ന്യൂദല്‍ഹി: സന്തുലിതവും വികസനോന്മുഖവുമാണ് ബജറ്റെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്. എല്ലാ വിഭാഗങ്ങളുടെയും സാമ്പത്തിക സാമൂഹിക ഉന്നമനം ലക്ഷ്യംവയ്ക്കുന്ന ബജറ്റ് അവതരിപ്പിച്ച കേന്ദ്രധനകാര്യ മന്ത്രി നിര്‍മലാ സീതാരാമനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പാവപ്പെട്ടവരെ കേന്ദ്രീകരിച്ച് നടപ്പാക്കിയ പദ്ധതികളുടെ ഫലമായി കഴിഞ്ഞ പത്തുവര്‍ഷം കൊണ്ട് 25 കോടി ജനങ്ങളെ പട്ടിണിയില്‍ നിന്നും മുക്തരാക്കിയിട്ടുണ്ട്. അവരില്‍ നല്ലൊരു ശതമാനവും ഇപ്പോള്‍ മധ്യവര്‍ഗമായി ഉയര്‍ന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഫിഷറീസ് മേഖലയ്ക്ക് മികച്ച പിന്തുണയാണ് ബജറ്റ് നല്‍കുന്നതെന്ന് ജോര്‍ജ് കുര്യന് പറഞ്ഞു. ഭാരതത്തിന്റെ എക്സ്ക്ലൂസീവ് ഇക്കണോമിക് സോണ്‍ 200 നോട്ടിക്കല്‍ മൈലാണ്. എന്നാല്‍ ഇപ്പോള്‍ 60 നോട്ടിക്കല്‍ മൈല്‍ വരെ മത്സ്യബന്ധനം ചെയ്യാനുള്ള ശേഷിയെ ഉള്ളൂ.
ആഴക്കടല്‍ മത്സ്യബന്ധനത്തിനുതകുന്ന ബോട്ടുകള്‍, മറ്റു സൗകര്യങ്ങള്‍ എന്നിവ ഉപയോഗപ്പെടുത്തി മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കുന്ന കൂടുതല്‍ പദ്ധതികള്‍ക്ക് തുടക്കം കുറിക്കും. ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍, ലക്ഷദ്വീപ് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചുള്ള ട്യൂണ ക്ലസ്റ്ററിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തും. മത്സ്യകയറ്റുമതി 60,000 കോടി രൂപയില്‍ നിന്നും ഒരു ലക്ഷം കോടിയാക്കും. കര്‍ഷകര്‍ക്ക് കൂടുതല്‍ വായ്പ നല്‍കുന്നതിനായി കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ പരിധി മൂന്ന് ലക്ഷത്തില്‍ നിന്ന് അഞ്ച് ലക്ഷമായി ഉയര്‍ത്തുമെന്നും പ്രഖ്യാപനമുണ്ട്.
യുവാക്കള്‍-വനിതകള്‍-വനവാസി വിഭാഗങ്ങള്‍ എന്നിവര്‍ക്കായി പ്രത്യേകം പദ്ധതികള്‍ തുടങ്ങിയവയും ബജറ്റിലുണ്ട്. കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യവികസനം, എഐ ഉള്‍പ്പെടെ സാങ്കേതികവിദ്യകളിലെ മുന്നേറ്റം എന്നിവയ്ക്കായും ബജറ്റില്‍ പ്രഥമപരിഗണന നല്‍കിയതായും ജോര്‍ജ് കുര്യന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: