പരിഷ്‌കൃത സമൂഹത്തിന്റെ മുഖമുദ്രയാണ് വിവാഹം. വ്യക്തിസ്വാതന്ത്ര്യത്തിന്റെ വക്താക്കള്‍ക്ക് ചില പരിമിതികള്‍ ചൂണ്ടിക്കാട്ടാന്‍ ഉണ്ടാകുമെങ്കിലും വിവാഹത്തിന്റെ അഭാവത്തില്‍ ആണ്‍-പെണ്‍ ബന്ധങ്ങള്‍ ആരോഗ്യകരമായി മുന്നോട്ട് പോകണമെന്നില്ല. മനുഷ്യരാശിയുടെ പരിണാമത്തില്‍ ഒരു കാലഘട്ടം വരെ അലഞ്ഞുതിരിഞ്ഞ് നടന്നിരുന്നവര്‍ സ്വന്തം ഇണകളെ കണ്ടെത്താനും, ഒരുമിച്ച് ജീവിക്കാനും തുടങ്ങിയത് വിപ്ലവകരമായ മാറ്റമായിരുന്നു. കാലം ഒരുപാട് പിന്നിട്ടപ്പോള്‍ ഈ തെരഞ്ഞെടുപ്പ് വിവാഹം എന്ന രീതിയിലേക്ക് മാറുകയാണുണ്ടായത്. സഹസ്രാബ്ദങ്ങളായി വിവാഹങ്ങള്‍ നിലനില്‍ക്കുന്നു എന്നത് നമ്മുടെ ഇതിഹാസങ്ങള്‍ തന്നെ തെളിവ് നല്‍കുന്നുണ്ടല്ലോ. വിവാഹത്തിന്റെ അഭാവത്തില്‍ സമൂഹം തീര്‍ച്ചയായും അരാജകത്വത്തിലേക്ക് നീങ്ങുമായിരുന്നു എന്നു വേണം കരുതാന്‍.
പരമ്പരാഗതമായി വിവാഹത്തില്‍ സ്ത്രീകള്‍ക്കാണ് പ്രാമുഖ്യം. പെണ്‍കുട്ടികളെ മറ്റൊരാളുടെ കൈപിടിച്ച് കൊടുക്കുന്നതിനെ ക്കുറിച്ചായിരുന്നല്ലോ എല്ലാവരുടെയും ആശങ്ക. ഇതിനൊരു കാരണം സ്ത്രീധനം ആയിരിക്കാം. ആണ്‍കുട്ടികള്‍ക്ക് ഏത് സമയവും വിവാഹിതരാവാം. പെണ്‍കുട്ടികളുടെ കാര്യമാകുമ്പോള്‍ മാതാപിതാക്കള്‍ക്കും കുടുംബത്തിനും വലിയ തയ്യാറെടുപ്പുകള്‍ ആവശ്യമുണ്ട്. ഇങ്ങനെയൊരു സാഹചര്യത്തില്‍ നിന്നാണ് ‘പുര നിറഞ്ഞുനില്‍ക്കുന്ന പെണ്ണുങ്ങള്‍’ എന്ന പ്രയോഗം പോലും ഭാഷയില്‍ ഉടലെടുത്തത്. പതിറ്റാണ്ടുകളും ഒരുപക്ഷേ നൂറ്റാണ്ടുകളും നിലനിന്ന ഈ അവസ്ഥയ്‌ക്ക് വലിയ മാറ്റം വന്നിരിക്കുന്നു. ഇപ്പോള്‍ പുരനിറഞ്ഞ് നില്‍ക്കുന്നത് സ്ത്രീകളല്ല, പുരുഷന്മാരാണ്. ജാതിമത വ്യത്യാസങ്ങളോ ധനിക- ദരിദ്ര ഭേദമോ ഇല്ലാതെ നിരവധി കുടുംബങ്ങളില്‍ അവിവാഹിതരായ പുരുഷന്മാരെ കാണാന്‍ കഴിയും. ഇതിന്റെ കാരണം അന്വേഷിച്ചു കൊണ്ട് ജന്മഭൂമി പ്രസിദ്ധീകരിച്ച ‘പുരനിറഞ്ഞു നില്‍ക്കുന്ന പുരുഷന്മാര്‍’ എന്ന പരമ്പര ഒരുപാട് പുതിയ വസ്തുതകളിലേക്കും സാഹചര്യങ്ങളിലേക്കും വിരല്‍ ചൂണ്ടി.
ജനസംഖ്യയുടെ അനുപാതത്തില്‍ സ്ത്രീകള്‍ മുന്നിലായത് പുരുഷന്മാര്‍ക്ക് തെരഞ്ഞെടുപ്പിനു കൂടുതല്‍ സ്വാതന്ത്ര്യം നല്‍കേണ്ടതാണ്. പക്ഷേ ഇങ്ങനെ സംഭവിക്കുന്നില്ല. വധുവിന് അനുയോജ്യനായ വരനെ കിട്ടുന്നില്ല എന്നതല്ല ഇപ്പോഴത്തെ പരാതി. വരന് വധുവിനെ ലഭിക്കാത്തതാണ്. ഇതിന്റെ കാരണങ്ങളാണ് പരമ്പര അന്വേഷിച്ചത്. അസുഖകരമായ പല പ്രവണതകളും നമുക്കിടയില്‍ നിലനില്‍ക്കുന്നതായി കണ്ടെത്തുകയും ചെയ്യുന്നു. കാലത്തിനനുസരിച്ച് മാറാത്ത ചില വിശ്വാസങ്ങളും സങ്കല്പങ്ങളുമാണ് അവിവാഹിതരായ പുരുഷന്മാരെ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നതെന്ന് പരമ്പരയില്‍ കണ്ടെത്തിയിട്ടുള്ളത് വലിയൊരളവോളം ശരിയാണ്. ഹിന്ദുക്കളുടെ കാര്യം വരുമ്പോള്‍ ജാതിയും ജാതകവും ഇക്കാര്യത്തില്‍ പ്രമുഖ ഘടകമാണ്. ഈയൊരു കാരണം പുരുഷന്മാരെ കൂടുതലായി ബാധിക്കുന്നുണ്ടോ എന്ന കാര്യം അന്വേഷിക്കേണ്ടതുണ്ട്.
സ്വജാതീയ വിവാഹങ്ങളെക്കാള്‍ വിജാതീയ വിവാഹങ്ങളാണ് ഹിന്ദുക്കള്‍ക്കിടയില്‍ കൂടുതല്‍ നടക്കുന്നത്. ജാതിയനുസരിച്ചുള്ള മാട്രിമോണിയലുകളാണല്ലോ സജീവം. എല്ലാവരും ഒരു സുപ്രഭാതത്തില്‍ മിശ്രജാതി വിവാഹങ്ങള്‍ തെരഞ്ഞെടുക്കണം എന്നു വാശി പിടിക്കാന്‍ കഴിയില്ല. പക്ഷേ തുല്യ സാമ്പത്തിക നിലയും വിദ്യാഭ്യാസവും ജീവിത നിലവാരവുമൊക്കെയുള്ള വ്യത്യസ്ത ജാതികളില്‍പ്പെട്ടവര്‍ക്ക് എന്തുകൊണ്ട് പരസ്പരം വിവാഹിതരായിക്കൂടാ എന്ന ചോദ്യം പ്രസക്തമാണ്. നിരവധി വിവാഹങ്ങള്‍ ഇപ്രകാരം നടക്കുന്നുണ്ട്. വധൂവരന്മാരുടെ കുടുംബാംഗങ്ങള്‍ തുറന്ന മനസ്സോടെ ഇത്തരം ബന്ധങ്ങളെ സ്വീകരിക്കുമ്പോഴും സമുദായങ്ങളും സമൂഹവും പുറംതിരിഞ്ഞു നില്‍ക്കുന്ന സ്ഥിതിയുണ്ട്. ‘സാമാജിക സമരസത’ എന്ന ആശയം ഉള്‍ക്കൊള്ളുന്നതിലൂടെ ഇതിനു മാറ്റം വരുമെന്ന് പ്രതീക്ഷിക്കാം.
പല സമൂഹങ്ങളിലും ഇപ്പോള്‍ ആണ്‍കുട്ടികളെക്കാള്‍ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളത് പെണ്‍കുട്ടികള്‍ക്കാണ്. സ്വാഭാവികമായും ഇവര്‍ക്ക് ജോലിയും സ്വന്തമായ വരുമാനവും ഉണ്ടാകുന്നു. സ്വന്തം കാലില്‍ നില്‍ക്കാമെന്ന് വരുമ്പോള്‍ പെണ്‍കുട്ടികളുടെ തെരഞ്ഞെടുപ്പ് കര്‍ക്കശമാവും. വിദ്യാഭ്യാസം കുറവുള്ള, മതിയായ വരുമാനമില്ലാത്ത വരനെ സ്വീകരിക്കാന്‍ അവര്‍ക്ക് മാനസികമായ വൈമുഖ്യമുണ്ടാവാം. ആശയ വിനിമയോപാധികളും സഞ്ചാര സ്വാതന്ത്ര്യവും വിപുലമായതോടെ പലരും വിദേശ ജീവിതം സ്വപ്‌നം കാണുന്നു. ഇവിടെയും പെണ്‍കുട്ടികള്‍ ഒരുപടി മുന്നിലാണെന്ന് തോന്നുന്നു. വിദേശങ്ങളില്‍ ജോലിക്ക് പോകുന്ന പെണ്‍കുട്ടികളില്‍ നല്ലൊരു ശതമാനം അവിടങ്ങളില്‍ നിന്ന് വരനെ കണ്ടെത്തുന്നു. ഇവിടെയും തഴയപ്പെടുന്നത് പുരനിറഞ്ഞു നില്‍ക്കുന്ന പുരുഷന്മാരാണ്.
പുരുഷ കേന്ദ്രീകൃതമായ സമൂഹത്തിനും ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ട്. പണ്ടുകാലത്ത് സ്ത്രീകളുടെ കാര്യത്തില്‍ തീരുമാനങ്ങള്‍ എടുത്തിരുന്നത് പുരുഷന്മാര്‍ ആയിരുന്നല്ലോ. ഈ അവസ്ഥ മാറുകയാണ്. നേരത്തെ ‘വിവാഹക്കമ്പോളത്തില്‍’ ഡിമാന്റുകള്‍ വച്ചിരുന്നത് പുരുഷന്മാര്‍ ആയിരുന്നെങ്കില്‍ ഇന്ന് സ്ത്രീകളും അത് ചെയ്യുന്നു. വരന്റെ യോഗ്യതകള്‍ക്ക് അവര്‍ നിഷ്‌കരുണം വിലയിടും. ഇതില്‍ കടന്നുകൂടുക എന്നത് പല പുരുഷന്മാരെ സംബന്ധിച്ചും പ്രശ്‌നമാണ്. മൂല്യബോധം നേടിയെടുക്കുകയും, വ്യക്തി ബന്ധങ്ങള്‍ക്ക് വില കല്‍പ്പിക്കുകയും ചെയ്യുന്നതിലൂടെ ഈ സാഹചര്യത്തിന് മാറ്റം വരുമെന്ന് പ്രതീക്ഷിക്കാം. സമൂഹത്തിനും സംഘടനകള്‍ക്കും ഇതില്‍ വലിയ പങ്കുവഹിക്കാനുണ്ട്.


















