തിരുവനന്തപുരം: ഫാ. എഫ്രേം ട്രോഫി ഓള്‍ കേരള ഇന്റര്‍ സ്‌കൂള്‍ പ്രൈസ് മണി ബാസ്‌കറ്റ്‌ബോളില്‍ ആതിഥേയരായ സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജേതാക്കളായി. സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കോര്‍ട്ടില്‍ ഇന്നലെ നടന്ന 28-ാമത് ഫാ. എഫ്രേം ട്രോഫി ഓള്‍ കേരള ഇന്റര്‍ സ്‌കൂള്‍ പ്രൈസ് മണി ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റ് ഫൈനലില്‍ പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് എച്ച്.എസ്.എസിനെ (73-60) പരാജയപ്പെടുത്തി
ആവേശകരമായ കലാശപ്പോരാട്ടത്തില്‍ ആദ്യ ക്വാര്‍ട്ടറില്‍ 10-6 എന്ന നിലയില്‍ ലീഡ് നേടിയ ആതിഥേയര്‍, രണ്ടും മൂന്നും ക്വാര്‍ട്ടറുകളില്‍ (23-18, 21-18) ആധിപത്യം തുടര്‍ന്നു. 14 പോയിന്റുകള്‍ നേടിയ ജിയാന്റെയും 12 പോയിന്റുകള്‍ വീതം നേടിയ ജോയല്‍, ഋതുരാജ്, ആല്‍ഡ്രിന്‍ എന്നിവരുടെയും 10 പോയിന്റുകള്‍ നേടിയ അമലിന്റെയും മികച്ച ടീം പ്രകടനമാണ് സെന്റ് ജോസഫ്‌സിന് വിജയമൊരുക്കിയത്. അവസാന ക്വാര്‍ട്ടറില്‍ വാസുദേവ് ആര്‍, ഷിജോണ്‍ എന്നിവരുടെ മികവില്‍ സെന്റ്‌സെന്റ് സ്റ്റീഫന്‍സ് ശക്തമായ തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും 13 പോയിന്റുകള്‍ക്ക് പരാജയപ്പെടുകയായിരുന്നു.
തിരുവനന്തപുരം കൊമ്പന്‍സ് ഡയറക്ടറും, ബാസ്‌കറ്റ്‌ബോള്‍ ലീഗ് കേരള പ്രൊമോട്ടറുമായ ആര്‍. അനില്‍കുമാര്‍ വിജയികള്‍ക്കുള്ള ട്രോഫികളും ക്യാഷ് അവാര്‍ഡുകളും വിതരണം ചെയ്തു.













