കൊച്ചി:സംസ്ഥാന വഖഫ് ബോര്ഡ് പുനഃസംഘടന സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുന് ചെയര്മാന് കെ എസ് ഹംസ ഹൈക്കോടതിയില്.കെ എസ് ഹംസയുടെ നേതൃത്വത്തിലുള്ള സമിതിയെ പിരിച്ചു വിട്ടാണ് വഖഫ് ബോര്ഡ് പുനഃസംഘടിപ്പിച്ചത്.
കുറുക്കോളി മൊയ്തീന് എംഎല്എ, തൊടിയൂര് മുഹമ്മദ്കുഞ്ഞ് മൗലവി, അച്ചടക്ക ലംഘനത്തിന് സമസ്ത മുശാവറയില് നിന്ന് പുറത്താക്കപ്പെട്ട എം പി മുസ്തഫല് ഫൈസി തുടങ്ങിയവര് പുതിയ വഖഫ് ബോര്ഡിലുണ്ട്. ദക്ഷിണ കേരള ജംഇയ്യത്തുല് ഉലമ, ജമാഅത് ഇസ്ലാമി, കെ എന് എം തുടങ്ങിയ സംഘടനകള്ക്ക് പ്രാതിനിധ്യം നല്കിയാണ് പുനഃസംഘടന. എന്നാല്, അമുസ്ലിങ്ങളുടെ ഒഴിവ് നികത്തിയിട്ടില്ല.
അതേസമയം, വഖഫ് ബോര്ഡില് ഇ കെ, എ പി വിഭാഗം സമസ്തകള്ക്ക് പ്രതിനിധികള് ഇല്ലാത്തത് അനീതിയും അന്യായവുമാണെന്ന ഫേസ്ബുക് കുറിപ്പുമായി എസ്വൈഎസ് നേതാവ് റഹ്മത്തുള്ള സഖാഫി എളമരം രംഗത്ത് എത്തി. മായിന് ഹാജി സമസ്ത അംഗം ആണെന്ന് ബോര്ഡില് നിന്ന് പുറത്തായ ഉമര് ഫൈസി മുക്കം പ്രതികരിച്ചു. എല്ലാ വിഭാഗങ്ങളുമായി ചര്ച്ച ചെയ്താണ് ബോര്ഡ് പുനഃസംഘടിപ്പിച്ചത് എന്ന് മന്ത്രി എന് ഷംസുദീന് പറഞ്ഞു.
വഖഫ് ബോര്ഡില് അമുസ്ലിങ്ങളെ ഉള്പ്പെടുത്താത്തതിനെതിരെ ബിജെപി നേതാവ് ഷോണ് ജോര്ജ് നല്കിയ ഹര്ജി പരിഗണിച്ച ഹൈക്കോടതി ബോര്ഡ് പുനഃസംഘടിപ്പിക്കാന് സര്ക്കാരിന് തീരുമാനമെടുക്കാമെന്ന് വ്യക്തമാക്കിയിരുന്നു.
















