ന്യൂദല്ഹി: തമിഴ്നാട്ടിലെ നാഗപാളയം മാരിയമ്മന്-പൊന്നാച്ചിയമ്മന് ക്ഷേത്രത്തിന്റെ ഭൂമി താലൂക്ക് ഓഫീസ് നിര്മ്മാണത്തിനായി സംസ്ഥാന സര്ക്കാരിന് കൈമാറിയത് നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി
.ക്ഷേത്ര സ്വത്ത് മറ്റാവശ്യങ്ങള്ക്ക് ദാനാധാരപ്രകാരം ഏറ്റെടുക്കാന് സര്ക്കാരിന് അധികാരമില്ലെന്ന് ജസ്റ്റിസുമാരായ പി.എസ്. നരസിംഹ , അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചു.
മതപരമായ സ്വത്തുക്കളുടെ സംരക്ഷകന് എന്ന നിലയില് സംസ്ഥാനത്തിന്റെ ഉത്തരവാദിത്വം അത്തരം സ്വത്തുക്കളുടെ ഉടമസ്ഥാവകാശം ഏറ്റെടുക്കാനുള്ള അധികാരമല്ല. ക്ഷേത്രത്തിന്റെ ഒരു ഏക്കറും 10 സെന്റും ഭൂമിയെച്ചൊല്ലിയായിരുന്നു തര്ക്കം. 2017 ഓഗസ്റ്റില്, ഒരു താല്ക്കാലിക ട്രസ്റ്റിയുടെ പേരില് ദാനാധാരം തയ്യാറാക്കി, താലൂക്ക് ഓഫീസ് നിര്മ്മാണത്തിനായി സ്ഥലം തമിഴ്നാട് സര്ക്കാര് ഏറ്റെടുത്തു.
ഇതിനെതിരായ ഹര്ജി, ക്ഷേത്ര സ്വത്തുക്കള് ദാനം ചെയ്യുന്നത് നിയമ വ്യവസ്ഥ വ്യക്തമായി നിരോധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി 2019 മാര്ച്ചില് മദ്രാസ് ഹൈക്കോടതി തള്ളി. തുടര്ന്നാണ് ഭക്തര് സുപ്രീം കോടതിയെ സമീപിച്ചത്.
ദേവന്റെ സംരക്ഷണത്തിനും പരിപാലനത്തിനുമായി അനുവദിച്ച ഇനാം സ്വത്താണ് ഭൂമിയെന്ന് സുപ്രീം കോടതി വിലയിരുത്തി. 1959 ലെ തമിഴ്നാട് ഹിന്ദു മത, ചാരിറ്റബിള് എന്ഡോവ്മെന്റ് നിയമത്തിലെ സെക്ഷന് 41, ദാനമായി ഇത് കൈമാറുന്നത് നിരോധിച്ചിട്ടുണ്ടെന്ന് കോടതി പറഞ്ഞു.
















