നഗോയ: ഏഷ്യന്‍ ഗെയിംസ് പുരുഷ, വനിതാ കബഡിയില്‍ ഭാരതത്തിന് മെഡല്‍ ഉറപ്പായി. രണ്ട് വിഭാഗത്തിലും ഗ്രൂപ്പ് ജേതാക്കളായി സെമി ബെര്‍ത്ത് ഉറപ്പിച്ചതോടെയാണ് മെഡല്‍ ഉറപ്പിച്ചത്. ഇന്ന് നടക്കുന്ന സെമിയില്‍ ഇരു ടീമുകളും പരാജയപ്പെട്ടാല്‍ പോലും സെമിയില്‍ മത്സരിക്കുന്ന ടീമുകള്‍ക്ക് മെഡല്‍ ഉറപ്പാണ്. വിജയിച്ച് ഫൈനലിലെത്തിയാല്‍ വെള്ളി ഉറപ്പിക്കാം. ഫൈനല്‍ ജയിച്ചാല്‍ സ്വര്‍ണമാകും.
പുരുഷ കബഡിയില്‍ ഇന്നലെ നടന്ന ഗ്രൂപ്പ് എയിലെ പോരാട്ടത്തില്‍ ചൈനീസ് തായ്‌പേയിയെ 37-21നാണ് ഭാരതം പരാജയപ്പെടുത്തിയത്. കളിച്ച നാല് മത്സരങ്ങളും ജയിച്ച് അജയ്യരായാണ് പുരുഷ ടീം സെമി ബെര്‍ത്ത് ഉറപ്പാക്കിയിരിക്കുന്നത്. ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായ തായ്‌ലാന്‍ഡുമായായിരിക്കും ഭാരതം ഇന്ന് സെമി കളിക്കുക. രാവിലെ 10.45നാണ് മത്സരം.
ഭാരത വനിതാ കബഡി ടീമിന്റെ സെമി പോരാട്ടം ഇന്ന് രാവിലെ 9.30നാണ്. പ്രാഥമിക റൗണ്ടില്‍ ഗ്രൂപ്പ് എയിലായിരുന്ന ഭാരതം ഇന്നലെ നടന്ന അവസാന മത്സരത്തില്‍ ആതിഥേയരായ ജപ്പാനെ 50-25ന് മലര്‍ത്തിയടിച്ചു. ഈ വിജയം കൂടിയായതോടെയാണ് ഗ്രൂപ്പ് എയില്‍ ഇറാനെ മറികടന്ന് ജേതാക്കളായി സെമിയിലേക്ക് മുന്നേറിയത്.
സെമിയില്‍ ഭാരതം ഇന്ന് നേരിടുന്നത് ഗ്രൂപ്പ് ബിയില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായെത്തിയ നേപ്പാളിനെയാണ്. ചൈനീസ് തായ്‌പേയി ആണ് ഗ്രൂപ്പ് ബിയിലെ ജേതാക്കള്‍.
















