കണ്ണൂര്‍: ആദ്യ രണ്ട് സീസണുകള്‍ കൊണ്ട് ആരാധകപ്രീതി സ്വന്തമാക്കിയ സൂപ്പര്‍ ലീഗ് കേരളയുടെ മൂന്നാം സീസണിന് ഇന്ന് കൊടിയേറ്റം. കഴിഞ്ഞ സീസണ്‍ ഫൈനലിന്റെ തനിയാവര്‍ത്തനമായ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ കണ്ണൂര്‍ വാരിയേഴ്സ് എഫ്സി റണ്ണേഴ്സായ തൃശൂര്‍ മാജിക് എഫ്സിയുമായി കൊമ്പുകോര്‍ക്കും. രാത്രി 8 മണിക്കാണ് കിക്കോഫ്. കഴിഞ്ഞ സീസണിന്റെ കലാശപ്പോരാട്ടത്തില്‍ 1-0ന് പരാജയപ്പെട്ട് കിരീടം നഷ്ടമായതിന്റെ കണക്കുതീര്‍ക്കാനുറച്ച് തൃശൂരും ആധിപത്യം ഉറപ്പിക്കാന്‍ വാരിയേഴ്സും ഇറങ്ങുമ്പോള്‍ ആരാധകര്‍ക്ക മികച്ച ഒരു മത്സരം പ്രതീക്ഷിക്കാം.
പുതിയ പരിശീലകര്‍
പുതിയ പരിശീലകരും താരങ്ങളുമായാണ് ഇരു ടീമുകളും ഇന്നത്തെ ഉദ്ഘാടന മത്സരത്തിനിറങ്ങുന്നത്. കഴിഞ്ഞ സീസണില്‍ തൃശൂര്‍ മാജിക് എഫ്സിയെ ഫൈനലിലെത്തിച്ച തന്ത്രങ്ങളൊരുക്കിയ ആന്ദ്രെ ചെര്‍ണിഷോവാണ് ഇത്തവണ വാരിയേഴ്സിനായി തന്ത്രങ്ങള്‍ മെനയുന്നത്. സഹപരിശീലക സ്ഥാനത്ത് കേരള ഫുട്‌ബോള്‍ അസോസിയേഷന്റെ 2025-26 സീസണിലെ മികച്ച പരിശീലകന്‍ ഷഫീഖ് ഹസ്സന്‍ മഠത്തില്‍. തുടര്‍ച്ചയായി മൂന്നാം സീസണിലാണ് ഷഫീഖ് ഹസ്സന്‍ കണ്ണൂര്‍ വാരിയേഴ്‌സിന്റെ സഹപരിശീലക സ്ഥാനത്ത് തുടരുന്നുത്. കഴിഞ്ഞ രണ്ട് സീസണില്‍ പരിശീലകനായിരുന്ന മാനുവല്‍ സാഞ്ചസ് ക്ലബ് വിട്ടതോടെയാണ് ചെര്‍ണിഷോവിനെ മുഖ്യപരിശീലകനാക്കിയത്.
സ്പാനിഷ് തന്ത്രങ്ങളുമായി മാജിക് എഫ്സി
തൃശൂര്‍ മാജിക് എഫ്‌സിക്ക് ഇത്തണവ തന്ത്രം മെനയുന്നത് സ്പാനിഷ് പരിശീലകനായ ഡേവിഡ് കനേഡയാണ്. കഴിഞ്ഞ സീസണില്‍ പരിശീലകനായിരുന്ന ചെര്‍ണിഷോവിന് പകരക്കാരനായാണ് ഡേവിഡ് കനേഡ മുഖ്യപരിശീലകനായത്. വിവിധ യൂറോപ്യന്‍ ക്ലബ്ബുകളെ പരിശീലിപ്പിച്ചതിന്റെ അനുഭവസമ്പത്തുമായെത്തുന്ന കനേഡയുടെ അനുഭവ സമ്പത്ത് ടീമിന് കൂടുതല്‍ കരുത്താകും. ചെന്നൈ എഫ്‌സിയുടെ ഗോള്‍വല കാത്ത റെക്സ് ഗബ്രിയേല്‍ ഫെര്‍ണാണ്ടോയാണ് ഗോള്‍കീപ്പര്‍ പരിശീലകന്‍. ജോപോള്‍ അഞ്ചേരിയും ദിലീപ് മേനോനുമാണ് സഹപരിശീലകര്‍. സുശാന്ത് മാത്യുവാണ് സ്‌പോര്‍ട്ടിങ് ഡയറക്ടര്‍.
സന്തുലിത ടീമുമായി വാരിയേഴ്സ്
ആക്രമണത്തിലും പ്രതിരോധത്തിലും മികച്ച താരങ്ങളാണ് കണ്ണൂര്‍ വാരിയേഴ്‌സ് നിരയിലുള്ളത്. ഗോള്‍ പോസ്റ്റിന് മുന്നില്‍ കേരളത്തിലെ തന്നെ മികച്ച ഗോള്‍ കീപ്പറായ ഹജ്മല്‍ സക്കീര്‍, പ്രതിരോധ നിരയില്‍ സ്പാനിഷ് താരം വാരോ അല്‍വാരോയും പരിചയ സമ്പന്നനായ വികാസ് സൈനിയും സൈറുത്കീമയും മനോജും. മധ്യനിരയില്‍ കളിനിയന്ത്രിക്കാന്‍ കാമറൂണിയന്‍ താരം ക്യാപ്റ്റന്‍ ഏണസ്റ്റീന്‍ ലവ്‌സാംബയും ഉമശങ്കറും. അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍മാരായി കഴിഞ്ഞ സീസണില്‍ കണ്ണൂര്‍ വാരിയേഴ്‌സിന്റെ ടോപ് സ്‌കോറര്‍ സ്പാനിഷ് താരം അസിയര്‍ ഗോമസ്, കൂടെ കഴിഞ്ഞ സീസണിലെ എമെര്‍ജിങ് താരം മുഹമ്മദ് സിനാന്‍, എന്നിവര്‍ക്കൊപ്പം നിജോ ഗില്‍ബര്‍ട്ട്, ഫസലു റഹ്‌മാന്‍, സ്‌ട്രൈക്കര്‍മാരായി സ്പാനിഷ് താരം ജെറാര്‍ഡ് ആര്‍ട്ടിഗസ് സെര്‍ബിയന്‍ താരം ബോഗ്ദാന്‍ എന്നിവരും എത്തുമ്പോള്‍ തികച്ചും സന്തുലിതമാണ് കണ്ണൂര്‍ വാരിയേഴ്സ്.
കിരീടം ലക്ഷ്യമിട്ട് തൃശൂര്‍ മാജിക് എഫ്സി
മികച്ച താരനിരയുമായാണ് തൃശൂര്‍ മാജിക് എഫ്സി മൂന്നാം സീസണുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയത്. അനുഭവസമ്പത്തിനൊപ്പം യുവതാരങ്ങളെയും ടീമിലെത്തിച്ചു. ഗോള്‍ പോസ്റ്റിന് മുന്നില്‍ കഴിഞ്ഞ സീസണിലെ മികച്ച കീപ്പറായി തിരഞ്ഞെടുക്കപ്പെട്ട കുന്നംകുളം സ്വദേശി കമാലുദ്ദീനെ വീണ്ടും ടീമിലെത്തിച്ചു. മധ്യനിരയില്‍ കളിമെനയുക ഗോവന്‍ താരം ലെനി റോഡ്രിഗസ്. ലെനിക്കും കമാലുദ്ദീനും പുറമെ മുഹമ്മദ് ജിയാദ്, മുഹമ്മദ് അഫ്സല്‍, നവീന്‍ കൃഷ്ണ, സെന്തമിഴ് എന്നിവരെയും ക്ലബ് ഈ സീസണില്‍ നിലനിര്‍ത്തി. കഴിഞ്ഞ സീസണില്‍ ടീമിനൊപ്പമുണ്ടായിരുന്ന വിദേശ താരങ്ങളെയെല്ലാം ഒഴിവാക്കി പുതിയ വിദേശ താരങ്ങളെ മാജിക് എഫ്സി ടീമിലെത്തിച്ചു. ഹെന്‍ട്രി പ്ലാസ മെന്‍ഡോസ (വെനസ്വേല), ബ്ലാഡമിര്‍ അംഗുലോ (കൊളംബിയ), സെര്‍ജിയോ ഗില്‍ (സ്‌പെയിന്‍) എകെജിയുബ (നൈജീരിയ) എന്നിവരാണ് വിദേശതാരങ്ങള്‍. എസ് സന്ദീപ്, മോഹമ്മദ് അന്‍ഷിദ്, മോഹമ്മദ് മിധിലാജ്, സിലാജിത്ത്, പബിത്ര മണ്ടി, രഞ്ജന്‍ സോറന്‍ എന്നിവരാണ് മറ്റുപ്രധാന താരങ്ങള്‍.
വൈകിട്ട് ആറ് മുതല്‍ വിവിധ പരിപാടികള്‍
മൂന്നാം സീസണിന്റെ കിക്കോഫ് രാത്രി എട്ടിനാണെങ്കിലും വൈകിട്ട് ആറ് മുതല്‍ വര്‍ണാഭമായ വിവിധ പരിപാടികള്‍ അരങ്ങേറും. ഹാഫ് ടൈം ഷോയില്‍ പ്രശസ്ത റാപ്പര്‍ ഡബ്സീ ഉള്‍പ്പടെയുള്ളവര്‍ അണിനിരക്കും എന്ന് സൂപ്പര്‍ ലീഗ് കേരള, ഹെഡ് ഓഫ് ഓപ്പറേഷന്‍സ്, സജോ ജോസഫ് അറിയിച്ചു.
ലക്ഷ്യം കിരീടം നിലനിര്‍ത്തുക
കിരീടം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് എസ്എല്‍കെ മൂന്നാം സീസണിന് കണ്ണൂര്‍ വാരിയേഴ്സ് ഇറങ്ങുന്നതെന്ന് കണ്ണൂരിന്റെ മുഖ്യപരിശീലകന്‍ ആന്ദ്രെ ചെര്‍ണിഷോവ് പറഞ്ഞു. ഇന്ന് തൃശ്ശൂരിനെതിരെ വിജയത്തോടെ യാത്ര തുടങ്ങാമെന്ന പ്രതീക്ഷയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മധുരപ്രതികാരത്തിന്
കഴിഞ്ഞ സീസണില്‍ ഫൈനലില്‍ പൊരുതിയിട്ടും കിരീടം നേടാന്‍ കഴിയാതിരുന്ന തൃശൂര്‍ ഇന്ന് കഴിഞ്ഞ വര്‍ഷത്തെ ഫൈനല്‍ പരാജയത്തിന് പകരം വീട്ടുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ന് ഇറങ്ങുകയെന്ന് തൃശൂര്‍ മാജിക് എഫ്സി ഓപ്പറേഷന്‍ മാനേജര്‍ അസ്ലം പറഞ്ഞു. ഇന്ന് ആദ്യ മത്സരത്തില്‍ കണ്ണൂരിനെ പരാജയപ്പെടുത്തി മികച്ച വിജയമാണ് ലക്ഷ്യമിടുന്നത്.
വന്‍ മാറ്റങ്ങള്‍
കഴിഞ്ഞ രണ്ട് സീസണുകളെ അപേക്ഷിച്ച് പുതിയ മാറ്റങ്ങളോടെയാണ് സൂപ്പര്‍ ലീഗ് കേരളം സീസണ്‍ 3 വരുന്നത്. മത്സരങ്ങളുടെ ആവേശം വര്‍ധിപ്പിക്കുന്നതിനായി ലീഗ് ഘട്ടത്തില്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തുന്ന ടീമിന് സമ്മാനിക്കുന്നതിനായി ‘സുപ്പര്‍ ലീഗ് കേരള ഷീല്‍ഡ്’ എന്ന പേരില്‍ പുതിയൊരു ട്രോഫി കൂടി ഈ സീസണില്‍ അവതരിപ്പിച്ചിട്ടുണ്ട്.
മത്സരങ്ങളുടെ എണ്ണം 33-ല്‍ നിന്ന് 35 ആയി ഈ സീസണില്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഒപ്പം ഹോം ആന്റ് എവേ അടിസ്ഥാനത്തിലുള്ള രണ്ട് പാദങ്ങളായി സെമി ഫൈനലുകളും ഉള്‍പ്പെടുത്തിയിരിക്കുന്നു. ലീഗ് ഘട്ടത്തിലെ മത്സരങ്ങള്‍ 90 മിനിറ്റിനു ശേഷം സമനിലയില്‍ അവസാനിച്ചാല്‍ നേരെ പെനാല്‍റ്റി ഷൂട്ടൂട്ടിലേക്ക് കടക്കുന്ന രീതിയാണ് ഇത്തവണയുള്ളത്. പുതിയ 3-2-1 പോയിന്റ് ഘടന പ്രകാരം 90 മിനിറ്റില്‍ വിജയിക്കുന്ന ടീമിന് 3 പോയിന്റും, പെനാല്‍റ്റി ഷൂട്ടൂട്ടില്‍ വിജയിക്കുന്ന ടീമിന് 2 പോയിന്റും (തോല്‍ക്കുന്ന ടീമിന് 1 പോയിന്റ്) ലഭിക്കും. നോക്കൗട്ട് മത്സരങ്ങളില്‍ പതിവുപോലെ എക്‌സ്ട്രാ ടൈമും അതിനുശേഷം പെനാല്‍റ്റിയും ഉണ്ടായിരിക്കുമെന്നും, സൂപ്പര്‍ ലീഗ് കേരള ടെക്നിക്കല്‍ മാനേജര്‍ സുജന്‍ സുകു വ്യക്തമാക്കി.














