ലക്നൗ: രാജ്യവ്യാപകമായി പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണ (എസ്ഐആർ) നടപടിക്കെതിരെ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നതിനിടെ, കോൺഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യാ സഖ്യത്തിനെതിരെയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കുമെതിരെയും രൂക്ഷ വിമർശനവുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ജനാധിപത്യ സ്ഥാപനങ്ങളെ തകർക്കാനും രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാനുമാണ് പ്രതിപക്ഷവും രാഹുൽഗാന്ധിയും ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പാഠക്കിനൊപ്പം ലക്നൗവിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് രാജ്നാഥ് സിംഗ് പ്രതിപക്ഷത്തിനെതിരെ രംഗത്തെത്തിയത്. ബംഗ്ലാദേശിലെ പ്രക്ഷോഭങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സമരം നടത്തുന്നതെന്ന ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (എഐഎസ്എ) പ്രസിഡന്റ് നേഹ ബോറയുടെ പരാമർശവും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിപക്ഷത്തിന്റെ നിലപാട് ജനാധിപത്യ സ്ഥാപനങ്ങളുടെ വിശ്വാസ്യതയെ തകർക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.
സമീപകാല പ്രതിഷേധങ്ങളെ പരാമർശിച്ച രാജ്നാഥ് സിംഗ്, കോൺഗ്രസും സഖ്യകക്ഷികളും ഇന്ത്യൻ യുവാക്കളുടെ ഊർജം നേരിട്ടോ അല്ലാതെയോ രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാൻ ഉപയോഗിക്കുകയാണെന്ന് കുറ്റപ്പെടുത്തി.
ജനാധിപത്യം എന്നത് അരാജകത്വം സൃഷ്ടിക്കാനോ ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യത തകർക്കാനോ രാജ്യത്തിന്റെ വികസനയാത്ര തടസ്സപ്പെടുത്താനോ ഉള്ള അനുവാദമല്ലെന്ന് രാഹുൽ ഗാന്ധിയെയും സഹപ്രവർത്തകരെയും ഓർമിപ്പിച്ച അദ്ദേഹം, രാഷ്ട്രീയ സ്വാർഥതാൽപ്പര്യങ്ങൾക്കായി ജനാധിപത്യ സ്ഥാപനങ്ങളെ ബലികഴിക്കരുതെന്നും പറഞ്ഞു.
സമീപകാലത്ത് സുപ്രീംകോടതി നടത്തിയ പരാമർശങ്ങളും ഈ വിഷയത്തിന്റെ ഗൗരവത്തിലേക്കാണ് വിരൽചൂണ്ടുന്നതെന്ന് രാജ്നാഥ് സിംഗ് അഭിപ്രായപ്പെട്ടു. ക്രമസമാധാനം നിലനിർത്തുന്നതിന് നിയമത്തെ മാനിക്കേണ്ടത് അനിവാര്യമാണെന്നും ജനാധിപത്യ സ്ഥാപനങ്ങളുടെ വിശ്വാസ്യത സംരക്ഷിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















