നഗോയ: ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് റേഞ്ചില്‍ ഭാരതത്തിന്റെ മെഡല്‍ കുതിപ്പ് തുടരുന്നു. മിക്‌സ്ഡ് സ്‌കീറ്റ് ടീം ഇനത്തില്‍ ഭാരതത്തിന്റെ അനന്ത് ജീത് സിങ് നരൂക പരിനാസ് ധലിവാള്‍ സഖ്യം വെങ്കല മെഡല്‍ സ്വന്തമാക്കി. ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ മിക്‌സ്ഡ് സ്‌കീറ്റ് വിഭാഗത്തില്‍ ഭാരതം നേടുന്ന ആദ്യ മെഡലാണിത്. ക്വാളിഫിക്കേഷന്‍ റൗണ്ടില്‍ 150ല്‍ 138 പോയിന്റോടെ നാലാം സ്ഥാനക്കാരായാണ് ഭാരത സഖ്യം ഫൈനലിലേക്ക് യോഗ്യത നേടിയത്. നാല് ടീമുകള്‍ മാറ്റുരച്ച കലാശപ്പോരാട്ടത്തില്‍ മികച്ച പ്രകടനമാണ് അനന്തും പരിനാസും പുറത്തെടുത്തത്.
ഫൈനലിലെ ആറ് സീരീസുകളില്‍ നിന്നായി 44 ഹിറ്റുകള്‍ ലക്ഷ്യത്തിലെത്തിച്ച ഭാരത സഖ്യം കൊറിയയോട് ഒപ്പത്തിനൊപ്പം എത്തി. എന്നാല്‍ ക്വാളിഫിക്കേഷന്‍ റൗണ്ടിലെ മികച്ച റാങ്കിങ്ങിന്റെ അടിസ്ഥാനത്തില്‍ ദക്ഷിണ കൊറിയ സ്വര്‍ണ്ണ മെഡല്‍ പോരാട്ടത്തിലേക്ക് യോഗ്യത നേടിയപ്പോള്‍, ഭാരതത്തിന് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. മത്സരത്തില്‍ 52 പോയിന്റോടെ ലോക റെക്കോര്‍ഡോടെ ചൈന സ്വര്‍ണ്ണവും, 51 പോയിന്റോടെ ദക്ഷിണ കൊറിയ വെള്ളിയും നേടി.
വ്യക്തിഗത നേട്ടത്തില്‍ ഇരട്ടി തിളക്കം
ഈ വെങ്കല നേട്ടത്തോടെ അനന്ത് ജീതിനും പരിനാസിനും ഈ ഏഷ്യന്‍ ഗെയിംസില്‍ ഇത് രണ്ടാം മെഡലായി. പുരുഷന്മാരുടെ സ്‌കീറ്റ് ടീം ഇനത്തില്‍ ഭാരതത്തിന് വെങ്കലം നേടികൊടുക്കുന്നതില്‍ അനന്ത് ജീത് നിര്‍ണ്ണായക പങ്കുവഹിച്ചിരുന്നു. വനിതകളുടെ സ്‌കീറ്റ് ടീം ഇനത്തില്‍ ചരിത്രത്തിലദ്യമായി ഭാരതത്തിന് വെങ്കലം സമ്മാനിച്ച ടീമില്‍ പരിനാസ് ധലിവാളും അംഗമായിരുന്നു. വെങ്കല നേട്ടത്തോടെ ഈ ഏഷ്യന്‍ ഗെയിംസിലെ ഷൂട്ടിങ്ങില്‍ ഭാരതത്തിന്റെ ആകെ മെഡല്‍ നേട്ടം 8 ആയി (4 വെള്ളിയും 4 വെങ്കലവും). കായിക ഭാരതത്തിന് ഏറെ പ്രതീക്ഷ നല്‍കുന്ന പ്രകടനമാണ് ഷൂട്ടിങ് താരം ഓരോ മത്സരത്തിലും കാഴ്ചവെക്കുന്നത്.
















