കോഴിക്കോട് : മൂന്നാറില്‍ ബാര്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്‌ട്ര നിയമ പഠനകേന്ദ്രം സ്ഥാപിക്കുമെന്ന് ബാര്‍ കൗണ്‍സില്‍ ഓഫ് കേരള ചെയര്‍മാന്‍ അഡ്വ. ജോസഫ് ജോണ്‍ പറഞ്ഞു. കലിക്കറ്റ് ബാര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പഠനകേന്ദ്രം സ്ഥാപിക്കാനായി മൂന്നാറില്‍ 15 ഏക്കര്‍ സ്ഥലം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുïണ്ട്. പഠനകേന്ദ്രത്തോടൊപ്പം തന്നെ അഭിഭാഷകര്‍ക്കായി ഒരു ഗസ്റ്റ് ഹൗസും സ്ഥാപിക്കും. നൂറു പേര്‍ക്ക് ഒരുമിച്ച് താമസിക്കാന്‍ സാധിക്കുന്ന വിധത്തില്‍ മൂന്നേക്കര്‍ സ്ഥലത്താണ് ഗസ്റ്റ് ഹൗസ് സ്ഥാപിക്കുക. നിലവില്‍ ജൂനിയര്‍ അഭിഭാഷകര്‍ക്ക് പരിശീലനത്തിനുള്ള അവസരങ്ങള്‍ കുറവാണ്. അന്താരാഷ്‌ട്രനിലവാരമുള്ള പരിശീലനവും ക്ലാസുകളും പഠനകേന്ദ്രത്തിലൊരുക്കുമെന്നും ജോസഫ് ജോണ്‍ പറഞ്ഞു. ബാര്‍ അസോസിയേഷന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ കലിക്കറ്റ് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. ഇ. വി. വിശ്വംഭരന്‍ അധ്യക്ഷത വഹിച്ചു. ബാര്‍ കൗണ്‍സില്‍ ഓഫ് കേരള അംഗങ്ങളായ അഡ്വ. കെ. ജയരാജന്‍, അഡ്വ. പി.എം. നിയാസ് എന്നിവര്‍ സംസാരിച്ചു. കാലിക്കറ്റ് ബാര്‍ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ജി. മനോഹര്‍ലാല്‍ സ്വാഗതവും വൈസ് പ്രസിഡന്റ് അഡ്വ. എ.ഇ. മാത്യു നന്ദിയും പറഞ്ഞു.
















