപടികള്‍ക്ക് ദേവസ്വം ബോര്‍ഡും സര്‍ക്കാരും ആവശ്യമായ പിന്തുണ നല്‍കുന്നില്ല. നിലയ്‌ക്കല്‍ – പമ്പ യാത്രാക്ലേശം പരിഹരിക്കാന്‍ സര്‍ക്കാരിനാവുന്നില്ല. കോടികള്‍ സര്‍ക്കാരിന് വരുമാനമുണ്ടാകുമ്പോള്‍ നിലയ്‌ക്കല്‍-പമ്പ യാത്ര സൗജന്യമാക്കണമെന്ന ആവശ്യത്തോട് സര്‍ക്കാര്‍ മുഖംതിരിക്കുകയാണ്. സര്‍ക്കാരിനത് കഴിയില്ലെങ്കില്‍ അതിന് തയാറായ ഹിന്ദു സംഘടനകളുടെ സഹായം തേടാന്‍ സര്‍ക്കാര്‍ തയാറാവണം എന്നും പറഞ്ഞു. സന്നിധാനത്ത് അയ്യപ്പന്മാര്‍ക്ക് അന്നദാനം നല്‍കുന്നതില്‍ നിന്ന് ഭക്തജന സംഘടനകളെ ഒഴിവാക്കിയത് ദേവസ്വം ബോര്‍ഡിന്റെ നിക്ഷിപ്ത താത്പര്യം സംരക്ഷിക്കാനാണ്.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ അവലോകന യോഗം നടന്നെങ്കിലും തുടര്‍ നടപടികള്‍ ആരംഭിച്ചിട്ടില്ല. വകുപ്പ്തല ഏകോപനം നടക്കാത്തതിനാല്‍ കുടിവെള്ളം, ശുചിമുറി, ഗതാഗതം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനും നാളിതുവരെ കഴിഞ്ഞിട്ടില്ല. ദേവസ്വം ബോര്‍ഡ് ഭരണം കുത്തഴിഞ്ഞ അവസ്ഥയിലാണ്. അഴിമതിയും കെടുകാര്യസ്ഥതയും ദേവസ്വം ബോര്‍ഡില്‍ തുടര്‍ക്കഥയാവുകയാണെന്നും ആര്‍.വി. ബാബു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
















