കൊച്ചി: 34-ാമത് ജില്ലാ ജൂഡോ സബ്ബ് ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ ജനസേവ ശിശുഭവന്‍ സംരക്ഷണയില്‍ കഴിയുന്ന അരുണാചല്‍ പ്രദേശ് സ്വദേശി ഭാഗ്യജ്യോതി എന്ന ബാലന്‍ സ്വര്‍ണ്ണമെഡല്‍ കരസ്ഥമാക്കി. ജില്ലാ ജൂഡോ അസോസിയേഷന്റെ സഹകരണത്തോടെ കാലടി നാസ് ജൂഡോ ക്ലബ്ബാണ് 12 വയസ്സില്‍ താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി മത്സരങ്ങള്‍ സംഘടിപ്പിച്ചത്.
14-15 തീയതികളില്‍ കാലടി നാസ് ഓഡിറ്റോറിയത്തില്‍ നടന്ന മത്സരത്തില്‍ മുന്നൂറോളം മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. 24 -25 തീയതികളില്‍ മൂക്കന്നൂര്‍ ഫിസാറ്റ് എഞ്ചിനീയറിംഗ് കോളേജില്‍ നടക്കുന്ന സംസ്ഥാന ജൂഡോ ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാന്‍ ഭാഗ്യജ്യോതി അര്‍ഹതനേടി. ജനസേവ ശിശുഭവന്‍ ജൂഡോ ക്ലബ്ബിലെ പരിശീലകയായ സിന്ധു മണിക്കുട്ടന്റെ കീഴിലായിരുന്നു ഭാഗ്യജ്യോതിയുടെ പരിശീലനം. 2014 ജൂണില്‍ ജനസേവ ശിശുഭവനിലെത്തിയ ഭാഗ്യജ്യോതി ഇപ്പോള്‍ നെടുമ്പാശ്ശേരി അത്താണിയിലെ സെന്റ് ഫ്രാന്‍സിസ് അസീസി ഇംഗ്ലീഷ് മീഡിയം സ്‌ക്കൂളിലെ 6-ാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്.
















