ന്യൂദല്ഹി: ബിഎന്എസ് സെക്ഷന് 69 പ്രകാരം ‘സ്ത്രീ’ എന്ന വിശേഷണത്തില് ട്രാന്സ്ജെന്ഡര് ഉള്പ്പെടുന്നില്ലെന്ന് അലഹബാദ് ഹൈക്കോടതി . വിവാഹ വാഗ്ദാനം നല്കി ട്രാന്സ്ജെന്ഡര്സ്ത്രീയുമായി ലൈംഗിക ബന്ധത്തിലേര്പ്പെട്ടുവെന്ന കേസില് പ്രതിക്ക് ജാമ്യം അനുവദിച്ചുകൊണ്ടാണ് ഈ നിരീക്ഷണം.
2019 ലെ ട്രാന്സ്ജെന്ഡര് വ്യക്തികള് (അവകാശ സംരക്ഷണ) നിയമപ്രകാരം ഒരു ട്രാന്സ്ജെന്ഡര് വ്യക്തിക്ക് പ്രത്യേക ഐഡന്റിറ്റി ഉണ്ടെന്ന് ജസ്റ്റിസ് അരുണ് കുമാര് സിംഗ് ദേശ്വാള് പറഞ്ഞു.
ട്രാന്സ്ജെന്ഡര് പുരുഷന് അഥവാ ട്രാന്സ്ജെന്ഡര് സ്ത്രീ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയാലും ട്രാന്സ്ജെന്ഡര് ആയിരിക്കും. പുരുഷ വ്യക്തിത്വമോ സ്ത്രീ വ്യക്തിത്വമോ ആയി കണക്കാക്കാനാവില്ല. ബിഎന്എസിലെ സെക്ഷന് 69 ല് പരാമര്ശിച്ചിരിക്കുന്ന ‘സ്ത്രീ’ എന്ന പദത്തില് സ്വാഭാവിക സ്ത്രീയെ മാത്രമേ ഉള്പ്പെടുത്തിയിട്ടുള്ളൂവെന്ന് കോടതി വ്യക്തമാക്കി.
എന്നാല് ലൈംഗിക പീഡനം നേരിടുന്ന സാഹചര്യത്തില്, ഒരു ട്രാന്സ്ജെന്ഡറിന് 2019 ലെ ട്രാന്സ്ജെന്ഡര് വ്യക്തികളുടെ (അവകാശ സംരക്ഷണ) നിയമത്തിലെ വ്യവസ്ഥകള് പ്രകാരം കേസ് നല്കാം. ഒരു ട്രാന്സ്ജെന്ഡറിനെ ലൈംഗികമായി ദുരുപയോഗം ചെയ്താല് ഈ നിയമത്തിലെ സെക്ഷന് 18 (ഡി) പ്രകാരം ശിക്ഷിക്കാന് വ്യവസ്ഥയുണ്ടെന്ന് കോടതി പറഞ്ഞു.
















