ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ 2026 ഒക്ടോബർ 12-ന് ദുബായിൽ ആരംഭിച്ചു. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. ദുബായ് പോർട്ട്സ് ആൻഡ് ബോർഡേഴ്സ് സെക്യൂരിറ്റി കൗൺസിൽ ചെയർമാൻ ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ഉദ്ഘാടനം ചെയ്തത്.
ദുബായ് വേൾഡ് ട്രേഡ് സെന്‍ററിൽ വെച്ച് നടക്കുന്ന എയർപോർട്ട് ഷോ 2026 ഒക്ടോബർ 12 മുതൽ ഒക്ടോബർ 14 വരെ നീണ്ട് നിൽക്കും. എയർപോർട്ട് വ്യവസായങ്ങൾക്കായി സമർപ്പിച്ചിരിക്കുന്ന മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ദക്ഷിണേഷ്യൻ മേഖലയിലെ ഏറ്റവും വലിയ വാർഷിക പ്രദർശനമാണ് എയർപോർട്ട് ഷോ. 30 രാജ്യങ്ങളിൽ നിന്നുള്ള 150-ൽ പരം അന്താരാഷ്‌ട്ര പ്രദർശകർ ഇത്തവണത്തെ ഈ പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്.
വിമാനത്താവള വികസനം, ഡിജിറ്റൽ പരിവർത്തനം, വ്യോമയാന സുരക്ഷ, സുസ്ഥിരത എന്നീ മേഖലകളിലെ ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങളും നൂതനമായ പരിഹാരങ്ങളും ഈ മേളയിൽ പ്രദർശിപ്പിക്കുന്നുണ്ട്.
















