പുത്തൂര്‍: സ്‌കൂള്‍ബസ് മറിഞ്ഞ് 13 കുട്ടികള്‍ക്ക് പരിക്ക്. വല്ലഭന്‍കരയില്‍ സ്‌കൂള്‍ബസ് കുഴിയില്‍ വീണുണ്ടായ അപകടത്തില്‍ 13 വിദ്യാര്‍ത്ഥികള്‍ക്കും ആയയ്‌ക്കും പരിക്കേറ്റു. ഇന്നലെ രാവിലെ ഒമ്പതിനോടെയാണ് സംഭവം.
പുത്തൂര്‍ സിദ്ധാര്‍ത്ഥ സെന്‍ട്രല്‍ സ്‌കൂള്‍ ബസാണ് അപകടത്തില്‍പ്പെട്ടത്.
ആറാം ക്ലാസ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥ് എ.പിള്ളയെ കൊല്ലത്തെ സ്വകാര്യശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആയ പാങ്ങോട് സ്വദേശിനി സുധാമണി (38), യുകെജി വിദ്യാര്‍ത്ഥികളായ നവനീത്, ആതിരാ ദിനേശന്‍, വൈഷ്ണവി, ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥികളായ അര്‍ജ്ജുന്‍, റോജന്‍, അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി പ്രിന്‍സ്, ആറാം ക്ലാസ് വിദ്യാര്‍ത്ഥികളായ നയന, ജാനകി, നന്ദന സുനില്‍, ഉണ്ണിമായ, ദേവപ്രിയ എന്നിവരെ പുത്തൂരിലെ സ്വകാര്യആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റ് കുട്ടികള്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി. രാവിലെ കുട്ടികളുമായി സ്‌കൂളിലേക്ക് വരുമ്പോള്‍ പുത്തൂര്‍ വല്ലഭവന്‍കര പാലത്തിന് സമീപത്തെ റോഡരുകിലെ കേബിള്‍ കുഴിയില്‍ വീണ് ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
സമീപത്തുണ്ടായിരുന്ന ഇലക്ട്രിക് പോസ്റ്റും തകര്‍ന്നു. കൊട്ടാരക്കരയില്‍ നിന്നെത്തിയ ഫയര്‍ ഫോഴ്‌സും പുത്തൂര്‍ പോലീസും നാട്ടുകാരും ചേര്‍ന്നാണ് കുടുങ്ങിക്കിടന്ന വിദ്യാര്‍ത്ഥികളെ പുറത്തെടുത്തത്. ബസ് ക്രെയിന്‍ ഉപയോഗിച്ചാണ് അപകടസ്ഥലത്തുനിന്നും മാറ്റി.
















