മാസപ്പടിക്കേസിലും ഹവാലാ പണമിടപാട് കേസിലും പ്രതികളായ പിണറായി വിജയനെയും മകൾ വീണയേയും മരുമകൻ മുഹമ്മദ് റിയാസിനെയും രക്ഷിക്കാൻ തന്നെയാണ് മുഖ്യമന്ത്രി വി.ഡി. സതീശന്റെയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെയും തീരുമാനമെന്ന് ഒരിക്കൽ കൂടി വ്യക്തമായിരിക്കുന്നു. അഴിമതി നിരോധന നിയമ പ്രകാരം പിണറായിക്കും മറ്റുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേ
ഷണം നടത്തണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ സമർപ്പിക്കാൻ യുഡിഎഫ് സർക്കാർ ഒത്താശ ചെയ്തത് ഇതിന്റെ ഭാഗമാണ്. പ്രാഥമിക അന്വേ
ഷണം നടത്താതെ കേസെടുക്കാനാവില്ലെന്ന് സർക്കാരിന്റെ വക്കീൽ കോടതിയിൽ വാദിച്ചു. കേസ് അട്ടിമറിക്കാൻ പ്രതിപക്ഷനേതാവ് പിണറായിയും മുഖ്യമന്ത്രി സതീശനും ആഭ്യന്തരമന്ത്രി ചെന്നിത്തലയും ഒറ്റക്കെട്ടായി നീങ്ങുകയാണെന്നതിന് ഇനി കൂടുതൽ തെളിവുകൾ ആവശ്യമില്ല.
പിണറായിക്കും കുടുംബാംഗങ്ങൾക്കും മറ്റു ചിലർക്കുമെതിരെ കേസെടുക്കാനുള്ള തെളിവുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേരള സർക്കാരിന് കൈമാറിയിരുന്നു. എന്നാൽ ഇത് കത്ത് മാത്രമാണെന്നും, പ്രാഥമിക അന്വേഷണം നടത്തിയ ശേഷമേ കേസെടുക്കൻ കഴിയൂവെന്നും സർക്കാർ വ്യക്തമാക്കിയത് ഒത്തുകളിയുടെ ഭാഗമായിരുന്നു. ഇതിനെതിരെയാണ് പൊതുപ്രവർത്തകനും അഭിഭാഷകനുമായ കെ.എം.ഷാജഹാൻ ഹൈക്കോടതിയെ സമീപിച്ചത്. മതിയായ അന്വേഷണം നടത്തിയാണ് തങ്ങൾ തെളിവുകൾ നൽകിയിട്ടുള്ളതെന്നും, കേസെടുക്കുന്നതിന് മറ്റൊരു അന്വേഷണം ആവശ്യമില്ലെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ ബോധിപ്പിച്ചതാണ്. പ്രതികളുടെ മൊഴിപ്പകർപ്പുകൾ ഹാജരാക്കാൻ തയ്യാറാണെന്നും ഇ.ഡി കോടതിയെ അറിയിച്ചു. ഇത് അംഗീകരിച്ചു കൊണ്ടാണ് പിണറായിക്കും മറ്റുമെതിരെ എത്രയും വേഗം കേസെടുക്കാൻ കോടതി വിജിലൻസിനോട് നിർദ്ദേശിച്ചത്.
ഈ നിർദ്ദേശം അനുസരിക്കാതെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാൻ പി
ണറായി വിജയനും മറ്റുള്ളവർക്കും സാവകാശം നൽകുകയാണ് യുഡിഎഫ് സർക്കാർ ചെയ്തത്. ഹർജി വിധി പറയാൻ മാറ്റിയിരിക്കുകയാണ്. പ്രതിഭാഗം അഭിഭാഷകരേക്കാൾ തീവ്രമായാണ് സംസ്ഥാന സർക്കാരിന്റെ അഡ്വക്കേറ്റ് ജനറൽ പിണറായിക്കും മറ്റും വേണ്ടി വാദിച്ചത്. ഇ.ഡിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ കേസെടുക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാരിന് വിവേചനാധികാരമുണ്ടെന്നാണ് സർക്കാർ വാദം. എന്നാൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കുകയല്ലാതെ വിജിലൻസിന് മറ്റു മാർഗങ്ങളില്ലെന്ന് വാദി ഭാഗം അഭിഭാഷകനും ഇ.ഡിയുടെ അഭിഭാഷകനും സുപ്രീംകോടതി വിധി ഉദ്ധരിച്ച് ചൂണ്ടിക്കാട്ടി. കോടതി വ്യവഹാരം പരമാവധി നീട്ടിക്കൊണ്ടുപോവുക വഴി അന്വേഷണം നടത്താതിരിക്കുകയെന്ന തന്ത്രമാണ് സർക്കാരും പിണറായി വിജയനും പ്രയോഗിക്കുന്നത്.
ബാർ കോഴക്കേസിൽ ആരോപണ വിധേയനായ ഉമ്മൻചാണ്ടി ലേശമെങ്കിലും ഉളുപ്പുണ്ടെങ്കിൽ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്നാണ് അന്ന് പ്രതിപക്ഷ നേതാവായിരുന്ന പിണറായി വിജയനും സിപിഎമ്മും ആവശ്യപ്പെട്ടിരുന്നത്. ഇക്കാര്യം ഓർമ്മിപ്പിച്ച് മാസപ്പടി കേസിൽ പിണറായി വിജയനും രാജിവയ്ക്കണമെന്ന് എൽഡിഎഫ് ഭരണകാലത്ത് കോൺഗ്രസും യുഡിഎഫും ആവശ്യപ്പെട്ടിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഇതായിരുന്നു മുഖ്യവിഷയം. ഇതേ കോൺഗ്രസും യുഡിഎഫുമാണ് അധികാരം കിട്ടിയപ്പോൾ മലക്കം മറിഞ്ഞ് പിണറായിയെയും കുടുംബത്തെയും രക്ഷിക്കാൻ ശ്രമിക്കുന്നത്. എൽഡിഎഫിന്റെയും യുഡിഎഫിന്റെയും ഈ അവസരവാദവും ഇരട്ടത്താപ്പും അഴിമതിക്കേസുകൾ അട്ടിമറിക്കാനുള്ള ഒത്തുകളിയുമാണ് പകൽ പോലെ വ്യക്തമായിരിക്കുന്നത്. അഴമതിയുടെ കാര്യത്തിലും എൽഡിഎഫും യുഡിഎഫും രണ്ടല്ല, ഒന്നാണെന്ന് ജനങ്ങൾ തിരിച്ചറിയണം.
















