വി. അനന്ത നാഗേശ്വരന്‍, ശ്രുതി സിങ്
തൊഴിലാളികളെയും കരകൗശല വിദഗ്ധരെയും ആദരിക്കുന്ന വിശ്വകര്‍മ്മ ജയന്തി ദിനത്തില്‍, ഇപിഎഫ്ഒ പ്രതിമാസ വേതന പരിധി 15,000 രൂപയില്‍ നിന്ന് 25,000 രൂപയായി ഉയര്‍ത്തുന്നതിനുള്ള സുപ്രധാന തീരുമാനം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. വേതനപരിധിയിലെ ഈ 10,000 രൂപയുടെ വര്‍ധനവ് യഥാര്‍ത്ഥത്തില്‍ എന്ത് മാറ്റമാണ് സാധ്യമാക്കുന്നത്? എന്തുകൊണ്ടാണ് ഇത്തരമൊരു പരിഷ്‌കരണം ആവശ്യമായി വന്നത്? ഇത് തൊഴിലാളിയെയും തൊഴിലുടമയെയും എങ്ങനെ ബാധിക്കുന്നു? അടിസ്ഥാന തലത്തില്‍ നിന്ന് പരിശോധിക്കാം.
സാമൂഹിക സുരക്ഷയുടെ പുതിയ മാനദണ്ഡങ്ങള്‍
പുതിയ സര്‍ക്കാര്‍ തീരുമാനം വന്നതോടെ 25,000 രൂപ എന്ന നിയമപരമായ വേതനപരിധിയാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഇപിഎഫ്), എംപ്ലോയീസ് പെന്‍ഷന്‍ സ്‌കീം (ഇപിഎസ്), എംപ്ലോയീസ് ഡെപ്പോസിറ്റ്-ലിങ്ക്ഡ് ഇന്‍ഷുറന്‍സ് (ഇഡിഎല്‍ഐ) എന്നീ മൂന്ന് സാമൂഹിക സുരക്ഷാ പദ്ധതികളുടെ പരിധിയില്‍ ഉള്‍പ്പെടുന്നതിനുള്ള അടിസ്ഥാന മാനദണ്ഡമായി മാറിയിരിക്കുന്നത്. ഭാരതത്തിലെ ശമ്പള വരുമാനക്കാരുടെ സാമൂഹിക സുരക്ഷാ സംവിധാനത്തിന്റെ പ്രധാന സ്തംഭങ്ങളാണ് ഈ പദ്ധതികള്‍:
ഇപിഎഫ്: വിരമിക്കല്‍ കാലത്തേക്കും അടിയന്തര സാഹചര്യങ്ങളിലേക്കുമുള്ള സമ്പാദ്യം ഉറപ്പാക്കുന്നു.
ഇപിഎസ്: തൊഴിലുടമയുടെ വിഹിതം മുഖേന വിരമിക്കലിനു ശേഷമുള്ള പെന്‍ഷന്‍ നല്‍കുന്നു.
ഇഡിഎല്‍ഐ: തൊഴിലാളി്ക്ക് അപ്രതീക്ഷിതമായി മരണം സംഭവിച്ചാല്‍ കുടുംബത്തിനുള്ള ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നു.
വേതനം, കുറഞ്ഞ വേതനം, ജീവിതച്ചെലവ് എന്നിവയില്‍ നിരന്തരം വര്‍ധനവുണ്ടാകുന്ന സാഹചര്യത്തില്‍, 2014-ല്‍ നിശ്ചയിച്ച വേതന പരിധി അതേപടി നിലനിര്‍ത്തുന്നതിന് പകരം കാലാകാലങ്ങളില്‍ അത് പരിഷ്‌കരിക്കേണ്ടത് അത്യാവശ്യമായിരുന്നു.
അവകാശാധിഷ്ഠിത പരിരക്ഷയിലേക്ക് ഒരു ചുവടുവെയ്‌പ്
നേരത്തെയുണ്ടായിരുന്ന 15,000 രൂപ പരിധി പ്രകാരം, അതില്‍ കൂടുതല്‍ വേതനവുമായി ജോലിയില്‍ പ്രവേശിക്കുന്ന പുതിയ ജീവനക്കാര്‍ക്ക് നിര്‍ബന്ധിത ഇപിഎഫ് പരിരക്ഷ ലഭിച്ചിരുന്നില്ല. ഇപിഎസ്, ഇഡിഎല്‍ഐ ആനുകൂല്യങ്ങളില്‍ നിന്നും അവര്‍ സ്വാഭാവികമായും ഒഴിവാക്കപ്പെട്ടിരുന്നു. നിലവിലുള്ള ഒരു അംഗത്തിന്റെ വേതനം 15,000 രൂപയ്‌ക്ക് മുകളിലേക്ക് ഉയര്‍ന്നാല്‍ ഇപിഎഫ് തുടര്‍ന്നെങ്കിലും, പെന്‍ഷന്‍ കണക്കാക്കുന്നതിനുള്ള വേതനം 15,000 രൂപയായി പരിമിതപ്പെടുത്തിയിരുന്നു. ഉയര്‍ന്ന വേതനം ലഭിക്കുന്നവര്‍ക്ക് സ്വമേധയാ പരിരക്ഷ നേടാന്‍ തൊഴിലുടമയുടെ സമ്മതത്തോടെയുള്ള ‘ജോയിന്റ് ഓപ്ഷന്‍’ ആവശ്യമായിരുന്നു. എന്നാല്‍ പുതിയ മാറ്റത്തോടെ, ഈ പരിരക്ഷ വ്യക്തിഗത ചര്‍ച്ചകളെ ആശ്രയിക്കാതെ കൂടുതല്‍ ജീവനക്കാര്‍ക്ക് ലഭ്യമാവുകയും, അതൊരു അവകാശാധിഷ്ഠിത പരിരക്ഷയായി മാറുകയും ചെയ്യുന്നു.
ഈ പരിഷ്‌കരണം വഴി പുതുതായി സാമൂഹിക സുരക്ഷാ വലയത്തിലേക്ക് എത്തുന്ന 51 ലക്ഷം തൊഴിലാളികള്‍ ചെറിയൊരു സംഖ്യയല്ല. ഏറ്റവും പ്രധാനപ്പെട്ട കാര്യം, ഈ ആനുകൂല്യം ലഭിക്കുന്നതിനായി തൊഴിലാളികള്‍ പ്രത്യേകമായി അപേക്ഷിക്കുകയോ അധിക നടപടികള്‍ സ്വീകരിക്കേണ്ടതോ ഇല്ല എന്നതാണ്.
ഹൈപ്പര്‍ബോളിക് ഡിസ്‌കൗണ്ടിംഗും സമ്പാദ്യവും
ഭാവി ആസൂത്രണം ചെയ്യാനും അതിനായി തയ്യാറെടുക്കാനും മനുഷ്യര്‍ പലപ്പോഴും ബുദ്ധിമുട്ടാറുണ്ട്. ഭാവിയിലെ വലിയ നേട്ടത്തേക്കാള്‍ അപ്പപ്പോള്‍ ലഭിക്കുന്ന ചെറിയ നേട്ടങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന സ്വാഭാവിക പ്രവണതയെയാണ് ബിഹേവിയറല്‍ ഇക്കണോമിക്സ് ‘ഹൈപ്പര്‍ബോളിക് ഡിസ്‌കൗണ്ടിംഗ്’ എന്ന് വിശേഷിപ്പിക്കുന്നത്. പരിമിതമായ വരുമാനത്തില്‍ നിന്ന് വിരമിക്കലിനായി സ്വമേധയാ പണം മാറ്റിവെക്കുന്നത് പല തൊഴിലാളികള്‍ക്കും എളുപ്പമല്ല.
ഇവിടെയാണ് ഇപിഎഫ്ഒ വഴിയുള്ള നിര്‍ബന്ധിത സാമൂഹിക സുരക്ഷാ വിഹിതങ്ങളുടെ പ്രസക്തി. തൊഴിലാളിയുടെ ആത്മനിയന്ത്രണത്തെ ആശ്രയിക്കാതെ, വരുമാനം കൈയിലെത്തുന്നതിന് മുമ്പുതന്നെ ഒരു ഭാഗം മാറ്റിവെക്കപ്പെടുന്നു. അതുവഴി ചെറിയ തുകകള്‍ ക്രമമായി സമാഹരിക്കപ്പെടുകയും കാലക്രമേണ അതൊരു വലിയ വിരമിക്കല്‍ നിധിയായി വളരുകയും ചെയ്യുന്നു.
തൊഴിലുടമകളുടെ സാമ്പത്തിക ബാധ്യതയും വിപണിയിലെ സ്വാധീനവും
നിര്‍ബന്ധിത വേതനപരിധി 25,000 രൂപയായി ഉയര്‍ന്നതോടെ, ഇതുവരെ പരിധിക്ക് പുറത്തായിരുന്ന ജീവനക്കാരെയും ഇപിഎഫ് സംവിധാനത്തില്‍ ഉള്‍പ്പെടുത്തേണ്ടി വരും. ഇത് തൊഴിലുടമകളുടെ പ്രതിമാസ വിഹിത ബാധ്യത വര്‍ധിപ്പിക്കും.
ഉദാഹരണത്തിന്: പ്രതിമാസം 22,000 രൂപ വേതനമുള്ള ഒരു ജീവനക്കാരന് 12% നിരക്കില്‍ തൊഴിലുടമ വിഹിതം നല്‍കുമ്പോള്‍, ഒരു ജീവനക്കാരന്റെ കാര്യത്തില്‍ പ്രതിമാസം 2,640 രൂപയുടെ (പ്രതിവര്‍ഷം 31,680 രൂപ) അധിക ചെലവ് വരുന്നു. ഇത്തരത്തിലുള്ള 20 ജീവനക്കാരുണ്ടെങ്കില്‍, അധിക വാര്‍ഷിക ചെലവ് 6,33,600 രൂപയായി ഉയരും. ഇതിന് പുറമെ, ഉയര്‍ന്ന വേതനാടിസ്ഥാനത്തില്‍ കണക്കാക്കപ്പെടുന്ന ഇഡിഎല്‍ഐ ഇന്‍ഷുറന്‍സ് വിഹിതവും തൊഴിലുടമ വഹിക്കേണ്ടതുണ്ട്. തുക താരതമ്യേന ചെറുതാണെങ്കിലും, മൊത്തത്തില്‍ ഇത് തൊഴിലുടമകളുടെ ചെലവില്‍ വര്‍ധനവുണ്ടാക്കുന്നു.
എങ്കിലും, തൊഴില്‍ വിപണിയില്‍ ഇതിന്റെ സ്വാധീനം വളരെ വലുതാണ്. മികച്ച വൈദഗ്ധ്യവും ഉത്പാദനക്ഷമതയുമുള്ള തൊഴിലാളികളെ ആകര്‍ഷിക്കാനും സ്ഥാപനത്തില്‍ നിലനിര്‍ത്താനും ഉയര്‍ന്ന സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങള്‍ സഹായിക്കുന്നു. പല ദീര്‍ഘവീക്ഷണമുള്ള തൊഴിലുടമകളും ഇത് നേരത്തെ തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്.
സുരക്ഷയുടെ ‘ട്രാംപോളിന്‍’ മാതൃക
സാമൂഹിക സുരക്ഷാ സംവിധാനത്തെ ഒരു ‘ട്രാംപോളിന്‍’ പോലെ കാണാവുന്നതാണ്; അത് ഒരാളെ താഴെ വീഴാതെ താങ്ങിനിര്‍ത്തുക മാത്രമല്ല, തിരികെ ഉയര്‍ന്നു വരാന്‍ സഹായിക്കുകയും ചെയ്യുന്നു. അടിയന്തര സാഹചര്യങ്ങളില്‍ തൊഴിലാളികള്‍ക്ക് ഒരു സാമ്പത്തിക കരുതല്‍ ഉറപ്പാക്കുന്നതിലൂടെ, താല്‍ക്കാലിക പ്രതിസന്ധികള്‍ ദീര്‍ഘകാല ദുരിതമായി മാറുന്നതും അവരെ കടക്കെണിയിലാക്കുന്നതും ഒഴിവാക്കാന്‍ സാധിക്കുന്നു.
ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന (ആരോഗ്യപരിചരണം), ശക്തമായ നൈപുണ്യ വികസന സംവിധാനങ്ങള്‍, അടല്‍ പെന്‍ഷന്‍ യോജന (പെന്‍ഷന്‍ സുരക്ഷ) തുടങ്ങിയ വിവിധ പദ്ധതികളെ സമന്വയിപ്പിച്ചു കൊണ്ട്, രാജ്യത്തിന്റെ സാമൂഹിക സുരക്ഷാ സംവിധാനം ഘട്ടംഘട്ടമായി കൂടുതല്‍ ശക്തമായിക്കൊണ്ടിരിക്കുകയാണ്.
(കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവാണ് വി. അനന്ത നാഗേശ്വരന്‍, ഇന്ത്യന്‍ ഇക്കണോമിക് സര്‍വീസ് ഉദ്യോഗസ്ഥയാണ് ശ്രുതി സിങ്)















