തിരുവനന്തപുരം: കോവളത്ത് സ്പായുടെ മറവിൽ 16 കാരിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുട്ടിയുടെ രണ്ടാനമ്മയും ഭർത്താവും ആന്ധ്രാപ്രദേശിൽ പിടിയിൽ. സംഭവത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇവരെ പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്.
പെൺകുട്ടിയെ സ്പായിൽ എത്തിച്ചതും പ്രായപൂർത്തിയായെന്ന് വരുത്തിതീർക്കാൻ വ്യാജ രേഖകൾ ചമച്ചതും ഇവരാണെന്ന് പൊലീസ് വ്യക്തമാക്കി. പെൺകുട്ടി പഠിച്ച സ്കൂളിൽ നിന്നും ലഭിച്ച രേഖകളിൽ പ്രായം 16 വയസ്സ് മാത്രമാണെന്ന് വ്യക്തമായി. തുടർന്ന് നടത്തിയ കൗൺസിലിംഗിലാണ് ബന്ധുക്കളുടെ ക്രൂരതയും സ്പായിലെ ചൂഷണവും കുട്ടി വെളിപ്പെടുത്തിയത്.
ആദ്യം ചെന്നൈയിലെ സ്പായിൽ ജോലി ചെയ്യിപ്പിച്ച ഇവർ പിന്നീട് തിരുവനന്തപുരത്തെ സ്ഥാപനങ്ങളിൽ എത്തിക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് സ്പാ ഉടമകളെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സംസ്ഥാന വ്യാപകമായി സ്പാകളിൽ നടന്ന പരിശോധനയുടെ ഭാഗമായി ഇതുവരെ 586 സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തുകയും 14 കേസുകൾ രജിസ്റ്റർ ചെയ്ത് 5 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
വിഴിഞ്ഞം ചപ്പാത്തിനടുത്തുള്ള കേരള ആയുര്‍വേദ, വൈകോര്കുളത്തുള്ള ആയുര്‍ കേരള എന്നീ സ്പാകളിലാണ് പെണ്‍കുട്ടിയെ എത്തിച്ച് പീഡനത്തിനിരയാക്കിയത്. എന്നാല്‍ ഇത് സാധാരണ ആയുര്‍വേദ ചികിത്സാ കേന്ദ്രമാണെന്നാണ് നാട്ടുകാര്‍ കരുതിയിരുന്നത്.വിശദമായ അന്വേഷണത്തിനൊടുവില്‍ സ്പാ ഉടമകളായ സജിത്ത്, നിഷാന്ത് എന്നിവരെ പൊലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിലെ ഒന്നാം പ്രതിയും രണ്ടാം പ്രതിയും പെണ്‍കുട്ടിയുടെ രണ്ടാനമ്മയും ഭര്‍ത്താവുമാണ്.ഇതിനിടയില്‍, പ്രതിയായ നിഷാദിന്റെ അക്കൗണ്ട് പരിശോധിച്ചതില്‍ തിരുവനന്തപുരം നഗരസഭയിലെ ഒരു ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് സ്പാ നടത്തിപ്പുമായി നേരിട്ട് ബന്ധമുണ്ടെന്ന ഞെട്ടിക്കുന്ന തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്.
















