വാഷിംഗ്ടണ്‍: ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യയുമായി കൂടുതല്‍ മെച്ചപ്പെട്ട സഹകരണത്തിന് അമേരിക്ക താല്പര്യം പ്രകടിപ്പിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണത്തില്‍ സമുദ്ര സുരക്ഷയും ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളും നിര്‍ണായക മേഖലകളാണെന്ന് യുഎസ് കോണ്‍ഗ്രസിന് നല്കിയ റിപ്പോര്‍ട്ടില്‍ പെന്റഗണ്‍ വ്യക്തമാക്കി. 2006 ലെ ഇന്തോ-യുഎസ് സമുദ്ര സുരക്ഷാ സഹകരണത്തിനായുള്ള ചട്ടക്കൂട്ടില്‍ സഹകരിക്കാന്‍ തീരുമാനിച്ചിട്ടുള്ള കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ഇന്ത്യയും യുഎസും ഒന്നിച്ചുനീങ്ങുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പരാമര്‍ശിക്കവെ അല്‍ഖ്വയ്ദയിലും ദക്ഷിണേഷ്യയില്‍നിന്ന് ഉയരുന്ന മറ്റ് ഭീകര ഭീഷണികളിലും തുടര്‍ന്നും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഭീകരവിരുദ്ധ നീക്കങ്ങള്‍, സമുദ്രസുരക്ഷ തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് സങ്കീര്‍ണമായ അഭ്യാസപ്രകടനങ്ങള്‍ സംയുക്തമായി നടത്താന്‍ പദ്ധതിയുണ്ടെന്നും പെന്റഗണ്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇതില്‍നിന്നുള്ള പുതിയ അറിവുകള്‍ പ്രായോഗിക സഹകരണത്തിലേക്കും പ്രവൃത്തിപഥത്തിലേക്കും കൊണ്ടുവരുമെന്നും യുഎസ് പ്രതിരോധ ഏജന്‍സി അവകാശപ്പെടുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തിലെ നാവിക ദൗത്യങ്ങളില്‍ ഇന്ത്യന്‍ നാവികസേനക്കൊപ്പം പ്രവര്‍ത്തിക്കാന്‍ യുഎസ് നാവികസേനക്ക് താല്പര്യമുണ്ടെന്നും പെന്റഗണ്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: