പറവൂര്‍: അമിതവേഗത്തില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ നിന്ന് യുവതി തെറിച്ച് റോഡിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റു. ഏലൂര്‍ ഫെറി-കൊടുങ്ങല്ലൂര്‍ റൂട്ടിലോടുന്ന എസ്എന്‍ ട്രാന്‍സ്‌പോര്‍ട്ട് ബസ്സില്‍ പറവൂര്‍ മാര്‍ക്കറ്റിന് അടുത്തുള്ള വൃന്ദാവന്‍ സ്റ്റോപ്പിന്റെ വളവില്‍ ആണ് അപകടം ഉണ്ടായത്. ചാത്തനാട് പുളിക്കപ്പറമ്പില്‍ പുരുഷോത്തമന്റെ മകള്‍ അനി (44) ആണ് ബസ്സില്‍ നിന്ന് തെറിച്ച് താഴെ വീണത്. അമിതവേഗതയിലായിരുന്ന ബസ്സ് വളവില്‍ വീശിയെടുത്തപ്പോള്‍ സീറ്റിലിരിക്കുകയായിരുന്ന യുവതി തെറിച്ച് വീഴുകയായിരുന്നു. ഈസമയം മുന്‍പിലെ വാതില്‍ തുറന്ന് ഇട്ടിരിക്കുകയായിരുന്നു. ഡോര്‍ചെക്കറും ഉണ്ടായിരുന്നില്ല. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ യുവതി പറവൂര്‍ ഡോണ്‍ബോസ്‌കോ ആശുപത്രിയില്‍ ചികിത്സയിലാണ്. ബസ് പറവൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു.
















