ന്യൂദൽഹി: കോണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ സി.ജെ.പി (CJP) സംഘടിപ്പിക്കാൻ നിശ്ചയിച്ച ‘തിരംഗ യാത്ര’യുമായി മുന്നോട്ടുപോകരുതെന്ന് ആവശ്യപ്പെട്ട് ദൽഹി പോലീസ് സംഘാടകനായ അഭിജീത് ദിപ്കിന് നോട്ടീസ് നൽകി. വെള്ളിയാഴ്ച ദിപ്കെ താമസിക്കുന്ന വസതിയിലെത്തിയാണ് പോലീസ് നോട്ടീസ് കൈമാറിയത്.
കോണാട്ട് പ്ലേസിൽ ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ (BNSS) സെക്ഷൻ 163 പ്രകാരം നിരോധനാജ്ഞ നിലവിലുണ്ടെന്നും, തിരംഗ യാത്രയ്ക്ക് ന്യൂദൽഹി മുനിസിപ്പൽ കൗൺസിലിന്റെയോ (NDMC) പോലീസിന്റെയോ അനുമതി ലഭിച്ചിട്ടില്ലെന്നും നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.
നിലവിലെ നിയന്ത്രണങ്ങൾക്കിടെ അനുമതിയില്ലാതെ കോണാട്ട് പ്ലേസിലേക്ക് മാർച്ച് നടത്തുന്നത് നിരോധനാജ്ഞയുടെ ലംഘനമാകുമെന്നും നിയമനടപടികൾ സ്വീകരിക്കേണ്ടിവരുമെന്നും പോലീസ് മുന്നറിയിപ്പ് നൽകി. പ്രതിഷേധത്തിൽ പങ്കെടുക്കുന്ന ചെറിയൊരു വിഭാഗത്തിന് മറ്റൊരു സ്ഥലത്ത് ദേശീയ പതാക ഉയർത്താനുള്ള സൗകര്യം ഒരുക്കാമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.
ഭരണപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി വെള്ളി, ശനി ദിവസങ്ങളിൽ സെൻട്രൽ പാർക്ക് പൊതുജനങ്ങൾക്കായി അടച്ചിടുമെന്ന് ന്യൂദൽഹി മുനിസിപ്പൽ കൗൺസിൽ വ്യാഴാഴ്ച അറിയിച്ചിരുന്നു. പഞ്ചകുയിയാൻ റോഡിലുള്ള എൻസിപി (എസ്പി) വക്താവ് അനീഷ് ഗവാണ്ടെയുടെ വസതിയിൽ അതിഥിയായി താമസിക്കുകയായിരുന്നു ദിപ്കെ. നിശ്ചയിച്ചിട്ടുള്ള മാർച്ചിനായി സെൻട്രൽ പാർക്കിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് അറിയിക്കാനാണ് പോലീസ് സംഘം അദ്ദേഹത്തെ സമീപിച്ചത്.
ദിപ്കെ നോട്ടീസ് കൈപ്പറ്റിയെങ്കിലും തിരംഗ യാത്രയുമായി മുന്നോട്ടുപോകുമോ എന്ന കാര്യത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.
















