ഹോബാര്‍ട്ട്: ലോക ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയെ നിര്‍ണായക പോരാട്ടത്തില്‍ കീഴടക്കി ഇംഗ്ലണ്ട് ഏകദിന പരമ്പര സ്വന്തമാക്കി. ഓസ്‌ട്രേലിയയെ അവരുടെ നാട്ടില്‍ പര്യടനത്തിനെത്തിയാണ് ഇംഗ്ലണ്ട് 2-1ന് പരമ്പര സ്വന്തമാക്കിയത്. ഫൈനലിന് സമാനമായി നടന്ന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ ഇംഗ്ലണ്ട് വിജയിച്ചത് 97 റണ്‍സിന്.
ആദ്യം ബാറ്റ് ചെയ്ത അവര്‍ 48.3 ഓവറില്‍ 328 റണ്‍സെടുത്ത് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങില്‍ ഓസ്‌ട്രേലിയ 46.5 ഓവറില്‍ 231 റണ്‍സെടുത്ത് എല്ലാവരും പുറത്തായി.
ഓപ്പണര്‍ ബെന്‍ ഡക്കറ്റ് നേടിയ സെഞ്ചുറി പ്രകടന(133)ത്തിന്റെ ബലത്തിലാണ് ഇംഗ്ലണ്ട് വമ്പന്‍ സ്‌കോര്‍ നേടിയത്. ടോം ബാന്റണ്‍(44), വില്‍ ജാക്‌സ്(59) എന്നിവരും ഇംഗ്ലണ്ടിനായി മിന്നിച്ചു. ഓസീസിനായി ജാക്ക് എഡ്വേര്‍ഡ്‌സ് നാല് വിക്കറ്റ് വീഴ്‌ത്തി.
മറുപടി ബാറ്റിങ്ങില്‍ ഓസ്‌ട്രേലിയന്‍ ബാറ്റര്‍മാരെ നാല് വിക്കറ്റ് നേട്ടവുമായി സോണി ബേക്കറും മൂന്ന് വിക്കറ്റ് വീഴ്‌ത്തി ലയാം ഡോവ്‌സണുമാണ് എറിഞ്ഞിട്ടത്. പാടേ തകര്‍ന്ന് ഓസീസ് നിരയില്‍ മാറ്റ് റെന്‍ഷോ(55), അലെക്‌സ് കാരി(37), ജാക്ക് എഡ്വേര്‍ഡ്‌സ്(31) എന്നിവര്‍ മാത്രമാണ് പിടിച്ചു നിന്നത്.
പരമ്പരയില്‍ ആദ്യ മത്സരത്തില്‍ ആതിഥേയരായ ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റിന് തകര്‍ത്തിരുന്നു. രണ്ടാം മത്സരത്തില്‍ 135 റണ്‍സിന് ജയിച്ചുകൊണ്ട് ഇംഗ്ലണ്ട് തിരിച്ചുവരവ് നടത്തി. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇംഗ്ലണ്ടിന് അഞ്ച് മത്സര ട്വന്റി20 പരമ്പര കൂടി ബാക്കിയുണ്ട്.


















