പി.എസ്. നായര്‍
(പ്രസിഡണ്ട്, ഹിന്ദുമത മഹാമണ്ഡലം,
അയിരൂര്‍-ചെറുകോല്‍പ്പുഴ)
ഒരു നൂറ്റാണ്ടും ഒരു വ്യാഴവട്ടവും പൂര്‍ത്തിയാക്കി അയിരൂര്‍, ചെറുകോല്‍പുഴ ഹിന്ദുമത പരിഷത്ത് 113-ാമത് സമ്മേളനത്തിലേക്ക് കടക്കുകയാണ്. ഇന്ന് ആരംഭിക്കുന്ന സമ്മേളനം ഈ മാസം 9-ന് ആണു സമാപിക്കുക. 113-ാം മത പരിഷത്തിലെ ഏറ്റവും ശ്രദ്ധേയമായ സമ്മേളനങ്ങളില്‍ ഒന്നാണ് ഫെബ്രുവരി 5-ന് നടക്കുന്ന ഹിന്ദു ഏകതാ സമ്മേളനം. രാഷ്ട്രീയ സ്വയംസേവക സംഘം സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ആണ് ഹിന്ദു ഏകതാ സമ്മേളനത്തിന്റെ ഉദ്ഘാടകന്‍.
ഹിന്ദുമതത്തെ ശിഥിലമാക്കിയിരുന്ന അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും അയിത്തത്തിനും എതിരെ ജനങ്ങളെ ബോധവാന്മാരാക്കി ഏകീകൃത ഹിന്ദുസമൂഹത്തെ വാര്‍ത്തെടുക്കാന്‍ നേതൃത്വം കൊടുത്ത ആദ്ധ്യാത്മിക ആചാര്യന് പരമഭട്ടാരക ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വമി തിരുവടികളുടെ ഉദ്ബോധനങ്ങളില്നിന്നും ഉപദേശങ്ങളില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് സ്വാമികളുടെ മുഖ്യശിഷ്യന്‍ തീര്‍ത്ഥപാദ പരമഹംസ സ്വാമികളുടെ സാന്നിദ്ധ്യത്തിലും നിര്‍ദ്ദേശത്തിലും 1913-ല്‍ രൂപമെടുത്തതാണ് ഇന്നറിയപ്പെടുന്ന അയിരൂര്‍, ചെറുകോല്‍പുഴ ഹിന്ദുമത പരിഷത്ത്.
കിഴക്കേ ചക്രവാളത്തിന് താഴെ ജനകോടികളുടെ വിശ്വാസ കേന്ദ്രമായ ശബരിമലയില്‍ ആരംഭിച്ച് ആ പുണ്യതീര്‍ഥവുമായി അഭംഗുരം ഒഴുകുന്ന പമ്പയുടെ പുളിനമാണ് സമ്മേളനവേദി. നിരവധിയായ ആധ്യാത്മിക സമ്മേളനങ്ങളും സാംസ്കാരിക ഉത്സവങ്ങളും ഇന്ന് പമ്പയെ കൂടുതല്‍ മനോഹരമാക്കുന്നു. എന്നാല്‍ ഈ പുണ്യ തീരത്തിനെ കൂടുതല്‍ കൂടുതല്‍ ധന്യമാക്കുകയാണ് അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദു മതപരിഷത്ത്.
”ലോകാഃ സമസ്താഃ സുഖിനോ ഭവന്തുഃ” എന്ന ആപ്ത വാക്യം ശിരസാ വഹിച്ചാണ് ഇക്കാലമത്രയും പരിഷത്ത് മുന്നോട്ടുപോയത്. 112 വര്‍ഷവും ഒരു മുടക്കവും കൂടാതെ നടന്ന പരിഷത്തില്‍ ഇത്തവണ ഉദ്ഘാടനസഭ, ധര്‍മ്മാചാര്യസഭ, അയ്യപ്പഭക്ത സമ്മേളനം, പരിസ്ഥിതി സമ്മേളനം, ആചാര്യ അനുസ്മരണ സമ്മേളനം, വനിതാ സമ്മേളനം, മതപാഠശാല -ബാലഗോകുല സമ്മേളനം, സമാപനസഭ എന്നിങ്ങനെ വിവിധങ്ങളായ പരിപാ
ടികളാണ് നടക്കുക.
ഫെബ്രുവരി 5-ന് ഉച്ചതിരിഞ്ഞ് 3.30ന് ആണ് ഹിന്ദു ഏകതാസമ്മേളനം. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ആണ് ഏകതാ സമ്മേളനം ഉദ്ഘാടനം ചെയ്യുക. 113-ാമത് വര്‍ഷത്തിലേക്ക് എത്തിയ അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിലെ ഹിന്ദു ഏകതാ സമ്മേളനം നൂറ്റാണ്ടു പൂര്‍ത്തിയാക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സര്‍സംഘചാലക് ഉദ്ഘാടനം ചെയ്യുന്നു എന്നത് മഹത്തായൊരു ചരിത്ര നിയോഗമാണ്. ഭാര്ഗവഭൂമി ഇതുവരെ കാണാത്ത മഹാസമ്മേളനം എന്ന നിലയിലാവും ഹിന്ദു ഏകതാ സമ്മേളനം ഭാവി ഭാരത ചരിത്രത്തില്‍ ഇടം പിടിക്കുക.
ഭാരത സംസ്കാരത്തിന്റെ ഈടിരിപ്പുകളായ വേദോപനിഷത്തുക്കളുടെ സത്ത ഉള്‍ക്കൊണ്ടാണ് കാലമിത്രയായിട്ടും പുണ്യപമ്പയ്ക്കൊപ്പം മത പരിഷത്തിന്റെയും അനുസ്യൂത പ്രവാഹം. ലോകത്തിന്റെ പലഭാഗത്തും രാഷ്ട്രീയ-സാംസ്കാരിക അരാജകത്വം നടമാടുമ്പോള്‍ അതിന് പരിഹാരം ഭാരതീയ വേദോപനിഷത്തുകളും അതു മുന്നോട്ടു വയ്ക്കുന്ന സനാതന ദര്‍ശനവും മാത്രമാണെന്ന സത്യം കിഴക്കിനൊപ്പം പടിഞ്ഞാറും കൂടുതല്‍ കൂടുതല്‍ തിരിച്ചറിയുന്ന കാലഘട്ടമാണിത്. ഈ സനാതനധര്‍മ്മ സന്ദേശ പ്രചാരണമാണ് ഹിന്ദു മത മഹാമണ്ഡലത്തിന്റെ കര്‍മ്മവും ലക്ഷ്യവും
ധര്‍മ്മവും.
പരിഷത്ത് സമ്മേളനങ്ങളുടെ ആരംഭകാല പ്രഭാഷകരായിരുന്ന പരമഭട്ടാരക ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വമികളുടെ മുഖ്യശിഷ്യന്‍ തീര്‍ത്ഥപാദ പരമഹംസ സ്വാമികള്‍, വേദഗുരു ശ്രീ സദാനന്ദസ്വാമികള്‍ തുടങ്ങി ഋഷിതുല്യരായ സംന്യാസി ശ്രേഷ്ഠന്മാരും സാമൂഹിക പരിഷ്കര്‍ത്താക്കളും ഇന്നോളം നടത്തിയിട്ടുള്ള പ്രഭാഷണങ്ങളെല്ലാം വിശ്വാസികള്‍ പുണ്യ വചസ്സായി നെഞ്ചേറ്റിയിട്ടുണ്ട്. ഇനി മുന്നോട്ടും അത് അങ്ങനെ തന്നെയാവും എന്ന് ഉറപ്പാണ്. വേദങ്ങളും പുരാണങ്ങളും ഉപനിഷത്തുക്കളും വായിച്ചറിയാന്‍ ശേഷിയില്ലാത്തവര്‍ക്ക് എന്നും സഹായകമായി ഈ മഹത് പ്രസ്ഥാനം ഇനിയും പല നൂറ്റാണ്ടുകള്‍ നിലകൊള്ളുകതന്നെ ചെയ്യും.
ഒരു നൂറ്റാണ്ടും ഒരു പതിറ്റാണ്ടും പിന്നിട്ട ചരിത്രത്തിലൂടെ കടന്നു പോകുമ്പോഴും ആരംഭ ലക്ഷ്യത്തില്‍ നിന്നും അണുവിട വ്യതിചലിക്കാതെയാണ് ഹിന്ദു മത മഹാ മണ്ഡലം അനസ്യുതം മുന്നോട്ടു പോകുന്നത്.
ഉച്ച നീചത്വങ്ങള്‍ ഇല്ലാത്ത, ജാതിയും ഉപജാതിയും ഇല്ലാത്ത, സവര്‍ണ്ണനും അവര്‍ണ്ണനും
ഇല്ലാത്ത കേരളവും ഭാരതവും കെട്ടിപ്പെടുക്കുകയാണ് ഹിന്ദുമത മഹാമണ്ഡലത്തിന്റെ ലക്ഷ്യം. ഒപ്പം മത മഹാമണ്ഡലത്തിന്റെ ആചാര്യപദം അലങ്കരിക്കുന്ന ശ്രീ വിദ്യാധി രാജ ചട്ടമ്പി സ്വാമികളുടെ സ്മരണ എക്കാലവും നിലനിര്‍ത്തുന്നതിനും
പരിഷത്ത് പ്രവര്‍ത്തകര്‍ പ്രതിജ്ഞാബദ്ധമാണ്.
വിപുലമായ പ്രചാരണ പരിപാടികളാണ് 113-ാമത് പരിഷത്തിനു മുന്നോടിയായി നടന്നത്. 113 സ്ഥലങ്ങളില്‍ നടന്ന പമ്പാ ആരതി ആയിരുന്നു ഇത്തവണത്തെ സവിശേഷ പ്രചാരണങ്ങളില്‍ ഒന്ന്. ഗണതന്ത്ര ദിനത്തില്‍ ഒരു ലക്ഷത്തിലേറെ വ്യക്ഷത്തൈകള്‍ നട്ടതും വേറിട്ട പ്രചാരണമായി. വിവേകാനന്ദ ജയന്തി മുതല്‍ സുഭാഷ്ചന്ദ്രബോസ് ജയന്തി വരെയുള്ള 12 ദിവസങ്ങളില്‍ വിപുലമായ ഗൃഹസമ്പര്‍ക്കവും നടന്നു. പത്തനംതിട്ട ജില്ലയിലെ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ചെങ്ങന്നൂര്‍ താലൂക്കിലെ മുനിസിപ്പാലിറ്റിയിലും പഞ്ചായത്തുകളിലും ഹിന്ദു നേതൃത്വ സമ്മേളനങ്ങളും നടന്നു.
ഇന്നു മുതല്‍ വഴിയായ വഴിയെല്ലാം ചെറുകോല്പുഴയിലേക്കാണ്, മതപരിഷത്ത് വേദിയിലേക്കാണ്. സംന്യാസിശ്രേഷ്ഠര്‍, ഗവര്‍ണര്‍മാര്‍, കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍, സാംസ്കാരിക നായകര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ ഒരാഴ്ച നീളുന്ന വിവിധ സമ്മേളനങ്ങളില്‍ പങ്കെടുക്കുമ്പോള്‍; അയിരൂര്‍, ചെറുകോല്‍ പുഴ ഹിന്ദുമത പരിഷത്തിന്റെ ചരിത്രത്തിലെ ഒരു അവിസ്മരണീയ ഏടായി 113-ാമത് മതമഹാസമ്മേളനം മാറും എന്നതില്‍ സംശയമില്ല. അതിശക്തമായ സനാതന സംസ്കാരത്തെ അപചയപ്പെടുത്താനുള്ള ഗൂഢനീക്കങ്ങള്‍ ചെറുത്തുതോല്‍പ്പിച്ച് ശുഭകരമായ ഭാവിയിലേക്ക് മുന്നേറാന്‍ 113-മത് പരിഷത്ത് നമുക്ക് ആവേശമേകട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: