ന്യൂദല്‍ഹി: എല്ലാ യാത്രകളും അങ്ങിനെയാണ്. തുടങ്ങിയിടത്തു തന്നെ അവസാനിക്കും. കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ യാത്രയും തുടങ്ങിയിടത്തു തന്നെ അവസാനിച്ചിരിക്കുന്നു. സുപ്രീംകോടതി ജഡ്ജിയുടെ ഒരു വാക്കില്‍ പിടിച്ച് പാറ്റകളുടെ പാര്‍ട്ടി രൂപീകരിച്ച് ഇന്ത്യയെ കലാപഭൂമിയാക്കാന്‍ വന്ന സിജെപി നേതാക്കളുടെ സമരശൗര്യം കോടതിയുടെ അധികാരദണ്ഡ് തന്നെ അവസാനിപ്പിച്ചിരിക്കുന്നു.
മജിസ്ട്രേറ്റ് കോടതി ബുധനാഴ്ച വൈകീട്ട് സിജെപി നേതാക്കളായ സൗരവ് ദാസിനെയും അശുതോഷ് റാങ്കയെയും വിട്ടയച്ചെങ്കിലും കൃത്യമായ താക്കീത് തന്നെയാണ് കോടതികള്‍ സിജെപിക്കും അവരെ പിന്തുണയ്‌ക്കുന്നവര്‍ക്കും നല്‍കിയിരിക്കുന്നത്.
ദല്‍ഹി ഹൈക്കോടതി നല്കിയ രണ്ട് താക്കീതുകള്‍
അതായത് സിജെപി ശുദ്ധക്കുട്ടികളല്ലെന്നും ദുഷ്ടലാക്കുള്ളവരാണെന്നും ജാമ്യത്തിനായി സമീപിച്ചപ്പോള്‍ ദല്‍ഹി ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. രണ്ട് കാര്യങ്ങള്‍ പറഞ്ഞുകൊണ്ടാണ് ദല്‍ഹി ഹൈക്കോടതി ഇവരുടെ തനിനിറം പുറത്തുകൊണ്ടുവന്നത്. ഒന്ന് സൗരവ് ദാസിന്റെയും അശുതോഷ് റാങ്കയുടെയും പ്രായമാണ്. ഇരുവര്‍ക്കും 31 വയസ്സായി. 31 വയസ്സുള്ളവർ എങ്ങനെയാണ് ‘ജെൻ Z’ (Gen Z) തലമുറയെ നയിക്കുന്നത്? നിങ്ങൾ രണ്ടുപേരും ‘ജെൻ Z’ വിഭാഗത്തിൽ പെടുന്നവരല്ല.. ഇതോടെ ഒരു ജെന്‍സീ വിപ്ലവം ഇന്ത്യയില്‍ നടത്താന്‍ ശ്രമിക്കുന്നു എന്ന് ഇനി മേലില്‍ ഇവര്‍ക്ക് അവകാശപ്പെടാനാവില്ല.
രണ്ട് ഇവരുടെ സമരലക്ഷ്യത്തില്‍ വന്ന മാറ്റം ഇവര്‍ ശുദ്ധഗതിക്കാരല്ലെന്ന് തെളിയിക്കുന്നു. “സമരം തുടങ്ങിയപ്പോൾ വിദ്യാർത്ഥികളെക്കുറിച്ചായിരുന്നു ഇവരുടെ ആശങ്ക. ഇപ്പോൾ നിങ്ങളുടെ ലക്ഷ്യങ്ങൾ മാറിക്കൊണ്ടിരിക്കുന്നു, എന്നാൽ ആളുകൾ അതേപടി തുടരുന്നു. അതുകൊണ്ട്, ചില ചോദ്യങ്ങൾ ഉയരും: നിങ്ങൾ ആരാണ്? ആരുമായാണ് നിങ്ങൾക്ക് ബന്ധമുള്ളത്? പെട്ടെന്നൊരു ദിവസം, നിങ്ങൾ ഭരണമാറ്റത്തെക്കുറിച്ച് സംസാരിക്കുന്നു. എന്താണ് നിങ്ങൾ ചെയ്യാൻ ശ്രമിക്കുന്നത്?”- ദല്‍ഹി ഹൈക്കോടതി ചോദിച്ച ഈ ചോദ്യം കുറിക്കുകൊള്ളുന്നതാണ്. ഭരണമാറ്റം ആവശ്യപ്പെട്ടുള്ള സമരമെന്നത് വിദേശത്തുനിന്നും ഇന്ത്യയ്‌ക്കകത്തുനിന്നുമുള്ള ചില നിക്ഷിപ്ത താല്‍പര്യക്കാരുടെ അജണ്ടയാണ്. ഈ നിക്ഷിപ്തതാല്‍പര്യക്കാരില്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് മുതല്‍ ചൈനയും കമ്മ്യൂണിസ്റ്റുകളും നക്സലൈറ്റുകളും ജിഹാദികളും മതപരിവര്‍ത്തകരും അവരെ പിന്തുണയ്‌ക്കുന്ന മാധ്യമങ്ങളും ഉണ്ട്. അതല്ലാതെ ഭരണമാറ്റത്തിനുള്ള സമരം എന്നത് സ്വാഭാവികമായി ഉരുത്തിരിഞ്ഞ ഒരു സമരമല്ല എന്നാണ് ദല്‍ഹി ഹൈക്കോടതി വ്യക്തമായി പറഞ്ഞത്.
ഹൈക്കോടതിയുടെ ഈ പൊരിക്കല്‍ കഴിഞ്ഞ ശേഷമാണ് മജിസ്ട്രേറ്റ് കോടതി സൗരവ് ദാസിന്റെയും അശുതോഷ് റാങ്കയുടെയും ജാമ്യാപേക്ഷ ബുധനാഴ്ച വീണ്ടും പരിഗണിച്ചത്. ഒക്ടോബര്‍ 19ന് ഇവരുടെ കസ്റ്റഡി കാലാവധി രണ്ട് ദിവസം കൂടി നീട്ടിയിരുന്നു. ഒക്ടോബര്‍ 21 ബുധനാഴ്ച മജിസ്ട്രേറ്റ് കോടതി ഇവരെ വിട്ടയച്ചു. അതിന് തൊട്ടുമുന്‍പ് ഇവര്‍ക്ക് വേണ്ടതെല്ലാം ദല്‍ഹി ഹൈക്കോടതി കൊടുത്തിട്ടുണ്ടായിരുന്നു.
വിട്ടയച്ചത് കര്‍ശനമായ വ്യവസ്ഥകളോടെ; ഇനി നിയമം ലംഘിച്ച് സൗരവ് ദാസും അശുതോഷ് റാങ്കയും സമരം ചെയ്താല്‍ അകത്തിടും
സമാധാനാന്തരീക്ഷം തകർക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടില്ലെന്നും, നിയമവും ക്രമസമാധാനവും പാലിക്കുമെന്നും കാണിച്ച് ദാസും റാങ്കയും കോടതിയിൽ എഴുതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് സൗരവ് ദാസിനയും അശുതോഷ് റാങ്കയെയും കോടതി മോചിപ്പിച്ചത്. .
ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധിക്കാൻ പദ്ധതിയിട്ടിരുന്നതിനിടെ, ഒക്ടോബർ 10-ന് ന്യൂദൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വെച്ചാണ് ദാസിനെയും റാങ്കയെയും ആദ്യമായി കസ്റ്റഡിയിലെടുത്തത്. അന്ന് , 50,000 രൂപയുടെ ‘പീസ് ബോണ്ട്’ (സമാധാനം പാലിക്കാമെന്ന ഉറപ്പ്) നൽകിയതിനെത്തുടർന്ന് അന്ന് തന്നെ രണ്ടുപേരെയും വിട്ടയച്ചു.
തുടർന്ന്, ഒക്ടോബർ 14-ന് വീണ്ടും ഇവര്‍ ‘തിരംഗ മാർച്ചി’ന്റെ പേരില്‍ പ്രതിഷേധങ്ങള്‍ നിരോധിച്ച ജന്തർ മന്തറിൽ നിയമവിരുദ്ധമായി പ്രവേശിച്ചു. ഇതോടെ നേരത്തെ നൽകിയ ‘പീസ് ബോണ്ട്’ വ്യവസ്ഥകൾ ലംഘിച്ചതിന്റെ പേരില്‍ പൊലീസ് ഇവരെ വീണ്ടും പിടികൂടി. പ്രതിഷേധങ്ങൾക്കായി അനുവദിച്ചിരുന്ന സ്ഥലങ്ങളുടെ പട്ടികയിൽ നിന്ന് ജന്തർ മന്തറിനെ നേരത്തെ ഒഴിവാക്കിയിരുന്നതിനാലാണ് നിയമം ലംഘിച്ചതിന്റെ പേരില്‍ ഇരുവരെയും കസ്റ്റഡിയില്‍ എടുത്തത്.
ഒക്ടോബർ 19-ലെ ഉത്തരവിൽ, ഇരുവരും ബോധപൂർവം തങ്ങളുടെ ബോണ്ട് വ്യവസ്ഥകൾ ലംഘിച്ചതായി സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് (SEM) റിതു രാജ് വ്യക്തമാക്കി. സമർപ്പിച്ച രേഖകളിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയതിനാലും, അന്വേഷണ വേളയിൽ തൃപ്തികരമല്ലാത്ത മറുപടികളാണ് ലഭിച്ചതെന്നും ചൂണ്ടിക്കാട്ടി, പുതിയ ജാമ്യക്കാരെ ഹാജരാക്കാൻ മജിസ്ട്രേറ്റ് നിർദ്ദേശിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് രണ്ട് ദിവസം കസ്റ്റഡി കാലാവധി നീട്ടിയത്. ഇപ്പോള്‍ ആ രണ്ട് ദിവസം കഴിഞ്ഞതോടെ ജാമ്യം അനുവദിച്ചിരിക്കുന്നു. പക്ഷെ ഇനിയങ്ങോട്ട് സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും പ്രതിഷേധങ്ങളില്‍ പങ്കെടുക്കാന്‍ നിയമം അനുവദിക്കുന്നില്ല.
കോടതിയുടെ ചൂട് എന്താണെന്ന് പാറ്റാപാര്‍ട്ടി നേതാക്കള്‍ അനുഭവിച്ചറിഞ്ഞിരിക്കുന്നു. അതാകാം കഴിഞ്ഞ ദിവസം ജാമ്യം കിട്ടി പുറത്തിറങ്ങിയ അഭിജിത് ദീപ്കെ താനല്ല പാറ്റാ പാര്‍ട്ടിയുടെ നേതാവെന്ന് തുറന്നുപറഞ്ഞത്. മെല്ലെ സമരത്തിന്റെ നേതൃസ്ഥാനത്ത് നിന്നും ഒഴിയാനാണ് അഭിജിത് ദീപ്കെയുടെ ശ്രമമെന്ന് കരുതപ്പെടുന്നു. കാരണം ഒരു വര്‍ഷത്തേക്ക് സമാധാനം പാലിക്കാമെന്ന ബോണ്ടിന്മേലാണ് അഭിജിത് ദീപ്കെ ജാമ്യത്തില്‍ പുറത്തിറങ്ങിയത്. ഇനി കലാപത്തിന് ഇറങ്ങിപ്പുറപ്പെട്ടാല്‍ പുറം ലോകം കാണില്ല. എന്തായാലും ഇന്ത്യ ബനാന റിപ്പബ്ലിക്കല്ലെന്ന് തെളിയക്കപ്പെട്ടിരികുന്നു. അല്‍ബേനിയയിലെ സുപ്രീംകോടതി വിദ്യാര്‍ത്ഥികള്‍ കത്തിച്ചതുപോലെ ഇവിടെയും കത്തിക്കും എന്ന് ഉദ്ധവ് ശിവസേന പാര്ട്ടിയുടെ വക്താവായ സഞ്ജയ് റാവത്ത് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഇത് വ്യാമോഹമാണെന്ന് കോടതികള്‍ താക്കീത് നല്‍കിയിരിക്കുന്നു. ശക്തമായ നീതിന്യായസംവിധാനവും ക്രമസമാധാന പാലനത്തിനുള്ള പൊലീസും പട്ടാളവും ആണ് ഇന്ത്യന്‍ ഭരണകൂടത്തെ താങ്ങിനിര്‍ത്തുന്നത്. ആ സംവിധാനത്തിന് മുന്നില്‍ വിദേശത്ത് നിന്നും സ്വദേശത്തുനിന്നും ഉള്ള ഗൂഢാലോചനയുടെ ഭാഗമായി ഭരണമാറ്റം എന്ന അജണ്ടയുമായി ഇറങ്ങിയാല്‍ അത് നടക്കില്ലെന്ന താക്കീത് തന്നെയാണ് ഇന്ത്യയുടെ നീതിന്യായവ്യവസ്ഥ ബുധനാഴ്ച നല്‍കിയിരിക്കുന്നത്.
















