ന്യൂഡൽഹി: ഡൽഹിയിലെ പ്രശസ്തമായ കൽക്കാജി ക്ഷേത്രത്തിന് സമീപമുള്ള ആസ്ഥാ കുഞ്ച് പാർക്കിൽ വച്ച് 17 വയസ്സുള്ള പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസിലെ പ്രധാന പ്രതി പോലീസുമായുള്ള ഏറ്റുമുട്ടലിനൊടുവിൽ അറസ്റ്റിൽ. ആസിഫ് എന്നയാളാണ് പിടിയിലായത്.
ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പ്രതികൾക്കായി പോലീസ് തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. തിങ്കളാഴ്ച വൈകുന്നേരമാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പൊലീസുകാരാണെന്ന് തെറ്റിദ്ധരിപ്പിച്ച് പെൺകുട്ടിയെയും സുഹൃത്തിനെയും ഭീഷണിപ്പെടുത്തിയ ശേഷം മൂന്നംഗ സംഘം പെൺകുട്ടിയെ ക്രൂരമായി ഉപദ്രവിക്കുകയായിരുന്നു.
തുടർന്ന് അമർ കോളനി ഡി.എം ഓഫീസ് റോഡിന് സമീപം പ്രതി നിൽക്കുന്നതായി വിവരമറിഞ്ഞ് പിടികൂടാനെത്തിയ പോലീസ് സംഘത്തിന് നേരെ ആസിഫ് മൂന്ന് റൗണ്ട് വെടിയുതിർക്കുകയായിരുന്നു. പോലീസുകാരന്റെ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റിലാണ് വെടിയുണ്ട പതിച്ചത്. തുടർന്ന് ആത്മരക്ഷാർത്ഥം പോലീസ് നടത്തിയ തിരിച്ചടിയിൽ കാലിന് വെടിയേറ്റ പ്രതിയെ കീഴ്‌പ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി.
















