കോട്ടയം: പൊതുവിദ്യാഭ്യാസ മേഖല നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ദേശീയ അദ്ധ്യാപക പരിഷത്ത് കോട്ടയം ഡിഡിഇ ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി. സമരം ജില്ലാ പ്രസിഡന്റ് ആര്‍. ജിഗി ഉദ്ഘാടനം ചെയ്തു.
സ്വകാര്യ മേഖലയ്‌ക്ക് അര്‍ഹിക്കുന്നതിലധികം പ്രാധാന്യം കൊടുക്കുന്നതിനാല്‍ പൊതു വിദ്യാഭ്യാസ മേഖല തകരുകയാണെന്ന് ധര്‍ണ ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. പാഠപുസ്തക വിതരണത്തില്‍ സംഭവിച്ചിരിക്കുന്ന അപാകതകള്‍ക്ക് ഉടന്‍ പരിഹാരം കാണുക, സൗജന്യ യൂണിഫോം മുഴുവന്‍ കുട്ടികള്‍ക്കും നല്‍കുക, അദ്ധ്യാപകരുടെ ജോലിസ്ഥിരത ഉറപ്പാക്കുക, ഹയര്‍ സെക്കണ്ടറി മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക തുടങ്ങി നിരവധി ആവശ്യങ്ങള്‍ ധര്‍ണയില്‍ ഉന്നയിക്കപ്പെട്ടു. സംസ്ഥാന സെക്രട്ടറി ശ്രീകലേശന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി കെ. രാജേഷ് മോഹന്‍, ട്രഷറര്‍ കെവി. വിജിത്ത്, ജി. രതീഷ്, എം.എസ്. ശ്യാം എന്നിവര്‍ സംസാരിച്ചു.
















