വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡ് പര്യടനത്തിലുള്ള ഭാരതത്തിന് ഇന്ന് ആദ്യ ടെസ്റ്റ്. പുലര്‍ച്ചെ 3.30ന് വെല്ലിങ്ടണിലെ ബേസിന്‍ റിസെര്‍വ് സ്റ്റേഡിയത്തിലാണ് മത്സരം. രണ്ട് മത്സര പരമ്പരയിലെ ആദ്യത്തേതാണിത്. കരുത്തന്‍ ടീം എന്ന ആത്മവിശ്വാസത്തോടെയാണ് കിവീസ് ഇറങ്ങുന്നത്. പരിമിത ഓവര്‍ പരമ്പരകള്‍ സ്വന്തമാക്കിയ ആത്മവിശ്വാസമുള്ളപ്പോഴും ടെസ്റ്റ് ക്രിക്കറ്റില്‍ നഷ്ടപ്പെട്ടുപോയ വിശ്വാസ്യത വീണ്ടേടുക്കേണ്ട ഉത്തരവാദിത്തവുമായാണ് ഭാരതം ഇറങ്ങുന്നത്.
ന്യൂസിലന്‍ഡില്‍ ഭാരതം ഏറ്റവും ഒടുവില്‍ ഒരു ടെസ്റ്റ് മത്സരം വിജയിച്ചത് 18 വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. 2008-09ല്‍ മൂന്ന് മത്സര പരമ്പര 1-0ന് ഭാരതം വിജയിച്ച മത്സരത്തിലായിരുന്നു ആ വിജയം. ന്യൂസിലന്‍ഡില്‍ ഭാരതത്തിന്റെ രണ്ടാമത്തെ പരമ്പര വിജയമായിരുന്നു. അത്. 1967-68ല്‍ ഭാരത ടീം ആദ്യമായി ന്യൂസിലന്‍ഡിലെത്തിയപ്പോള്‍ പരമ്പര നേട്ടത്തോടെയാണ് മടങ്ങിയതായിരുന്നു ആദ്യ വിജയം. 2008ലെ വിജയത്തിന് ശേഷം 2013ലും 2019ലും ഭാരതം ന്യൂസിലന്‍ന്‍ഡിലെത്തിയപ്പോള്‍ 0-1നും 0-2നും പരാജയപ്പെട്ടാണ് മടങ്ങിയത്. എന്നാല്‍ സ്വന്തം നാട്ടില്‍ ഭാരതം ന്യൂസിലന്‍ഡിനോട് ടെസ്റ്റ് പരമ്പര പരാജയപ്പെട്ടിട്ടില്ലെന്ന ആശ്വാസം രണ്ട് വര്‍ഷം മുമ്പ് വരെ ഉണ്ടായിരുന്നു. 2024ല്‍ ഭാരതത്തിലെത്തിയ കിവീ കൂട്ടം മൂന്ന് മത്സര പരമ്പര 3-0ന് ഭാരതത്തെ മുട്ടുകുത്തിച്ചാണ് മടങ്ങിയത്. ആ പരമ്പരയിലേറ്റ തിരിച്ചടിയില്‍ നിന്ന് ഭാരതത്തിന് ഇനിയും കരകയറാനായിട്ടില്ല. മുന്‍ കാലങ്ങളില്‍ ടെസ്റ്റ് ക്രിക്കറ്റിലുണ്ടായിരുന്ന വലിയ സ്വീകാര്യത വീണ്ടെടുക്കാന്‍ സാധിക്കണം.
ഏഴ് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ഭാരതം ന്യൂസിലന്‍ഡ് പര്യടനത്തിനെത്തുന്നത്. അന്ന് ടീമില്‍ കൗമാരതാരമായിരുന്ന ശുഭ്മാന്‍ ഗില്‍ ഇന്ന് നായകനാണ്. വിരാട് കോഹ്‌ലി അടക്കമുള്ള ഒരു തലമുറ കൂടൊഴിഞ്ഞു പോയ ശേഷമുള്ള ആദ്യ പരമ്പര കൂടിയാണിത്. പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് 27ന് ക്രൈസ്റ്റ് ചര്‍ച്ചില്‍ ആണ്.
ന്യൂസിലന്‍ഡ് ടീം
കൈയ്‌ക്ക് പരിക്കേറ്റതിനാല്‍ കിവീസ് ടീമില്‍ മിച്ചല്‍ സാന്റ്‌നര്‍ കളിക്കില്ല. ന്യൂസിലന്‍ഡ് എയ്‌ക്ക് വേണ്ടി അത്യുഗ്രന്‍ പ്രകടനം കാഴ്‌ച്ചവച്ച ഡീന്‍ ഫോക്‌സ് ക്രോഫ്റ്റ് ടീമിലുണ്ടാകും.
സാധ്യതാ ഇലവന്‍: ടോം ലാതം, ഡെവോന്‍ കോണ്‍വേ, ഹെന്റി നിക്കോള്‍സ്, രചിന്‍ രവീന്ദ്ര, ഡാരില്‍ മിച്ചല്‍, ടോം ബ്ലണ്ടല്‍, ഗ്ലെന്‍ ഫില്ലിപ്‌സ്, നഥാന്‍ സ്മിത്ത്, മാറ്റ് ഹെന്റി, കൈല്‍ ജാമീസണ്‍, ജേക്കബ് ഡഫി
ഭാരത ടീം
നാല് പേസര്‍മാരെ കളത്തിലിറക്കുമെന്ന് ശുഭ്മാന്‍ ഗില്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു. ബാറ്റിങ്ങില്‍ വലിയ പ്രതീക്ഷയോടെയാണ് ലൈനപ്പിനെയാണ് നിരത്തുന്നത്.
സാധ്യതാ ഇലവന്‍: യശസ്വി ജയ്‌സ്വാള്‍, കെ.എല്‍. രാഹുല്‍, ദേവ്ദത്ത് പടിക്കല്‍, ശുഭ്മാന്‍ ഗില്‍, ഋഷഭ് പന്ത്, ധ്രുവ് ജുറല്‍, രവീന്ദ്ര ജഡേജ, നിതീഷ് കുമാര്‍ റെഡ്ഡി, ഗുര്‍ണൂര്‍ ബ്രാര്‍, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ.


















