പത്തനാപുരം: കാണികളില്‍ ആവേശത്തിന്റെ തിരയിളക്കം അലയടിച്ച് കൊണ്ട് തലവൂരില്‍ നടന്നു വന്ന കബഡി മാമാങ്കം സമാപിച്ചു. അവിട്ടം, ചതയം ദിവസങ്ങളില്‍ തലവൂര്‍ കുരാ വിവേകാനന്ദാ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബിന്റെ നേതൃത്ത്വത്തിലായിരുന്നു മേള സംഘടിപ്പിച്ചത്.
ദേശീയ നിലവാരത്തില്‍ പണികഴിപ്പിച്ച കബഡി കോര്‍ട്ടില്‍ കേരളത്തിലെയും തമിഴ്‌നാട്ടിലെയുമടക്കം 24 പ്രമുഖ ടീമുകള്‍ മത്സരങ്ങളില്‍ അണിനിരന്നു. സെമിഫൈനല്‍ മത്സരങ്ങളില്‍ ഉദയം പാരിപ്പളളിയേയും വേദി മാവേലിക്കരയേയും പരാജയപ്പെടുത്തി യുവ പുനലൂരും സൗഹൃദയ കല്ലുവാതുക്കലും ഫൈനലില്‍ പ്രവേശിച്ചു. തുടര്‍ന്ന് നടന്ന ഫൈനലില്‍ സൗഹൃദയ കല്ലുവാതുക്കലിനെ 20 പോയിന്റുകള്‍ക്ക് പരാജയപ്പെടുത്തി് യുവ പുനലൂര്‍ ട്രോഫി കരസ്ഥമാക്കി.
കേരളത്തിന് അകത്തു നിന്നും പുറത്തുനിന്നുമായി നിരവധി കായിക പ്രേമികളാണ് കളി കാണാനായി എത്തിയത്. കബഡി അസോസിയേഷനിലെ റഫറിമാരായിരുന്നു മത്സരം നിയന്ത്രിച്ചത്. പൊതുസമ്മേളനം കെ ബി ഗണേഷ് കുമാര്‍ എം എല്‍ എ ഉല്‍ഘാടനം ചെയ്തു. വിജയിച്ച ടീമിന് ജില്ലാപഞ്ചായത്തംഗം ബിജു കെ മാത്യു ട്രോഫിയും സമ്മാനത്തുകയും നല്‍കി. വാര്‍ഡ് മെമ്പര്‍ ജലജാഗോപിനാഥ്, ക്ലബ് പ്രസിഡന്റ് ദില്‍ജു പി മോഹന്‍, രാകേഷ്‌കുമാര്‍.എസ്, ദിപിന്‍ റ്റി എന്നിവര്‍ സംസാരിച്ചു.
















