എരുമേലി: സമ്പൂര്‍ണ വൈദ്യുതീകരണ മേഖലയായി പ്രഖ്യാപിച്ച ചാത്തന്‍തറയില്‍ മൂന്നുകുടുംബങ്ങള്‍ക്ക് വൈദ്യുതി നിഷേധിച്ച സംഭവത്തില്‍ അയര്‍ക്കാര്‍ തമ്മില്‍ വഴിയെച്ചൊല്ലിയുള്ള തര്‍ക്കമാണ് കാരണമെന്ന് റാന്നി ബ്ലോക്ക് പഞ്ചായത്തംഗം നിഷ അലക്‌സ് പറഞ്ഞു. വൈദ്യുതി നിഷേധിച്ച സംഭവവുമായി ബന്ധപ്പെട്ട് ജന്മഭൂമി കഴിഞ്ഞദിവസം നല്‍കിയ വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അവര്‍. ചാത്തന്‍തറ പള്ളിപ്പടിക്കു സമീപം താമസിക്കുന്ന കൈപ്പമല രാജപ്പന്‍, ചരുവുകാലായില്‍ സജികുമാര്‍, ചൂണ്ടശ്ശേരില്‍ ശ്യാംകുമാര്‍ എന്നീ കുടുംബങ്ങള്‍ക്ക് നടപ്പുവഴിയുണ്ട്. ഈ വഴിയിലൂടെ ലൈന്‍ വലിക്കാന്‍ തയ്യാറായിരുന്നുവെങ്കിലും നടപ്പുവഴിയില്‍തന്നെ വേണമെന്ന വാശിയാണ് തര്‍ക്കത്തിന് കാരണമായതെന്നും നിഷാ അലക്‌സ് പറഞ്ഞു.
വൈദ്യുതി നിഷേദിച്ച സംഭവവുമായി ബന്ധപ്പെട്ട് ജനപ്രതിനിധികള്‍ അന്വേഷണം നടത്തിയിരുന്നതാണെന്നും അവര്‍ പറഞ്ഞു. എന്നാല്‍ 23 വര്‍ഷമായി തുടരുന്ന കേസില്‍ വീട്ടുകാര്‍ സ്റ്റേ വാങ്ങി കേസു തുടരുന്നതിനാല്‍ തുടര്‍നടപടിക്ക് സാദ്ധ്യതയില്ലെന്നും അവര്‍ പറഞ്ഞു. മൂന്നു കുടുംബങ്ങളുടെ വീട്ടിലേക്കുള്ള നടപ്പുവഴിയില്‍ക്കൂടി വൈദ്യുതിലൈന്‍ വലിക്കാന്‍ എളുപ്പവും ഏറെ ചെലവുകുറവാണെന്നും മൂന്നു കുടുംബങ്ങളും പറയുന്നു.
23 വര്‍ഷം മുമ്പ് സമ്പൂര്‍ണ വൈദ്യുതീകരണ മേഖലയായി പ്രഖ്യാപിച്ച ചാത്തന്‍തറയില്‍ മൂന്നു കുടുംബങ്ങള്‍ മാത്രം ഇരുട്ടില്‍ കഴിയുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും ഇക്കാര്യത്തില്‍ ബന്ധപ്പെട്ടവര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ബിജെപി നേതാക്കളും ആവശ്യപ്പെട്ടു. വൈദ്യുതി ലൈന്‍ നിഷേധിച്ചതുമൂലം കടുത്ത ജീവിതദുരിതത്തിലായ കുടുബങ്ങളെ സഹായിക്കുന്നതിനായി നടപടിയെടുക്കുമെന്നും ബിജെപി പൂഞ്ഞാര്‍ നിയോജകമണ്ഡലം പ്രസിഡന്റ് വി.സി. അജികുമാര്‍ പറഞ്ഞു.
















