കൊച്ചി: ജിയോ ഹോട്ട്സ്റ്റാറിൽ സംപ്രേഷണം ആരംഭിച്ച ‘കാപ്പി സ്ക്വാഡ്’ (Kappi Squad) എന്ന വെബ് സീരീസിന്റെ സംവിധായകൻ ബെൽരാജ് കളരിക്കൽ (28) അന്തരിച്ചു.എറണാകുളത്തെ ഹോട്ടൽ മുറിയിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രാഥമിക വിവരം അനുസരിച്ച് മരണകാരണം ഹൃദയാഘാതമാണ്. നിഴൽ, മധുരം, ഡാകിനി തുടങ്ങി സിനിമകളിൽ സഹ സംവിധായകനായി പ്രവർത്തിച്ച ബെൽരാജിന്റെ ആദ്യ സ്വതന്ത്ര സംവിധാനമായിരുന്നു ‘കാപ്പി സ്ക്വാഡ്.’
വെള്ളിയാഴ്ച സീരീസ് സംപ്രേഷണം ആരംഭിച്ചതിന് പിന്നാലെയാണ് വിയോഗവാർത്ത. മൃതദേഹം സൺറൈസ് ആശുപത്രിയിലേക്ക് മാറ്റി. കോട്ടയം മണിമല സ്വദേശിയാണ്. കളരിക്കൽ സുരേഷിന്റെയും സ്മിതയുടെയും മകനാണ് ബെൽരാജ്. കഴിഞ്ഞ സെപ്റ്റംബറിലാണ് ബെൽരാജ് വിവാഹിതനായത്. ആതിരയാണ് ഭാര്യ.











