ഗാലെ: ടെസ്റ്റ് ക്രിക്കറ്റില്‍ ശ്രീലങ്കയ്ക്ക് അവരുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഇന്നിങ്സ് പരാജയം. ലങ്കയെ അവരുടെ നാട്ടില്‍ ഓസ്ട്രേലിയ പരാജയപ്പെടുത്തിയത് ഇന്നിങ്സിനും 242 റണ്‍സിനും. 2017ല്‍ ഇന്ത്യയോടായിരുന്നു ഇതിന് മുമ്പ് ശ്രീലങ്ക ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ഇന്നിങ്സ് തോല്‍വി നേരിട്ടത്. ഇന്നിങ്സിനും 239 റണ്‍സിനുമായിരുന്നു അന്ന് ലങ്കന്‍ നിരയുടെ തോല്‍വി.
ഗാലെയില്‍ സന്ദര്‍ശകരുടെ 654 റണ്‍സിനെതിരെ ശ്രീലങ്ക ആദ്യ ഇന്നിങ്സില്‍ 165 റണ്‍സില്‍ ഓള് ഔട്ടായി ഫോളോ ഓണ്‍ വഴങ്ങി. തുടര്‍ന്ന് രണ്ടാം ഇന്നിങ്സ് ബാറ്റ് ചെയത ആതിഥേയര്‍ 54.3 ഓവറില്‍ 247 റണ്‍സില്‍ എല്ലാവരും പുറത്തായി. ഓസീസ് വിജയത്തിന്റെ അടിത്തറയായ കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്താന്‍ നേതൃത്വം നല്കിയ ഇരട്ട സെഞ്ച്വറിക്കാരന്‍ ഉസ്മാന് ഖവാജ(232) കളിയിലെ താരമായി.
മത്സരത്തിന്റെ നാലാം ദിവസമായ ഇന്നലെ അഞ്ചിന് 136 എന്ന നിലയിലാണ് ശ്രീലങ്ക മത്സരം ആരംഭിച്ചത്. തലേന്ന് മഴ പെയ്ത് കുറച്ച് സമയം മാത്രം കളിക്കാനായത് ഓസീസ് താരങ്ങളെ നിരാശപ്പെടുത്തിയിരുന്നു. അതിനെ മറികടക്കുന്ന പ്രകടനത്തിലൂടെ സ്പിന്നര്‍മാരായ മാത്യൂ കുഹ്നെമന്നും(അഞ്ച് വിക്കറ്റ്) നഥാന്‍ ലയണും(മൂന്ന്) ചേര്‍ന്ന് ലങ്കയെ അതിവേഗം എറിഞ്ഞിടുകയായിരുന്നു. തലേന്നത്തെ സ്കോറിലേക്ക് 29 റണ്‍സ് ചേര്‍ക്കുമ്പോഴേക്കും അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി ലങ്ക ആദ്യ ഇന്നിങ്സ് അടിയറവച്ചു.
ഫോളോ ഓണിനെ തുടര്‍ന്ന് വീണ്ടും ബാറ്റ് ചെയ്യേണ്ടിവന്ന ആതിഥേയരെ കാത്തിരുന്നത് കുഹ്നെമാനിന്റെയും ലയണിന്റെയും മാജിക്ക് സ്പിന്‍ ആയിരുന്നു. ഇരുവരും നാല് വീതം വിക്കറ്റ് നേടിയ പ്രകടനത്തിനൊടുവിലാണ് ഇന്നിങ്സ് ജയം ആഘോഷിച്ചത്.
ലങ്കന്‍ നിരയില്‍ ഒമ്പതാമന്‍ ജെഫ്രി വാന്‍ഡേഴ്സ് അര്‍ദ്ധ സെഞ്ച്വറി(53) നേടിയത് അല്‍പ്പം ആശ്വാസം പകര്‍ന്നു. മറ്റ് ബാറ്റര്‍മാരില്‍ ദിനേശ് ചണ്ഡിമല്‍(31), ആഞ്ചെലോ മാത്യൂസ്(41), കമിന്തു മെന്‍ഡിസ്(32), ക്യാപ്റ്റന്‍ ധനഞ്ജയ ഡി സില്‍വ(39), കുശാല്‍ മെന്‍ഡിസ്(34) എന്നിവരുടെ ഭേദപ്പെട്ട പ്രകടനം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ലയണിനും കുഹ്നെമാന്നും പുറമെ പേസര്‍മാരായ മിച്ചല്‍ സ്റ്റാര്‍ക്കും ടോഡ് മര്‍ഫിയും ഓസീസിനായി ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: