കൊച്ചി: ഡിസി ബുക്‌സ് എമര്‍ജിങ് കേരള മാസിക സംഘടിപ്പിക്കുന്ന സി.ഇ.ഒ കോണ്‍ക്ലേവും അവാര്‍ഡ് നൈറ്റും നടന്നു. കേരളത്തിലെ വിവിധ വ്യവസായ മേഖലകളിലെ മികച്ച സി.ഇ.ഒമാര്‍ക്കുള്ള അവാര്‍ഡുകള്‍ മന്ത്രി കെ. എം. മാണി വിതരണം ചെയ്തു.
കേരളത്തിലെ 400 ഓളം കമ്പനികളുടെ സിഇഒമാരും മുതിര്‍ന്ന എക്‌സിക്യൂട്ടിവുകളും പങ്കെടുത്ത സമ്മേളനം ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ജോയ് പി ഉമ്മന്‍ ഉദ്ഘാടനം ചെയ്തു.
‘കേരളത്തിലെ കമ്പനികളെ എങ്ങനെ പുതിയ ഉയരങ്ങളിലെത്തിക്കാം, എങ്ങനെ അവരുടെ ചിന്താപ്രക്രിയയില്‍ മാറ്റങ്ങള്‍ വരുത്താം’ എന്ന വിഷയത്തെ ആസ്പദമാക്കി സമ്മേളനത്തില്‍ നടന്ന ചര്‍ച്ചകളില്‍ വി ഗാര്‍ഡ് സ്ഥാപകന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ ടി. കെ. ജോസ്, ടെറുമോ പെന്‍പോള്‍ സ്ഥാപകന്‍ സി. ബാലഗോപാല്‍, ജെന്റര്‍ പാര്‍ക്ക് എം.ഡി ഡോ.പി.ടി മുഹമ്മദ് സുനിഷ്, ഫെഡറല്‍ ബാങ്ക് സിഎംഡി ശ്യാം ശ്രീനിവാസന്‍, സജീവ് നായര്‍, മലബാര്‍ സിമന്റ്‌സ് എംഡി കെ. പദ്മകുമാര്‍, കേരളാ സുരക്ഷാ മിഷന്‍ എക്‌സി. ഡയറക്ടര്‍ ഡോ. ടി.പി അഷ്‌റഫ്, ആക്‌സല്‍ ഫ്രന്റ്‌ലൈന്‍ ലിമിറ്റഡ് സി.എം.ഡി എന്‍.ആര്‍ പണിക്കര്‍ തുടങ്ങിയ പ്രമുഖര്‍ സംസാരിച്ചു.
സ്റ്റാര്‍ട്ടപ്പ് വില്ലേജ് ചെയര്‍മാന്‍ സഞ്ജയ് വിജയകുമാര്‍, ഇന്‍കെല്‍ എംഡി ടി ബാലകൃഷ്ണന്‍, അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്ടര്‍ വി. സുനില്‍ കുമാര്‍, ഡിസി ബുക്‌സ് സിഇഒ രവി ഡിസി, കാന്‍കര്‍ ഇന്‍ഗ്രീഡിയന്റസ് ലിമിറ്റഡ് സിഇഓ ജീമോന്‍ കോരാ, തമിഴ്‌നാട് പ്ലാനിംഗ് കമ്മീഷന്‍ അംഗം ഡോ. പി. കനകസഭാപതി തുടങ്ങിയവര്‍ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.
















