ഡെറാഡൂണ്‍: ദേശീയ ഗെയിംസില്‍ കേരളം വനിതകളുടെ 5-5 ബാസ്ക്കറ്റ്ബോളിലും വനിതാ, പുരുഷ വോളിബോളിലും ഫൈനലില്‍.
വനിതകളുടെ 5-5ബാസ്കറ്റ്ബാള്‍ സെമിയില്‍ കേരളം കര്‍ണാടകയെ തോല്‍പ്പിച്ചു. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ 64-52 എന്ന സ്കോറിനാണ് കേരളം കര്‍ണാടകയെ മറികടന്നത്. ഫൈനലില്‍ കേരളം തമിഴ്നാടിനെ നേരിടും. അവസാന പാദത്തില്‍ ശ്രീകലയുടെ പ്രകടനമാണ് കേരളത്തെ ഫൈനല്‍ പോഡിയത്തിലെത്തിച്ചത്. 25 പോയിന്റും 10 റീബൗണ്ടുകളും നേടി ശ്രീകല മത്സരത്തില്‍ തിളങ്ങി. അവസാന പാദത്തില്‍ കേരളം നേടിയ 17 പോയിന്റില്‍ 12 പോയിന്റും ശ്രീകലയുടെവകയായിരുന്നു. 12 പോയിന്റും 7 റീബൗണ്ടുമായി ജീന പി എസും മികച്ചു നിന്നു.
വനിതകളുടെ വോളിബോളില്‍ നേരിട്ടുള്ള മൂന്ന് സെറ്റുകള്‍ക്ക് ഛണ്ഡീഗഡിനെ പരാജയപ്പെടുത്തിയാണ് കേരളം ഫൈനലില്‍ പ്രവേശിച്ചത്. തോല്‍വി അറിയാതെയാണ് കേരളത്തിന്റെ ഫൈനല്‍ പ്രവേശം. സ്കോര്‍: 25-18, 25-11, 25-12. ഫൈനലില്‍ കേരളം തമിഴ്നാടിനെ നേരിടും.
പുരുഷന്മാരുടെ സെമിയില്‍ കേരളം തമിഴ്നാടിനെ പരാജയപ്പെടുത്തി ഫൈനലില്‍ പ്രവേശിച്ചു. നേരിട്ടുള്ള മൂന്ന് സെറ്റുകള്‍ക്കായിരുന്നു ജയം. സ്കോര്‍: 25-21, 25-23, 26-24. ഫൈനലില്‍ കേരളം സര്‍വീസസിനെ നേരിടും. ഗ്രൂപ്പ് ഘട്ടത്തില്‍ സര്‍വീസസ് കേരളത്തെ തോല്‍പ്പിച്ചിരുന്നു.
81 കിലോ ഗ്രാം വെയ്റ്റ്ലിഫ്റ്റില്‍ കേരത്തിന്റെ സ്കില്റ്റിന് പോള്‍ അഞ്ചാമതായി മത്സരം പൂര്‍ത്തിയാക്കി. കേരളത്തിന്റെ മെഡല്‍ പ്രതീക്ഷയായിരുന്നു സ്കില്റ്റിലിന് മത്സരത്തിന് രണ്ട് ദിവസം മന്മ്പ് ഗെയിംസ് വില്ലേജില്‍ നിന്ന് ഭക്ഷണം കഴിച്ച് ഭക്ഷ്യ അണുബാധയേറ്റിരുന്നു. 81 കിലോ ഗ്രാമിന്റെ മത്സരത്തില്‍ സ്കില്റ്റന്റെ ഭാരം 78 കിലോ മാത്രമായിരുന്നു.
പുരുഷന്മാരുടെ ഫുട്ബോളില്‍ സെമി ലക്ഷ്യമിട്ട് ഇറങ്ങിയ കേരളം ദല്‍ഹിയോട് ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെട്ടു. ഇതോടെ നാളെ നടക്കുന്ന സര്‍വീസസിനെതിരെയുള്ള മത്സരം നിര്‍ണായകമാകും. ആദ്യ മത്സരത്തില്‍ കേരളം മണിപ്പൂരിനെ തോല്‍പ്പിച്ചിരുന്നു. ഷൂട്ടിങ്ങില്‍ കേരളത്തിന് ഫൈനലിലേക്ക് മുന്നേറാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: