കെനിയ: കിഴക്കൻ കെനിയയിലെ ഷകാഹോള വനത്തിൽ 191 പേരുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് പോൾ മക്കെൻസി എന്ന മത നേതാവിനും മറ്റ് മുപ്പതോളം പ്രതികൾക്കുമെതിരെ മൊംബാസ ഹൈക്കോടതി
കുറ്റം കണ്ടെത്തിയത്. ‘ഗുഡ് ന്യൂസ് ഇന്റർനാഷണൽ ചർച്ച്’ എന്ന മതസംഘടനയ്‌ക്ക് നേതൃത്വം നൽകിയിരുന്ന ആളാണ് പോൾ മക്കെൻസി.
സ്വർഗത്തിലെത്തി യേശുവുമായി കൂടിക്കാഴ്ച നടത്തുന്നതിന് കുടുംബാംഗങ്ങളുമൊത്ത് പട്ടിണി കിടന്ന് മരിക്കണമെന്ന് അനുയായികളോടും അവരുടെ കുട്ടികളോടും ഇയാൾ ആവശ്യപ്പെട്ടിരുന്നതായാണ് റിപ്പോർട്ട്.
മരിച്ചവരിൽ ഒരാളൊഴികെ എല്ലാവരും കുട്ടികളായിരുന്നു. കെനിയയുടെ ചരിത്രത്തിലെ ഏറ്റവും നിർണായകമായ ക്രിമിനൽ കേസുകളിലൊന്നായാണ് പ്രോസിക്യൂഷൻ ഈ കേസിനെ വിശേഷിപ്പിച്ചത്.
അനുയായികൾക്കിടയിൽ മാരകമായ ഉപവാസം നടപ്പാക്കാൻ മതപരമായ ഉപദേശങ്ങളും കർശനമായ അധികാരശ്രേണിയും ഉൾപ്പെടുന്ന ആസൂത്രിത സംവിധാനം മക്കെൻസി ഉപയോഗിച്ചതാണ് മരണങ്ങൾക്ക് കാരണമായതെന്ന് കോടതി കണ്ടെത്തിയതായി കെനിയയിലെ ഡയറക്ടർ ഓഫ് പബ്ലിക് പ്രോസിക്യൂഷൻ ഓഫീസ് അറിയിച്ചതായി സി എൻ എൻ റിപ്പോർട്ട് ചെയ്യുന്നു.
കുട്ടികളിൽനിന്നാണ് നിർബന്ധിത ഉപവാസം ആരംഭിച്ചതെന്ന് പ്രോസിക്യൂഷൻ ഓഫീസ് വ്യക്തമാക്കി. അനുയായികളുടെ നീക്കങ്ങൾ കാവൽക്കാർ നിയന്ത്രിക്കുകയും ആർക്കും രക്ഷപ്പെടാനാകാത്ത സാഹചര്യം സൃഷ്ടിക്കുകയും ചെയ്തിരുന്നു. ആധുനിക വൈദ്യശാസ്ത്രത്തെയും ഔപചാരിക വിദ്യാഭ്യാസത്തെയും മക്കെൻസി എതിർത്തിരുന്നതായും കോടതി നടപടികളിൽ വ്യക്തമായി.
















