ആലപ്പുഴ: പ്രധാനമന്ത്രി ഗ്രാമീണ സടക് യോജന (പിഎംജിഎസ്‌വൈ)പദ്ധതിയില്‍ ഉള്‍പ്പെട്ട ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിലെ റോഡുകളുടെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് കെ.സി. വേണുഗോപാല്‍ എംപി ആവശ്യപ്പെട്ടു. പദ്ധതി പുരോഗതി അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിഎംജിഎസ്‌വൈ പ്രകാരം ജില്ലയില്‍ 14 പദ്ധതികള്‍ക്ക് കരാറായെന്നും ഏഴെണ്ണത്തിന്റെ നിര്‍മാണം ആരംഭിച്ചെന്നും എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എം.ഒ. യൂസഫ് അറിയിച്ചു. പലതവണ ടെണ്ടര്‍ വിളിച്ചിട്ടും അഞ്ചു പ്രവൃത്തികള്‍ ആരും ഏറ്റെടുത്തിട്ടില്ല.
റോഡ് നിര്‍മാണത്തിനായി മണ്ണിന് ക്യുബിക് മീറ്ററിന് 400 രൂപയില്‍ താഴെയാണ് ലഭിക്കുന്നതെന്നും പൊതുമരാമത്തുവകുപ്പിന്റെ നിരക്ക് 1000 രൂപയാണെന്നും അതിനാല്‍ നികത്ത് അധികമുള്ള പ്രവൃത്തികള്‍ ഏറ്റെടുക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്നും ബില്‍ തുക വേഗത്തില്‍ ലഭിക്കുന്നില്ലെന്നും കരാറുകാര്‍ പറഞ്ഞു. കരാറുകാരുടെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് എംപി പറഞ്ഞു. ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍, ഉദ്യോഗസ്ഥര്‍, കരാറുകാര്‍ എന്നിവര്‍ പങ്കെടുത്തു.
















