കോട്ടയം: വൈക്കം സിഐ ഓഫീസില് വിജിലന്സ് സംഘം പരിശോധന നടത്തുന്നു. വൈക്കം സിഐ ഷമീര് ഖാന് വ്യാപകമായി കൈക്കൂലി വാങ്ങുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് ഓഫീസില് റെയ്ഡ് നടത്തുന്നത്. വൈകുന്നേരത്തോടെയാണ് വിജിലന്സ് സംഘം സിഐ ഓഫീസില് എത്തിയത്. സ്റ്റേഷനിലെ വിവിധ ഫയലുകളും രേഖകളും വിജിലന്സ് ഉദ്യോഗസ്ഥര് വിശദമായി പരിശോധിച്ചു വരികയാണ്.
ഔദ്യോഗിക ആവശ്യങ്ങള്ക്കായി എത്തുന്നവരില് നിന്ന് സിഐ പണം വാങ്ങുന്നുവെന്ന രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു കോട്ടയം വിജിലന്സ് സംഘത്തിന്റെ റെയ്ഡ് .
അസം സ്വദേശിയുടെ പേരില് ബാങ്ക് അക്കൗണ്ട് തുടങ്ങുകയും അതുവഴി കൈക്കൂലി കൈപ്പറ്റുന്നുവെന്നുമാണ് വിജിലന്സിന് വിവരം ലഭിച്ചത്. ഈ അക്കൗണ്ടിലേക്ക് മുഖ്യമായും പണം നിക്ഷേപിച്ചത് മണ്ണ് മാഫിയയും ടിപ്പര് ഉടമകളുമാണെന്നും ഹെല്മെറ്റും മാസ്കും ധരിച്ച് എടിഎമ്മില് കയറിയാണ് പണം എടുക്കുന്നതെന്നും അറിയുന്നു. രണ്ടര മാസമേ ആയുള്ളൂ ഷമീര്ഖാന് വൈക്കത്ത് ചുമതലയേറ്റിട്ട്. അതിനകം രണ്ടര ലക്ഷം രൂപയിലേറെ അക്കൗണ്ടില് എത്തിയെന്നാണ് വിവരം. വിജിലന്സ് എസ്പിയും സംഘവും വൈക്കം കാനറാ ബാങ്ക് ശാഖയില് പരിശോധന നടത്തി. ഷമീര്ഖാന്റെ ഫോണ് വിജിലന്സ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കമ്പംമേട്ടില് സി ഐ ആയിരിക്കെ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നും ഓട്ടോ ഡ്രൈവറെ പരസ്യമായി മുഖത്തടിച്ചെന്നുമുള്ള ആക്ഷേപം നേരിട്ടിട്ടുള്ളയാളാണ് ഷമീര് ഖാന്.
















