ആലപ്പുഴ: കാർത്തികപ്പള്ളിയിൽ രണ്ട് വയസുകാരൻ പോഷകാഹാരക്കുറവിനെ തുടർന്ന് മരിച്ച സംഭവത്തിൽ ദുരൂഹതകൾ നീക്കാൻ പൊലീസും ശിശുക്ഷേമ സമിതിയും അന്വേഷണം ഊർജിതമാക്കി. സംഭവത്തെ തുടർന്ന് ദമ്പതികളുടെ മറ്റു നാല് കുട്ടികളെയും സർക്കാർ സംരക്ഷണ കേന്ദ്രത്തിലേക്ക് സാമൂഹ്യനീതി വകുപ്പ് മാറ്റി. കാർത്തികപ്പള്ളി സ്വദേശികളായ രാജേഷ് – താര ദമ്പതികളുടെ മകൻ രാഹുൽ കിടക്കയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ് കുട്ടി പോഷകാഹാരക്കുറവ് മൂന്നാണ് മരിച്ചതെന്ന് വ്യക്തമായത്.
കുട്ടിക്ക് കടുത്ത വിളർച്ചയും രക്തക്കുറവും ഉണ്ടായിരുന്നു. രണ്ട് വയസ്സുള്ള കുട്ടിക്ക് 12 കിലോ തൂക്കം വേണ്ടിയിരുന്നിടത്ത് 7 കിലോ മാത്രമാണ് ഭാരമുണ്ടായിരുന്നത്. കഴിഞ്ഞ 10 വർഷത്തിനിടെ താര ഏഴ് കുട്ടികൾക്കാണ് ജന്മം നൽകിയത്. ഇതിൽ ഒരു കുഞ്ഞ് നേരത്തെ മരിച്ചിരുന്നു. രണ്ട് വയസുകാരന്റെ മരണത്തിന് പിന്നാലെയാണ് ബാക്കിയുള്ള നാല് കുട്ടികളെയും സാമൂഹ്യനീതി വകുപ്പ് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയത്.
അമ്മ താര ഏഴാമത്തെ പ്രസവത്തിനായി വണ്ടാനം മെഡിക്കൽ കോളജിൽ കഴിയവെയാണ് കുട്ടി മരണപ്പെടുന്നത്. ഇവർ ആൺകുഞ്ഞിന് ജന്മം നൽകി.
പ്രസവവേദനയെ തുടർന്ന് ശനിയാഴ്ച ആശാ പ്രവർത്തകരാണ് താരയെ ആശുപത്രിയിലാക്കിയത്. തുടർന്ന് കുട്ടികളുടെ പരിചരണം അച്ഛൻ രാജേഷിന്റെ ചുമതലയിലായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ ഏഴരയോടെ കുട്ടി അനക്കമറ്റ നിലയിൽ കിടക്കുന്നത് കണ്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
















