കോടഞ്ചേരി: ദുരിതങ്ങള്‍ക്കു നടുവിലാണ് കോടഞ്ചേരി പഞ്ചായത്തിലെ പാത്തിപ്പാറ ആദിവാസി കോളനി നിവാസികളുടെ ജീവിതം. പട്ടിണിയും രോഗ വും മൂലം ഈ കോളനിയിലെ പാറ്റ കഴിഞ്ഞ ദിവസം മരിച്ചതോടെയാണ് കോളനിയിലേക്ക് അധികൃതരുടെ ശ്രദ്ധ പതിഞ്ഞു തുടങ്ങിയത്. പണിയ വിഭാഗത്തില്‍പ്പെട്ട 39 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. മിക്ക കുടുംബങ്ങളില്‍ ഉള്ളവരും പട്ടിണിയും രോഗവും മൂലം ദുരിതത്തിലാണിവിടെ. പാറ്റയ്‌ക്ക് പിന്നാലെ കോളനിയിലെ ഗിരീഷ് എന്ന യുവാവും അസുഖം ബാധിച്ച് കിടപ്പിലാണ്. കോളനിയിലെ മിക്ക കുട്ടികളിലും ചിരങ്ങ് രോഗം കാണപ്പെടുന്നുണ്ട്. പോഷകാഹാരക്കുറവും ശുചിത്വക്കുറവുമാണ് കോളനി നിവാസികളെ രോഗങ്ങളിലേക്ക് തള്ളിവിടുന്നത്. ലഹരിവസ്തുക്കളുടെയും മദ്യത്തിന്റെയും ഉപയോഗം കോളനി നിവാസികളുടെ ജീവിതത്തെ താളം തെറ്റിക്കുന്നു.
ആരോഗ്യവകുപ്പും പട്ടികവര്‍ഗവകുപ്പും എല്ലാകാര്യങ്ങളും കൃത്യമായി ചെയ്യുന്നുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ ഇതിന്റ ലക്ഷണങ്ങള്‍ ഒന്നും കോളനിയില്‍ കാണുന്നില്ല. മാസങ്ങളായി പാത്തിപ്പാറ കോളനിയില്‍ ട്രൈബല്‍ പ്രമോര്‍ട്ടര്‍ ഇല്ലാത്ത അവസ്ഥയാണ്. ഒരു ആശാവര്‍ക്കര്‍ മാത്രമാണ് കോളനിയിലുള്ളത്. ഇവിടെ ട്രൈബല്‍ പ്രോമോട്ടറെ നിയമിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി കഴിഞ്ഞദിവസം കലക്ടര്‍ അറിയിച്ചിരുന്നു. പാറ്റയുടെ മരണവാര്‍ത്തയോടെയാണ് ഈ വിവരവും അധികൃതരുടെ സജീവ ശ്രദ്ധയിലെത്തുന്നത്. ജില്ലയിലെ ജില്ലാ ട്രൈബല്‍ ഓഫീസറുടെ തസ്തികയും ഒഴിഞ്ഞു കിടുക്കുകയാണ്. മലപ്പുറത്തെ ജില്ലാ ട്രൈബല്‍ ഓഫീസറാണ് ഇപ്പോള്‍ കോഴിക്കോട് ജില്ലയുടെ ചുമതലയും വഹിക്കുന്നത്.
പാറ്റയുടെ മരണത്തെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം കോളനിയില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തിയിരുന്നു. ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി സെക്രട്ടറിയും ജില്ലാ സബ്ജഡ്ജുമായ ആര്‍.എല്‍. ബൈജു, ഡി.എം.ഒ. നാരായണ നായിക്, എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍, ജനമൈത്രി പോലീ സ് എന്നിവരും കോളനിയില്‍ സന്ദര്‍ശനം നടത്തി.
ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി സെക്രട്ടറി ആര്‍.എല്‍. ബൈജു കോളനി സന്ദര്‍ശിച്ചശേഷം പട്ടികവര്‍ഗവകുപ്പിനും ജില്ലാ ഭരണകൂടത്തിനും നിര്‍ദ്ദേശങ്ങളും സമര്‍പ്പിച്ചിട്ടുണ്ട്. കോളനിയില്‍ ഉടന്‍ ട്രൈബല്‍ പ്രൊമോട്ടറെ നിയമിക്കുക, കോളനിക്കായി പ്രത്യേകം ഡോക്ടറെ നിയമിക്കുക, കോളനിയിലെ കുടിവെള്ളപ്രശ്‌നം പരിഹരിക്കുക, ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നടത്തുക, നല്ല ഭക്ഷണശീലങ്ങള്‍ വളര്‍ത്തുക, മദ്യപാനം, പുകവലി എന്നിവ ഒഴിവാക്കാന്‍ നടപടികള്‍ സ്വീകരിക്കുക തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന നിര്‍ദ്ദേശങ്ങള്‍.
















