മണ്ണാര്‍ക്കാട്: വാഹനമോടിക്കുന്നതിനിടെ ഡ്രൈവര്‍ക്ക് ഉറക്കം വരുന്നത് തിരിച്ചറിഞ്ഞ് അപകടം ഒഴിവാക്കാന്‍ നിര്‍മിതബുദ്ധിയുടെ സഹായത്തോടെ നൂതന സംവിധാനം ഒരുക്കി ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥത്ഥിനി. നെയ്യാറ്റിന്‍കര ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠിക്കുന്ന നിവേദ്യയാണ് പുതിയ കണ്ടുപിടുത്തവുമായി രംഗത്തെത്തിയിരിക്കുന്നത്. ഡ്രൈവിങ്ങിനിടെ ഉറക്കം വരുന്നത് പലപ്പോഴും വലിയ വാഹനാപകടങ്ങള്‍ക്ക് കാരണമാകാറുണ്ട്. പ്രത്യേകിച്ച് ദീര്‍ഘദൂര യാത്രകളിലും രാത്രികാല യാത്രകളിലും ഡ്രൈവര്‍ അറിയാതെ ഉറക്കത്തിലേക്ക് വഴുതിവീഴുന്നത് വലിയഅപകടസാധ്യത സൃഷ്ടിക്കുന്നു. ഈ പ്രശ്നത്തിന് സാങ്കേതികവിദ്യയുടെ സഹായത്തോടെ പരിഹാരം കണ്ടെത്തുകയാണ് നിവേദ്യ.
വാഹനത്തിന്റെ സ്റ്റിയറിങ്ങില്‍ ഘടിപ്പിച്ചിരിക്കുന്ന കാമറയാണ് സംവിധാനത്തിലെ പ്രധാന ഘടകം. ഡ്രൈവറുടെ കണ്ണുകളെ നിരന്തരം നിരീക്ഷിക്കുന്ന കാമറ, കണ്ണുകള്‍ അടയുന്നതും ഉറക്കത്തിന്റെ ലക്ഷണങ്ങളും തിരിച്ചറിയാന്‍ നിര്‍മിതബുദ്ധിയുടെ സഹായം തേടുന്നു. ഡ്രൈവര്‍ ഉറക്കത്തിലേക്ക് വഴുതുന്നതായി സംവിധാനം തിരിച്ചറിഞ്ഞാല്‍ രണ്ട് സെക്കന്‍ഡിനുള്ളില്‍ സൈറണ്‍ മുഴങ്ങും. ഇതിലൂടെ ഡ്രൈവര്‍ക്ക് മുന്നറിയിപ്പ് ലഭിക്കുകയും വാഹനം നിയന്ത്രിച്ച് അപകടസാധ്യത ഒഴിവാക്കാന്‍ അവസരം ലഭിക്കുകയും ചെയ്യും. മുന്നറിയിപ്പ് ഡ്രൈവറില്‍ മാത്രം ഒതുങ്ങുന്നില്ല എന്നതാണ് സംവിധാനത്തിന്റെ മറ്റൊരു പ്രത്യേകത. ഡ്രൈവര്‍ ഉറങ്ങുന്നതായി തിരിച്ചറിയുമ്പോള്‍ വീട്ടിലുള്ളവര്‍ക്കും സന്ദേശം ലഭിക്കും. ഇതുവഴി യാത്രയ്‌ക്കിടെ ഡ്രൈവറുടെ സുരക്ഷയെക്കുറിച്ച് കുടുംബാംഗങ്ങള്‍ക്കും അറിയാന്‍ കഴിയും. നിര്‍മിതബുദ്ധിയെ ദൈനംദിന ജീവിതത്തിലെ സുരക്ഷാ പ്രശ്നങ്ങള്‍ക്ക് പരിഹാരമായി ഉപയോഗിക്കാമെന്ന് തെളിയിക്കുന്നതാണ് നിവേദ്യയുടെ ആശയം. സാങ്കേതികവിദ്യയെ വെറും പഠനവിഷയമായി കാണാതെ മനുഷ്യജീവന്‍ സംരക്ഷിക്കാനുള്ള ഉപാധിയാക്കി മാറ്റുകയാണ് ഈ കൊച്ചുമിടുക്കി. റോഡപകടങ്ങള്‍ കുറയ്‌ക്കാനും സുരക്ഷിതമായ യാത്ര ഉറപ്പാക്കാനും സഹായിക്കുന്ന സംവിധാനമെന്ന നിലയിലാണ് ഈ കണ്ടുപിടിത്തം ശ്രദ്ധേയമാകുന്നത്.


















