നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ മൂന്നാമൂഴത്തിലെ രണ്ടാമത്തെ സമ്പൂര്‍ണ ബജറ്റാണ് ധനമന്ത്രി നിര്‍മലാ സീതാരാമന് അവതരിപ്പിച്ചത്.
വളര്‍ച്ചാ നിരക്കില്‍ ചെറിയ വ്യത്യാസങ്ങളുണ്ടെങ്കിലും, ഭാരതത്തിന്റെ സാമ്പത്തിക സുസ്ഥിരത എക്കാലത്തേയും മികച്ച നിലയില്‍ നില്ക്കുന്ന സാഹചര്യത്തിലാണ് ബജറ്റ് അവതരണം. ഭാരതത്തിന്റെ ആഗോള സാമ്പത്തിക സ്ഥിതി ഒരു ദശാബ്ദം കൊണ്ട് പത്താം സ്ഥാനത്തുനിന്ന് അഞ്ചാം സ്ഥാനത്തേയ്ക്കാണ് കുതിച്ചത്. ഉരുക്ക് ഉത്പാദനത്തില്‍ നാലില്‍ നിന്ന് രണ്ടാം സ്ഥാനത്തേക്കും മൊബൈല്‍ ഫോണ്‍ നിര്‍മാണത്തില്‍ പന്ത്രണ്ടാം സ്ഥാനത്ത് നിന്ന് രണ്ടാം സ്ഥാനത്തേക്കും ഭാരതം നില മെച്ചപ്പെടുത്തിയിരിക്കുന്നു. 2014 മുതല്‍ 2024 വരെയുള്ള പത്ത് വര്‍ഷം കൊണ്ട് വിസ്മയകരമായ വളര്‍ച്ചയാണ് ഒരു ബില്യന്‍ മൂല്യമുള്ള യൂനിക്കോണ്‍ ബിസിനസില്‍ ഭാരതം കൈവരിച്ചിരിക്കുന്നത്. ഉത്പാദനത്തിലും ഉപഭോഗത്തിലും കയറ്റുമതിയിലും, വിദേശനിക്ഷേപത്തിലും കൈവരിച്ച ഭാരതത്തിന്റെ വളര്‍ച്ചയുടെ വിശേഷപ്പെട്ട സാഹചര്യങ്ങളെ വികസനത്തിന്റെ പുതിയ ചക്രവാളങ്ങളിലേയ്ക്ക് നയിക്കാന്‍ പുതിയ ബജറ്റ് നിര്‍ദ്ദേശങ്ങള്‍ നിശ്ചയമായും സഹായിക്കും. പുതിയ സംരംഭങ്ങള്‍ ഏറ്റെടുക്കാനുള്ള ഭാരതത്തിന്റെ സാധ്യതകളും സന്നദ്ധതയും കൂടുതല്‍ മെച്ചപ്പെട്ട നിലയിലാക്കാന്‍ ബജറ്റ് നിര്‍ദ്ദേശങ്ങള്‍ക്ക് സാധിക്കും. മേയ്ക്ക് ഇന്‍ ഇന്ത്യയില്‍ നിന്നും മേയ്ക്ക് ഫോര്‍ ദ വേള്‍ഡ് എന്ന നിലയിലേയ്ക്കുള്ള ഭാരതത്തിന്റെ മാറ്റത്തിന് സഹായകമാണ് ധനമന്ത്രിയുടെ ബജറ്റ് നിര്‍ദ്ദേശങ്ങള്‍.
ആറ് പ്രധാനപ്പെട്ട മേഖലകളുടെ നവീകരണത്തിനാണ് ഈ ബജറ്റ് ഊന്നല്‍ കൊടുത്തിരിക്കുന്നത്. നികുതി സമ്പ്രദായം, നഗരവികസനം, ഖനനം, സാമ്പത്തിക മേഖല, ഊര്‍ജ്ജം, റെഗുലേറ്ററി സംവിധാനം എന്നിവയാണവ. ദാരിദ്ര്യരഹിത സമൂഹം, വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം, ഗുണമേന്മയുള്ളതും സാധാരണക്കാര്‍ക്ക് താങ്ങാവുന്നതുമായ വൈദ്യസഹായം എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസന നയം എന്നിവ വികസിത ഭാരതത്തിന് അത്യാവശ്യമാണ് എന്ന് ഉള്‍ക്കാഴ്ചയോടെയാണ് ധനമന്ത്രി ഈ ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. ബിസിനസ് ചെയ്യാനുള്ള എളുപ്പം വര്‍ധിപ്പിക്കുക എന്നത് മോദിസര്‍ക്കാരിന്റെ പ്രഖ്യാപിത നയത്തിന്റെ ഭാഗമാണ്. സാമ്പത്തിക വളര്‍ച്ചയ്ക്കും വികസിത ഭാരതം എന്ന സ്വപ്നം സാക്ഷാത്കരിക്കാനും ഇതാവശ്യമാണ്. ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തികശക്തിയാകാനുള്ള ഭാരതത്തിന്റെ കുതിപ്പിന് കരുത്തു പകരുന്നതാണ് ബജറ്റ് നിര്‍ദ്ദേശങ്ങള്‍. എല്ലാവരേയും ഉള്‍ക്കൊള്ളുന്ന വികസനവും വളര്‍ച്ചയും ലക്ഷ്യമിടുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കും നടപടികള്‍ക്കും ശക്തിപകരുന്നവയാണ് ബജറ്റിലെ നിര്‍ദ്ദേശങ്ങള്‍.
റഗുലേറ്ററി സംവിധനങ്ങള്‍ ഏകോപിപ്പിക്കുക, അംഗീകാര നടപടികള്‍ വേഗത്തിലാക്കുക, തൊഴില്‍ നിയമങ്ങള്‍ കാലാനുസൃതമായി പരിഷ്കരിക്കുക എന്നിവ വഴി സ്വകാര്യമേഖലയുടെ സാന്നിധ്യം വികസനരംഗത്ത് ഉറപ്പ് വരുത്താനും സര്‍ക്കാരിന് സാധിക്കുന്നതാണ്. ലളിതവും സുതാര്യവുമായ ഒരു റഗുലേറ്ററി സംവിധാനം ബിസിനസ്സിന്റെ ആസൂത്രണത്തിനും, നിക്ഷേപ സമാഹരണത്തിനും വിപുലീകരണത്തിനും അത്യാവശ്യമാണ്.
മധ്യവര്‍ഗത്തിന്റെ പ്രതീക്ഷകള്‍
മധ്യവര്‍ഗ വിഭാഗത്തിന്റെ തണുത്തുകിടക്കുന്ന ഉപഭോഗതൃഷ്ണയെ ഉണര്‍ത്താനും ആഭ്യന്തര ഉപഭോഗം വര്‍ദ്ധിപ്പിക്കാനും നികുതിപരിഷ്കാരങ്ങള്‍ അത്യാവശ്യമാണ്. വ്യക്തിഗത നികുതിഘടനയില്‍ കാര്യമായി പരിഷ്കരണം നടത്തിവേണം ഈ വിഭാഗത്തിലെ വൈയക്തിക വരുമാനത്തില്‍ വര്‍ധനവും വ്യക്തിഗത ഉപഭോഗത്തില്‍ പുതിയ ഉയരവും കീഴടക്കാന്‍.മധ്യവര്‍ഗത്തിന്റെ വിനിമയ ശേഷിയുടെ തക്കോലാണ് വാസ്തവത്തില്‍ നികുതി പരിഷ്കരണവും വികസന കേന്ദ്രീകൃതമായ നികുതിഘടനയും. പുതിയ കാലത്ത് രാജ്യത്തിന്റെ വളര്‍ച്ചയിലും വികാസത്തിലും നികുതി പരിഷ്കാരത്തിന്റെ സ്വാധീനം സര്‍ക്കാര്‍ തിരിച്ചറിഞ്ഞതിന്റെ പ്രതിഫലനം ഈ ബജറ്റില്‍ പ്രത്യക്ഷമാണ്. പന്ത്രണ്ട് ലക്ഷം വരെയുള്ള വരുമാനം പൂര്‍ണമായും നികുതിയില്‍ നിന്നൊഴിവാക്കി കൊണ്ടുള്ള പ്രഖ്യാപനം മധ്യവര്‍ഗ്ഗ ഉപഭോഗത്തെയും സമ്പാദ്യത്തെയും നിക്ഷേപ സാധ്യതകളെയും പരിപോഷിപ്പിക്കാന്‍ പര്യാപ്തമാണ്.
ഭാരതം കൈവരിച്ച ഉയര്‍ന്ന വളര്‍ച്ചാനിരക്ക് സുസ്ഥിരമായി നിലനിര്‍ത്താന്‍ മധ്യവര്‍ഗ്ഗ വിഭാഗത്തിലെ വരുമാന ശേഷിയും ഉപഭോഗവും വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. ഈ വിഭാഗത്തിലെ ചെറുപ്പക്കാരുടെ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിച്ച് വരുമാനവര്ധനയുണ്ടാക്കാനും ചെറുപ്പക്കാരിലെ ഉപഭോഗം വര്‍ധിപ്പിക്കാനുള്ള നയപരിപാടികളും നിര്‍ദ്ദേശങ്ങളും ഈ ബജറ്റിന്റെ പ്രത്യേകതയാണ്. ചെറുകിട വ്യവസായത്തിലെ ഉയര്‍ന്ന ഉത്പാദനവും ചില്ലറ കച്ചവട മേഖലയിലെ വര്‍ദ്ധിച്ച വില്പനയുമാണ് സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ ഊന്നല്‍ കൊടുക്കുന്നത്. വളര്‍ന്നു വരുന്ന യുവ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കനുസൃതമായ ഉത്പന്നങ്ങള്‍ വിപണിയില്‍ ലഭ്യമാകണം.
സൂക്ഷ്മ ചെറുകിട മീഡിയം സംരംഭങ്ങളുടെ (എംഎസ് എംഇ) ശാക്തീകരണത്തിനും ഈ രംഗത്തെ അധിക തോതിലുള്ള തൊഴിലവസര വര്‍ദ്ധനവിനും സര്‍ക്കാരിന്റെ മുന്‍ഗണനാ പദ്ധതിയില്‍ മുഖ്യസ്ഥാനമാണുള്ളത്. ഭാരതത്തിന്റെ ജിഡിപിയുടെ 33 ശതമാനം സംഭാവന ചെയ്യുന്ന, 135 ദശലക്ഷം പേര്‍ക്ക് തൊഴില്‍ നല്കാന് ശേഷിയുള്ള ഈ മേഖലയുടെ വികസനത്തിന് സഹായകമായ ഒട്ടേറെ നിര്‍ദ്ദേശങ്ങള്‍ ബജറ്റില്‍ ഇടം പിടിച്ചിട്ടുണ്ട്. പൊതുമേഖലാ ബാങ്ക് വഴിയുള്ള വായ്പാ സൗകര്യം നവീന സാങ്കേതികവിദ്യയുടെയും ഡിജിറ്റല്‍ സംവിധാനങ്ങളുടേയും സഹായത്താല്‍ ശക്തമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
കാര്‍ഷികമേഖലയും ആരോഗ്യരംഗവും
ബജറ്റ് പ്രസംഗത്തില്‍ കാര്‍ഷിക വികസനത്തിനും ചെറുകിട വ്യവസായത്തില്‍ മുഖ്യ പരിഗണനയാണ് ലഭിച്ചിരിക്കുന്നത്. കാര്‍ഷിക മേഖലയുടെ വികസനം, വ്യവസായ വികസനം, പശ്ചാത്തല സൗകര്യവികസനം സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ഉന്നമനം ലാക്കാക്കിയുള്ള പദ്ധതികള്‍, മധ്യവര്‍ഗ്ഗ വിഭാഗത്തിന്റെ സാമ്പത്തിക വളര്‍ച്ച, ചെറുകിട വ്യവസായങ്ങള്‍ക്ക് വളര്‍ന്നു വികസിക്കാനുള്ള സാഹചര്യം. ആധുനിക സാങ്കേതിക വിദ്യക്കും ഡിജിറ്റല്‍ സംവിധാനങ്ങള്‍ക്കുമുള്ള ഊന്നല്‍ എന്നിവ ഈ ബജറ്റിന്റെ പ്രത്യേകതയാണ്.
കാലാവസ്ഥാ വ്യതിയാനം കണക്കിലെടുത്തുള്ള കാര്‍ഷിക രീതികളും സാങ്കേതിക വിദ്യയും ഡിജിറ്റല്‍ സംവിധാനങ്ങളും ഉപയോഗിച്ചുള്ള കര്‍ഷക സൗഹൃദമായ കൃഷി സംവിധാനങ്ങളും ഈ ബജറ്റ് വിഭാവനം ചെയ്യുന്നു. മൂന്നു കോടി ലക്ഷാധിപതി ദീദിമാരെ ലക്ഷ്യമിടുന്ന സര്‍ക്കാര്‍ വനിതാ സ്വയംസഹായ സംഘങ്ങളിലൂടെയും ഡ്രോണ്‍ ദീദി പദ്ധതിയിലൂടെയും സ്ത്രീ ശാക്തീകരണം സാധ്യമാക്കുന്ന നിരവധി പദ്ധതികള്‍ക്കാണ് മുന്നൊരുക്കം നടത്തുന്നത്.
കേന്ദ്രസര്‍ക്കാരും ആരോഗ്യവകുപ്പും അനുബന്ധ വിഭാഗങ്ങളും യോജിച്ച് നടത്തുന്ന വലിയ കുതിപ്പിനാണ് ഈ ബജറ്റ് ലക്ഷ്യമിടുന്നത്. നൂതന ശാസ്ത്ര സാങ്കേതിക വിദ്യയുടെയും ഡിജിറ്റല്‍ സംവിധാനത്തിന്റെയും കരുത്തില്‍ ആരോഗ്യരംഗത്ത് ആഗോള നേതൃത്വമാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ധനസഹായവും ഇടപെടലുകളും ഈ ബജറ്റ് സൂചിപ്പിക്കുന്നു.
ഉത്പാദനവും ഉപഭോഗവും വര്‍ദ്ധിപ്പിച്ച് ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് സുസ്ഥിരമായി നിലനിര്‍ത്താന്‍ ധനക്കമ്മി ഉദ്ദേശിച്ച രീതിയില്‍ 4.5 എന്ന നിലയില്‍ നിര്‍ത്തണം. ഉയര്‍ന്ന ഉത്പാദനവും പശ്ചാത്തല വികസനവുമാണ് ധനമന്ത്രി ഈ ബജറ്റില്‍ ലക്ഷ്യമിടുന്നത്. Consolidation (ധനക്കമ്മി നിയന്ത്രണം), Consumption (ഉപഭോഗം വര്‍ദ്ധിപ്പിക്കല്‍), Capital Expenditure (മൂലധന ചെലവ്) എന്നീ മൂന്ന് ഇ കളില്‍ കേന്ദ്രീകരിച്ചുള്ള സമീപനമാണ് ധനമന്ത്രി നിര്‍മലാ സീതാരാമന് ഈ ബജറ്റില്‍ സ്വീകരിച്ചു കാണുന്നത്.
കൂടുതല്‍ പേരെ നികുതിവലയത്തില്‍ കൊണ്ടുവരുന്നതോടൊപ്പം സാധാരണ നികുതിദായകരുടെ സമ്പാദ്യവും പണമിടപാടുകളും വര്‍ദ്ധിപ്പിക്കാനും ബില്ലില്‍ നിര്‍ദ്ദേശങ്ങളുണ്ട്. മധ്യവര്‍ഗ്ഗത്തിന് ആശ്വാസമാകുന്ന ഒരു നികുതി സംവിധാനമാണ് വികസിത ഭാരതത്തിന് ആവശ്യം.
ഭാരതത്തിന്റെ സാമ്പത്തിക സ്ഥിതിയെ ഏറെ സ്വാധീനിക്കുന്ന ചരക്കു സേവന നികുതി കാര്യക്ഷമമാക്കുക, ഉത്പാദനരംഗം ശക്തമാക്കുക, ഉപഭോഗം ഉത്തേജിപ്പിക്കുക എന്നിവയ്ക്കാണ് ഈ ബജറ്റിലൂടെ കേന്ദ്ര ധനമന്ത്രി ഊന്നല്‍ നല്‍കുന്നത്. ആഭ്യന്തര ഉത്പാദനവും ഉപഭോഗവും വര്‍ധിപ്പിച്ചും ജിഎസ്ടി സംവിധാനം കൂടുതല്‍ മെച്ചപ്പെടുത്തിയും പരോക്ഷനികുതി വര്‍ധിപ്പിക്കാനും ധനമന്ത്രി ബജറ്റിലൂടെ ലക്ഷ്യമിടുന്നു.
(കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല മാനേജ്മെന്റ് വകുപ്പില്‍ മുന്‍ പ്രൊഫസറും ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന അധ്യക്ഷനുമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: