പാലാ: പുത്തന്‍പള്ളിക്കുന്നിലെ അപകടഭീഷണി ഉയര്‍ത്തുന്ന വൈദ്യുതി പോസ്റ്റ് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പുത്തന്‍പള്ളിക്കുന്ന്- ആശാനിലയം റോഡിലാണ് വൈദ്യുതി പോസ്റ്റ്. വാഹനം ഇടിച്ച് മൂന്നായി ഒടിഞ്ഞുനില്‍ക്കുന്ന പോസ്റ്റ് ഏതു നിമിഷവും നിലപൊത്തുന്ന സ്ഥിതിയാണ്. പോസ്റ്റ് ചരിഞ്ഞതോടെ വൈദ്യുതി കമ്പികള്‍ താഴ്ന്ന് യാത്രക്കാര്‍ക്ക് കയ്യെത്തുന്ന ഉയരത്തിലാണ് നില്‍ക്കുന്നത്. പൊക്കമുള്ള വാഹനങ്ങള്‍ കടന്നുപോയാല്‍ വൈദ്യുതി പ്രവഹിക്കുന്ന അവസ്ഥയാണ്. ഇതുവഴി വലിയ വാഹനങ്ങള്‍ കടന്നുപോകുന്നില്ല. കുട്ടികളുള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ നടക്കുന്ന വഴിയിലാണ് അപകടം പതിയിരിക്കുന്നത്. നഗരസഭാ കൗണ്‍സിലര്‍ പുഷ്പമ്മ രാജു വൈദ്യുതി വകുപ്പ് അധികൃതരെ പലതവണ അറിയിച്ചിട്ടും പോസ്റ്റ് മാറ്റിയിടാന്‍ നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. പുതിയ പോസ്റ്റ് ഇവിടെയെത്തിച്ചിട്ട് ആഴ്ചകളോളമായിട്ടും മാറ്റി സ്ഥാപിച്ചിട്ടില്ല.
















